1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 17, 2019

സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ പ്രസിഡന്റായി ഗോതാബായ രാജപക്സെയെ തിരഞ്ഞെടുത്തു. മുന്‍ പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനും മുന്‍ പ്രതിരോധ സെക്രട്ടറിയും കൂടിയായ ഗോതാബായ രാജപക്സെ 48.2 ശതമാനം വോട്ടുകള്‍ നേടിയാണ് തിരഞ്ഞെടുപ്പില്‍ വിജയിച്ചത്. ശ്രീലങ്ക പൊതുജന പെരമുന പാര്‍ട്ടിയുടെ സ്ഥാനാര്‍ത്ഥിയായിരുന്നു ഗോതാബായ.

മുഖ്യ എതിരാളിയായ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയുടെ (യു.പി.ഐ.) സജിത്ത് പ്രേമദാസ 45.3 ശതമാനം വോട്ടുകള്‍ നേടി രണ്ടാം സ്ഥാനത്തായി. ഇടതുപക്ഷ പാര്‍ട്ടിയുടെ സ്ഥാനാര്‍ഥിയായ അണുര കുമാര ദിസ്സനായകെയാണ് മൂന്നാം സ്ഥാനത്തുള്ളത്. അന്തിമ വിധി ഔദ്യോഗികമായി പ്രഖ്യാപിച്ചിട്ടില്ലാത്തതിനാല്‍ വോട്ട് ശതമാനത്തില്‍ നേരിയ വ്യത്യാസമുണ്ടാകും. താന്‍ തോല്‍വി സമ്മതിച്ചതായി പ്രേമദാസ അറിയിച്ചു.

ശ്രീലങ്കന്‍ ആഭ്യന്തരയുദ്ധക്കാലത്താണ് ഗോതാബായ പ്രതിരോധ സെക്രട്ടറിയായിരുന്നത് . മഹിന്ദ രാജപക്സെയ്ക്കൊപ്പം തമിഴ് പുലികളെ തകര്‍ത്ത് 26 വര്‍ഷം നീണ്ട ആഭ്യന്തരയുദ്ധം അവസാനിപ്പിച്ചതില്‍ ഗോതാബായ വലിയ പങ്കുവഹിച്ചിട്ടുണ്ട്. ഇത് രാജ്യത്തെ ഭൂരിപക്ഷമായ സിംഹള ബുദ്ധിസ്റ്റുകള്‍ക്കിടയില്‍ ഗോതാബായയ്ക്ക് താരപരിവേഷം നല്‍കുന്നു. അധികാരത്തിലെത്തിയാല്‍ ഭീകരവാദത്തിനെതിരേ പൊരുതുമെന്നും ആഭ്യന്തരസുരക്ഷ ഏറ്റവും പ്രാധാന്യമുള്ള വിഷയമാക്കുമെന്നും ഗോതാബായ പ്രഖ്യാപിച്ചിട്ടുമുണ്ട്.

മുന്‍ പ്രസിഡന്റ് രണസിംഗെ പ്രേമദാസയുടെ മകനാണ് നിലവില്‍ വിക്രമസിംഗെ മന്ത്രിസഭയില്‍ ഭവനവകുപ്പ് മന്ത്രിയായ സജിത്ത് പ്രേമദാസ. ഗോതാബായയുടെ വരവ് ഭീതിയോടെ കാണുന്നതിനാല്‍ ന്യൂനപക്ഷങ്ങളുടെ പിന്തുണ സജിത്തിനായിരുന്നു. രാജ്യത്തെ തമിഴ് വംശജരെ പ്രതിനിധീകരിക്കുന്ന ഏറ്റവും വലിയ പാര്‍ട്ടിയായ തമിഴ് ദേശീയ സഖ്യം സജിത്തിന് പിന്തുണ പ്രഖ്യാപിച്ചിരുന്നു.

രാജ്യത്തെ ജനസംഖ്യയില്‍ 12.6 ശതമാനമാണ് തമിഴ് വംശജര്‍. മുസ്ലിം സമുദായം 9.7 ശതമാനവും. അതേസമയം, ഏപ്രിലില്‍ നടന്ന ഭീകരാക്രമണം തടയാന്‍ സജിത്ത് പ്രേമദാസയുടെ സര്‍ക്കാരിനു കഴിഞ്ഞിട്ടില്ലെന്ന് ആരോപണം ഗോതാബായ പ്രചാരണ സമയത്ത് സമർഥമായി പ്രയോഗിക്കുകയും ചെയ്തിരുന്നു. ചൈനയോട് ചായ്‌വുള്ള ഗോതാബായയുടെ വിജയം ആശങ്കയോടെയാണ് ഇന്ത്യ കാണുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.