1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 7, 2020

സ്വന്തം ലേഖകൻ: ശ്രീലങ്കന്‍ പാര്‍ലമെന്റ് തിരഞ്ഞെടുപ്പില്‍ രാജപക്‌സെ കുടുംബം നയിക്കുന്ന ശ്രീലങ്കന്‍ പീപ്പിള്‍സ് പാര്‍ട്ടി (എസ്.എല്‍.പി.പി.) മികച്ച ഭൂരിപക്ഷത്തോടെ വിജയിച്ചു. എസ്.എല്‍.പി.പി. വിജയിച്ചതായി ശ്രീലങ്കന്‍ പ്രസിഡന്റ് ഗോതാബയ രാജപക്‌സെ പ്രഖ്യാപിച്ചു. ഗോതാബയ രാജപക്‌സെയുടെ സഹോദരനും കാവല്‍ പ്രധാനമന്ത്രിയുമായ മഹിന്ദ രാജപക്‌സെ ഇതോടെ പദവിയില്‍ ഔദ്യോഗികമായി തുടരും.

225-ല്‍ 145 സീറ്റുകള്‍ നേടി മൂന്നില്‍ രണ്ട് ഭൂരിപക്ഷത്തോടെയാണ് എസ്.എല്‍.പി.പി. അധികാരത്തിലേറുന്നത്. ഇവരുടെ സഖ്യകക്ഷികള്‍ക്കും അഞ്ചു സീറ്റുകള്‍ ലഭിച്ചിട്ടുണ്ട്. രണ്ടു പതിറ്റാണ്ടുകളായി രാജപക്‌സെ കുടുംബം ശ്രീലങ്കന്‍ രാഷ്ട്രീയത്തില്‍ വ്യക്തമായ ആധിപത്യം പുലര്‍ത്തി വരുന്നുണ്ട്. 2005 മുതല്‍ 2015 വരെ മഹീന്ദ രാജപക്‌സെ ആയിരുന്നു പ്രസിഡന്റ്.

മുന്‍ പ്രധാനമന്ത്രി റെനില്‍ വിക്രമസിംഗെയുടെ യുണൈറ്റഡ് നാഷണല്‍ പാര്‍ട്ടിയെ (യു.എന്‍.പി.)ക്കാണ് ഏറ്റവുമധികം തിരിച്ചടി നേരിട്ടത്. ഒറ്റ സീറ്റില്‍ മാത്രമാണ് യുഎന്‍പിക്ക് വിജയിക്കാനായത്. യുഎന്‍പി. പിളര്‍ത്തി മുന്‍ പ്രസിഡന്റ് സ്ഥാനാര്‍ഥികൂടിയായിരുന്ന സജിത് പ്രേമദാസ രൂപവത്കരിച്ച സമാഗി ജന ബലവേഗയാണ് (എസ്.ജെ.ബി).രണ്ടാം സ്ഥാനത്തുള്ളത്. ഇവര്‍ക്ക് 54 സീറ്റുകള്‍ ലഭിച്ചു.

ന്യൂനപക്ഷ മേഖലകളില്‍ തമിഴ്‌ ദേശീയ സഖ്യത്തിനും തിരിച്ചടി നേരിട്ടു. 10 സീറ്റുകള്‍ മാത്രമാണ് തമിഴ് പാര്‍ട്ടികള്‍ക്ക് നേടാനായത്. ശ്രീലങ്കന്‍ തിരഞ്ഞെടുപ്പിലെ വിജയത്തില്‍ പ്രധാനമന്ത്രി നരേന്ദ്ര മോദി മഹീന്ദ രാജപക്‌സയെ അഭിനന്ദിച്ചു. മോദിയുമായി അടുത്ത് പ്രവര്‍ത്തിക്കാന്‍ ആഗ്രഹിക്കുന്നു. ഇരു രാജ്യങ്ങളും സുഹൃത്തുക്കളും ബന്ധുക്കളുമാണെന്നും മഹീന്ദ രാജപക്‌സെ മറുപടി നല്‍കി.

പുതിയ സര്‍ക്കാര്‍ രൂപവത്കരിക്കാന്‍ പാര്‍ട്ടി തയ്യാറെടുക്കുകയാണെന്ന് എസ്.എല്‍.പി.പി. സ്ഥാപകനും ദേശീയ സംഘാടകനുമായ ബേസില്‍ രാജപക്‌സെ പറഞ്ഞു. പ്രസിഡന്റ് ഗോതാബയ രാജപക്‌സെയുടെയും പ്രധാനമന്ത്രി മഹിന്ദ രാജപക്‌സെയുടെയും സഹോദരനാണ് ബേസില്‍.

പ്രസിഡന്റ് ഗോതാബയ രാജപക്‌സെ ലക്ഷമിട്ടത് പോലെ തന്നെ മൂന്നില്‍ രണ്ട് ഭൂരിപക്ഷം തന്റെ പാര്‍ട്ടിക്ക് ലഭിച്ചിരിക്കുന്നു. അത്രയും ഭൂരിപക്ഷമുണ്ടെങ്കിലേ 2015-ല്‍ ഭരണഘടനാ ഭേദഗതിയിലൂടെ തടഞ്ഞ പ്രസിഡന്റിന്റെ അധികാരങ്ങള്‍ അദ്ദേഹത്തിന് പുനസ്ഥാപിക്കാൻ കഴിയൂ. തിരഞ്ഞെടുപ്പ് വിജയത്തോടെ ഈ ലക്ഷ്യം അദ്ദേഹത്തിന് എളുപ്പത്തില്‍ നേടാമെന്നാണ് വിലയിരുത്തൽ.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.