1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 18, 2017

അലക്‌സ് വര്‍ഗീസ് (മാഞ്ചസ്റ്റര്‍): മാഞ്ചസ്റ്ററിലെ മലയാളി സമൂഹം തങ്ങളുടെ പാരമ്പര്യവും വിശ്വാസവും പിന്തുടര്‍ന്ന് ഉയിര്‍പ്പ് തിരുനാള്‍ ഭക്തിപൂര്‍വ്വം ആഘോഷിച്ചു. വിഥിന്‍ഷോ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഉയിര്‍പ്പ് തിരുനാളിന്റെ തിരുക്കര്‍മ്മങ്ങള്‍ക്ക് ഷ്രൂസ്ബറി രൂപതാ സീറോ മലബാര്‍ ചാപ്ലയിന്‍ റവ.ഡോ.ലോനപ്പന്‍ അറങ്ങാശ്ശേരി ശുശ്രൂഷകള്‍ക്ക് മുഖ്യ കാര്‍മ്മികനായിരുന്നു. മാതാവിന്റെ ഗ്രോട്ടോയുടെ മുന്നില്‍ ഉയിര്‍പ്പ് തിരുനാളിന്റെ ശുശ്രൂഷകള്‍ ആരംഭിച്ചു. പുതുവെള്ളം വെഞ്ചിരിച്ച്, തുടര്‍ന്ന് ദേവാലയത്തിനുള്ളിലേക്ക് പ്രദക്ഷിണമായി പ്രവേശിച്ചു. യേശുവിന്റെ ഉയിര്‍പ്പ് ശുശ്രൂഷകള്‍ക്ക് ശേഷം സീറോ മലബാര്‍ സഭയുടെ ഉയിര്‍പ്പ് തിരുക്കര്‍മ്മങ്ങളിലെ പ്രത്യേക ശുശ്രൂഷയായ ‘സമാധാന ശുശ്രൂഷ’.

ദേവാലയ മദ്ധ്യത്തില്‍ പ്രത്യേകം ക്രമീകരിച്ച പീഠത്തില്‍ വി.ശ്ലീഹാ നാല് തിരികളടെ മദ്ധ്യേ എഴുന്നെള്ളിച്ച് വച്ചു കൊണ്ടുള്ള പ്രാര്‍ത്ഥനകളും അവസാനം എല്ലാവരും പരസ്പരം സമാധാനം കൈമാറുന്നതുമാണ് സമാധാന ശുശ്രൂഷ. തുടര്‍ന്ന് ദിവ്യബലിയും, സ്ലീവാ ചുംബനവും ഉണ്ടായിരുന്നു. എല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് വികാരിയച്ചന്‍ ഈസ്റ്റര്‍ എഗ്ഗ് വിതരണം ചെയ്തു. ട്രസ്റ്റിമാരായ ബിജു ആന്റണി, സുനില്‍ കോച്ചേരി, ട്വിങ്കിള്‍ ഈപ്പന്‍ തുടങ്ങിയവര്‍ എല്ലാ ക്രമീകരണങ്ങള്‍ക്കും നേത്യത്വം കൊടുത്തു.

ഷ്രൂസ്ബറി രൂപതാ ക്‌നാനായ ചാപ്ലിയന്‍ സിയുടെ സെന്റ് എലിസബത്ത് ദേവാലയത്തില്‍ നടന്ന ഉയിര്‍പ്പ് തിരുനാള്‍ ശുശ്രൂഷകര്‍ക്ക് മോണ്‍സിഞ്ഞോര്‍ സജി മലയില്‍ പുത്തന്‍പുരയില്‍ മുഖ്യകാര്‍മികനായിരുന്നു. പ്രത്യേകം തയ്യാറാക്കിയ കല്ലറയില്‍ യേശു ഉയിര്‍ത്തെഴുന്നേല്‍ക്കുന്നതിന്റെ ദൃശ്യാവിഷ്‌കാരം പരമ്പരാഗത രീതിയില്‍ തന്നെ ക്രമീകരിച്ചിരുന്നു. ശുശ്രൂഷകള്‍ക്കും, ദിവ്യബലിക്കും ശേഷം ഇടവകാംഗങ്ങള്‍ക്കെല്ലാവര്‍ക്കും ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്നു കൊണ്ട് സജിയച്ചന്‍ ഈസ്റ്റര്‍ എഗ്ഗ് വിതരണം ചെയ്തു.

മാഞ്ചസ്റ്റര്‍ വിഥിന്‍ഷോ സെന്റ് എയ്ഡന്‍സ് ദേവാലയത്തില്‍ നടന്ന സീറോ മലങ്കര സഭയുടെ ഉയിര്‍പ്പിന്റെ തിരുക്കര്‍മ്മകള്‍ക്ക് റവ.ഫാ.രഞ്ജിത്ത് മഠത്തിപ്പറമ്പില്‍ മുഖ്യകാര്‍മ്മികനായിരുന്നു. തിരുക്കര്‍മ്മങ്ങള്‍ക്ക് ശേഷം ഈസ്റ്റര്‍ എഗ്ഗ് വിതരണവും, സ്‌നേഹവിരുന്നും ഉണ്ടായിരുന്നു. പരസ്പരം ഈസ്റ്റര്‍ ആശംസകള്‍ പങ്കുവച്ചു കൊണ്ട് ശുശ്രൂഷകള്‍ സമാപിച്ചു.

സെന്‍ട്രല്‍ മാഞ്ചസ്റ്റര്‍ സീറോ മലബാര്‍ കമ്യൂണിറ്റിയുടെ ഉയിര്‍പ്പ് തിരുനാള്‍ തിരുക്കര്‍മ്മകള്‍ക്ക് റവ.ഫാ.റോബിന്‍സണ്‍ മെല്‍ക്കിസ്, റവ.ഫാ.ജോര്‍ജ് ചീരാംകുഴി എന്നിവര്‍ കാര്‍മികരായിരുന്നു. ഉയിര്‍പ്പിന്റെ ശുശ്രൂഷകളിലും, ദിവ്യബലിയിലും നൂറ് കണക്കിനാളുകള്‍ ഭക്തിപൂര്‍വ്വം പങ്കു ചേര്‍ന്നു. ട്രസ്റ്റിമാരായ ഹാന്‍സ് ജോസഫ്, വര്‍ഗ്ഗീസ് എന്നിവര്‍ ശുശ്രൂഷകള്‍ക്ക് മേല്‍നോട്ടം വഹിച്ചു.

സെയില്‍ സെന്റ്. ഫ്രാന്‍സീസ് ദേവാലയത്തില്‍ സെന്റ്.മേരീസ് യാക്കോബായ സിറിയന്‍ ഓര്‍ത്തഡോക്‌സ് കമ്യൂണിറ്റിയുടെ ഈസ്റ്റര്‍ ദിന ശുശ്രൂഷകള്‍ക്ക് റവ.ഫാ പീറ്റര്‍ കുര്യാക്കോസ് നേതൃത്വം നല്കി.ദിവ്യബലിക്കുo ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ക്കും ശേഷം സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

സെന്റ്.ജോര്‍ജ് ക്‌നാനായ ദേവാലയത്തില്‍ നടന്ന ഉയിര്‍പ്പിന്റെ ശുശ്രൂഷകള്‍ക്ക് ഫാ.സജി എബ്രഹാം കൊച്ചേത്ത് മുഖ്യ കര്‍മികത്വം വഹിച്ചു.ഭക്ത ജനങ്ങള്‍ പ്രദക്ഷിണമായി ദേവാലയത്തിന് വലയം വച്ചു. ദിവ്യബലിക്ക് ശേഷം ഈസ്റ്റര്‍ ആശംസകള്‍ നേര്‍ന്ന് കൊണ്ട് വികാരി എല്ലാവര്‍ക്കും ഈസ്റ്റര്‍ എഗ്ഗ് വിതരണം ചെയ്തു. തുടര്‍ന്ന് വിഭവ സമൃദ്ധമായ ഈസ്റ്റര്‍ സദ്യയുമുണ്ടായിരുന്നു.

സെന്റ്.ജോര്‍ജ് ഇന്‍ഡ്യന്‍ ഓര്‍ത്തഡോക്‌സ് ചര്‍ച്ചില്‍ ഉയിര്‍പ്പ് പെരുന്നാള്‍ ശുശ്രൂഷകള്‍ക്ക് റവ.ഫാ.വര്‍ഗ്ഗീസ് മാത്യു കാര്‍മികത്വം വഹിച്ചു ശുശ്രൂഷകള്‍ക്ക് ശേഷം പ്രദക്ഷിണവും. സ്‌നേഹവിരുന്നും ഉണ്ടായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.