1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 28, 2016

സ്വന്തം ലേഖകന്‍: സ്‌പെയിനില്‍ ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷമില്ല, തൂക്കു മന്ത്രിസഭക്ക് സാധ്യത. കഴിഞ്ഞ ആറു മാസത്തിനിടെ രണ്ടാം തവണ നടന്ന തെരഞ്ഞെടുപ്പിനും ഒരു പാര്‍ട്ടിക്കും കേവല ഭൂരിപക്ഷം നേടാനാവാത്തത് രാജ്യത്ത് രാഷ്ട്രീയ അനിശ്ചിതത്വത്തിനും വഴിതെളിച്ചു. കെയര്‍ടേകര്‍ പ്രധാനമന്ത്രി മരിയാനൊ രജോയിയുടെ പോപുലര്‍ പാര്‍ട്ടിക്ക് 137 സീറ്റുകള്‍ ലഭിച്ചു. 350 അംഗ പാര്‍ലമെന്റില്‍ കേവല ഭൂരിപക്ഷത്തിന് 176 സീറ്റുകള്‍ വേണം.

എന്നാല്‍, തങ്ങള്‍ തെരഞ്ഞെടുപ്പില്‍ വിജയിച്ചതായും തങ്ങള്‍ക്ക് സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ അവകാശമുണ്ടെന്നും മരിയാനൊ രജോയി പറഞ്ഞു. സങ്കീര്‍ണവും ബുദ്ധിമുട്ടേറിയതുമായ ഘട്ടമാണിതെന്നും എങ്കിലും സ്‌പെയിനിനു വേണ്ടി വെല്ലുവിളി ഏറ്റെടുക്കുമെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു. 85 സീറ്റ് നേടി സോഷ്യലിസ്റ്റ് പാര്‍ട്ടി രണ്ടാം സ്ഥാനം നിലനിര്‍ത്തി. ഇടതുസഖ്യമായ യുനിദോസ പോദമോസ് 71 സീറ്റും സിറ്റിസണ്‍ പാര്‍ട്ടി 32 സീറ്റും നേടി. സോഷ്യലിസ്റ്റുകളെ പിന്തള്ളി ഇടതു സഖ്യം രണ്ടാമത് എത്തുമെന്നായിരുന്നു എക്‌സിറ്റ് പോള്‍ ഫലങ്ങള്‍.

കഴിഞ്ഞ ഡിസംബറില്‍ നടന്ന തെരഞ്ഞെടുപ്പില്‍ ആര്‍ക്കും കേവലഭൂരിപക്ഷം ലഭിക്കാത്തതിനെ തുടര്‍ന്നാണ് രാജ്യത്ത് വീണ്ടും തെരഞ്ഞെടുപ്പ് വേണ്ടിവന്നത്. കൂട്ടുകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കുന്നതിന് രാജ്യത്തെ നാലു പ്രധാന പാര്‍ട്ടികള്‍ക്ക് ധാരണയിലത്തൊനായിരുന്നില്ല. കണ്‍സര്‍വേറ്റിവ് പോപുലര്‍ പാര്‍ട്ടിയുടെ നേതൃത്വത്തില്‍ സഖ്യകക്ഷി സര്‍ക്കാര്‍ രൂപവത്കരിക്കാനുള്ള മരിയാനൊ രജോയിയുടെ ശ്രമവും പരാജയപ്പെടുകയായിരുന്നു.

കഴിഞ്ഞ മൂന്നു പതിറ്റാണ്ടായി രാജ്യം ഭരിച്ചിരുന്ന കക്ഷികളാണ് പോപുലര്‍ പാര്‍ട്ടിയും സോഷ്യലിസ്റ്റുകളും. അഴിമതി ആരോപണം പോപുലര്‍ പാര്‍ട്ടിയുടെ പ്രതിച്ഛായ തകര്‍ത്തിരുന്നു. രജോയിക്കോ പോപുലര്‍ പാര്‍ട്ടിക്കോ പിന്തുണ നല്‍കില്ലെന്ന് സോഷ്യലിസ്റ്റുകള്‍ വ്യക്തമാക്കിയിരുന്നു. ഇതിനെ തുടര്‍ന്നാണ് രാജ്യത്ത് ഭരണ പ്രതിസന്ധി രൂക്ഷമായത്.

തൂക്കുസഭക്കുള്ള സാധ്യതകളാണ് രാജ്യത്തെ രാഷ്ട്രീയ അനിശ്ചിതത്വത്തിന് പരിഹാരമായി പ്രമുഖ കക്ഷികള്‍ തേടുന്നത്. കഴിഞ്ഞ പ്രാവശ്യം തൂക്കുസഭാ ശ്രമങ്ങള്‍ പരാജയപ്പെട്ടതിനാല്‍ ഇത് കൂടുതല്‍ പ്രതിസന്ധിയിലേക്ക് നയിക്കാനും സാധ്യതയുണ്ട്. അഴിമതി ആരോപണങ്ങള്‍ നേരിടുന്ന പോപുലര്‍ പാര്‍ട്ടിയുമായി സഖ്യത്തിനില്ലെന്ന് ഇടത്‌സോഷ്യലിസ്റ്റ് പാര്‍ട്ടികള്‍ വ്യക്തമാക്കിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.