1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 17, 2016

സ്വന്തം ലേഖകന്‍: സൈന്യം മരിച്ചതായി പ്രഖ്യാപിച്ച ജവാന്‍ ഏഴു വര്‍ഷത്തിനു ശേഷം തിരിച്ചെത്തി, സിനിമയെ വെല്ലുന്ന ധരംവീര്‍ സിങ്. 2009 ല്‍ ഡെറാഡൂണിലുണ്ടായ വാഹനാപകടത്തിലാണ് ധരംവീറിനെ കാണാതായത്. സൈനികവാഹനത്തിന്റെ ഡ്രൈവറായിരുന്ന ധരംവീര്‍ മറ്റ് സൈനികര്‍ക്കൊപ്പം യാത്ര ചെയ്യവേയാണ് അപകടമുണ്ടായത്. സംഭവ സ്ഥലത്ത് തെരച്ചില്‍ നടത്തിയെങ്കിലും ആരുടെയും മൃതദേഹം കണ്ടെത്തനായില്ല. കുറച്ചു ദിവസങ്ങള്‍ക്ക് ശേഷം മറ്റ് സൈനികര്‍ ക്യാമ്പില്‍ തിരിച്ചെത്തി. അപ്പോഴും ധരംവീര്‍ തിരിച്ചെത്തിയില്ല.

ഏറെനാള്‍ അന്വേഷിച്ചിട്ടും ധരംവീറിനെ കണ്ടെത്താനാകാത്തതിനാല്‍ മൂന്നുവര്‍ഷങ്ങള്‍ക്കുശേഷം സൈന്യം അദ്ദേഹത്തെ മരിച്ചതായി പ്രഖ്യാപിച്ചു. കുടുംബത്തിന് പെന്‍ഷന്‍ നല്‍കുകയും ചെയ്തു. ഭാര്യയും രണ്ട് മക്കളും അടങ്ങുന്നതാണ് ധരംവീറിന്റെ കുടുംബം.

കഴിഞ്ഞ ദിവസം അര്‍ധരാത്രിയില്‍ കതകില്‍ ആരോ മുട്ടുന്നതോടെ കഥയുടെ രണ്ടാം ഭാഗം തുടങ്ങുന്നത്. കതക് തുറന്ന പിതാവ് കണ്ടത് ജീവനോടെ മുന്നില്‍ നില്‍ക്കുന്ന ധരംവീറിനെയാണ്. അപകടത്തിനു ശേഷമുണ്ടായ നാളുകളെക്കുറിച്ച് ധരംവീര്‍ പറയുന്നത് ഇപ്രകാരമാണ്.

അപകടത്തിന് ശേഷം ഓര്‍മ നഷ്ടപ്പെട്ട ധരം വീര്‍ ഹരിദ്വാറില്‍ ഒരു തെരുവില്‍ ഭിക്ഷയെടുക്കുകയായിരുന്നു. അവിടെ വെച്ച് കഴിഞ്ഞ ആഴ്ച ഒരു ബൈക്ക് വന്നിടിച്ചു. ബൈക്ക് യാത്രക്കാരന്‍ ഉടന്‍തന്നെ ആശുപത്രിയില്‍ എത്തിച്ചു. അവിടെവച്ചാണ് ഓര്‍മ തിരിച്ചുകിട്ടിയത്. ബൈക്ക് യാത്രക്കാരന്‍ തന്ന 500 രൂപ കൊണ്ട് ഹരിദ്വാറില്‍നിന്നും ഡല്‍ഹിക്ക് ടിക്കറ്റെടുത്തു. അവിടെനിന്നും വീട്ടിലെത്തി.

ഏഴു വര്‍ഷങ്ങള്‍ വരുത്തിയ മാറ്റം കണ്ട് അന്തംവിട്ടിരിപ്പാണ് ധരംവീര്‍. മൂത്ത കുട്ടി പന്ത്രണ്ടാം ക്‌ളാസിലും രണ്ടാമത്തെ കുട്ടി പത്താം ക്ലാസിലും എത്തിയിരിക്കുന്നു. അവരെല്ലാം തന്നെ തിരിച്ചറിയുന്നത് സന്തോഷം തരുന്നുവെന്ന് ധരംസിങ് പറയുന്നു. തന്നെ ഇടിച്ചിട്ടുകയും അതുവഴി ജീവിതം തിരിച്ചു നല്‍കുകയും ചെയ്ത ബൈക്ക് യാത്രക്കാരനോട് നന്ദി പറഞ്ഞ് രണ്ടാം ജന്മം തുടങ്ങുകയാണ് ധരംവീര്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.