1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 17, 2015

യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാര്‍, മിഡ്‌വൈഫുമാര്‍, ഡന്റിസ്റ്റുകള്‍ എന്നിവര്‍ക്ക് ഇംഗ്ലീഷ് ഭാഷാ പരിശോധന നിര്‍ബന്ധമാക്കി. എന്‍എച്ച്എസ് ട്രസ്റ്റുകളില്‍ നിന്ന് യുകെയില്‍ പ്രാക്ടീസ് ചെയ്യാനുള്ള ലൈസന്‍സുകള്‍ ലഭിക്കുന്നതിന് മുമ്പ് ഈ വിദേശ തൊഴിലാളികള്‍ ഈ ടെസ്റ്റുകള്‍ പാസാകേണ്ടതുണ്ട്.

എന്‍എച്ച്എസില്‍ നിയമനം ലഭിക്കുന്ന യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള ഡോക്ടര്‍മാര്‍ക്ക് ഇംഗ്ലീഷ് ഭാഷാ ടെസ്റ്റ് നിര്‍ബന്ധമാക്കികൊണ്ട് കഴിഞ്ഞ വര്‍ഷം നിയമം കൊണ്ടുവന്നിരുന്നു. തുടര്‍ന്ന് 429 വിദേശ ഡോക്ടര്‍മാര്‍ക്ക് കഴിഞ്ഞ വര്‍ഷം ഇംഗ്ലീഷ് ഭാഷാ പരിജ്ഞാനം പോരെന്ന കാരണത്താല്‍ നിയമനം നിഷേധിക്കപ്പെട്ടിരുന്നു.

ഇതുവരെ യൂറോപ്യന്‍ യൂണിയനു പുറത്തു നിന്നുള്ള നഴ്‌സുമാര്‍ക്കു മാത്രമേ ഇംഗ്ലീഷ് ടെസ്റ്റുകള്‍ നിര്‍ബന്ധമായിരുന്നുള്ളു. എന്നാല്‍ പുതിയ നിയമം പ്രാബല്യത്തിലാകുന്നതോടെ യൂറോപ്യന്‍ രാജ്യങ്ങളില്‍ നിന്നുള്ള നഴ്‌സുമാര്‍ക്കും ടെസ്റ്റുകള്‍ ബാധകമാവും.

രോഗികള്‍ക്ക് കൂടുതല്‍ സുരക്ഷ ഉറപ്പാക്കാനാണ് പുതിയ നടപടിയെന്ന് ആരോഗ്യമന്ത്രി ഡാന്‍ പൗള്‍ട്ടര്‍ അറിയിച്ചു. ലോകത്തെ മിക്ക രാജ്യങ്ങളില്‍ നിന്നും നഴ്‌സുമാരും ഡോക്ടര്‍മാരും മറ്റു ആരോഗ്യ വിദഗ്ദരും എന്‍എച്ച്എസില്‍ സേവനം അനുഷ്ഠിക്കാന്‍ എത്തുന്നുണ്ട്. എന്നാല്‍ രോഗികളുമായി നല്ല രീതിയില്‍ ആശയവിനിമയം നടത്തുന്നു എന്ന് ഉറപ്പു വരുത്തേണ്ടത് സേവനങ്ങളുടെ കാര്യക്ഷമത നിലനിര്‍ത്താന്‍ അത്യാവശ്യമാണ്, പൗള്‍ട്ടര്‍ വ്യക്തമാക്കി.

നഴ്‌സുമാരും മിഡ്‌വൈഫുകളുമടക്കം 985,262 വിദേശ തൊഴിലാളികളാണ് എന്‍എച്ച്എസ് രജിസ്റ്ററിലുള്ളത്. ഡോക്ടര്‍മാരുടെ ഇംഗ്ലീഷ് പരിജ്ഞാനത്തെ കുറിച്ച് രോഗികളുടെ പരാതി കൂടി വരുന്ന സാഹചര്യത്തിലാണ് പുതിയ നടപടി. 2008 ല്‍ ജര്‍മ്മന്‍ ഡോക്ടറായ ഡോ ഡാനിയേല്‍ ഉബാനി ഭാഷാ പ്രശ്‌നം മൂലം മരുന്നു മാറി നല്‍കിയതിനെ തുടര്‍ന്ന് രോഗി മരിച്ചിരുന്നു.

2011 ലാകട്ടെ ഡോക്ടര്‍മാരുടെ മോശം ഇംഗ്ലീഷിനെ കുറിച്ച് 66 പരാതികളാണ് എന്‍എച്ച്എസിനു മുന്നിലെത്തിയത്. എല്ലാം തന്നെ ഡോക്ടര്‍മാരുടെ മോശം ഇംഗ്ലീഷ് പരിജ്ഞാനം കാരണം തങ്ങള്‍ക്ക് ശരിയായ ചികിത്സ ലഭിച്ചില്ല എന്നായിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.