1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 23, 2017

സ്വന്തം ലേഖകന്‍: രാജ്യത്ത് മുത്തലാഖ് ആറു മാസത്തേക്ക് നിരോധിച്ചു, ഭരണഘടനാ വിരുദ്ധമെന്ന് സുപ്രീം കോടതി ഭരണഘടനാ ബെഞ്ചിന്റെ നിര്‍ണായക വിധി. മുത്തലാഖ് വഴിയുള്ള വിവാഹമോചനം ആറു മാസത്തേക്ക് നിരോധിച്ച കോടതി, ആറുമാസത്തിനകം നിയമ നിര്‍മാണം നടത്താന്‍ കേന്ദ്രസര്‍ക്കാരിന് നിര്‍ദേശം നല്‍കി.

നിയമം പാസാക്കിയില്ലെങ്കില്‍ സുപ്രീം കോടതി വിലക്ക് തുടരും. കേന്ദ്ര നിയമം ശരിഅത്ത് വ്യവസ്ഥകള്‍ പരിഗണിച്ചുവേണമെന്നും കോടതി ഉത്തരവിലുണ്ട്. ചീഫ് ജസ്റ്റിസ് ജെ.എസ്. കേഹാര്‍ അധ്യക്ഷനായ അഞ്ചംഗ ഭരണഘടനാ ബെഞ്ചിന്റേതാണു വിധി. തീരുമാനത്തില്‍ ഭിന്നത ഉണ്ടായതിനാല്‍ മുത്തലാഖിനെ എതിര്‍ത്ത ഭൂരിപക്ഷത്തിന്റെ നിലപാടനുസരിച്ചാണ് വിധി.

അഞ്ചംഗ ബെഞ്ചിലെ ജസ്റ്റിസുമാരായ റോഹിന്റണ്‍ ഫാലി നരിമാന്‍, കുര്യന്‍ ജോസഫ്, യു.യു. ലളിത് എന്നിവരാണ് മുത്തലാഖ് ഭരണാഘടനാ വിരുദ്ധമെന്ന നിലപാട് സ്വീകരിച്ച് നിരോധിക്കണമെന്ന് അഭിപ്രായപ്പെട്ടു. എന്നാല്‍ ജസ്റ്റിസുമാരായ ജെ.എസ്. കേഹാറും എസ്. അബ്ദുല്‍ നസീറും മുത്തലാഖ് നിയമവിരുദ്ധമാണെന്നു പ്രഖ്യാപിക്കാനാകില്ലെന്ന നിലപാടാണ് എടുത്തുത്.

മുത്തലാഖ് ആയിരം വര്‍ഷത്തിലധികമായി സുന്നി വിഭാഗത്തിന്റെ ഭാഗമാണെന്ന് ചീഫ് ജസ്റ്റിസ് കെ.എസ്. കേഹാര്‍ അഭിപ്രായപ്പെട്ടു. മുസ്!ലിം രാജ്യങ്ങളിലെ മുത്തലാഖ് നിരോധനം ചൂണ്ടിക്കാട്ടിയ സുപ്രീം കോടതി അവര്‍ക്ക് നിരോധിക്കാമെങ്കില്‍ ഇന്ത്യയ്ക്ക് ആയിക്കൂടേ എന്നും ആരാഞ്ഞു. മുത്തലാഖ്, നിക്കാഹ് ഹലാല എന്നിവയ്‌ക്കെതിരെ സ്വമേധയ എടുത്തതുള്‍പ്പെടെ ഏഴ് ഹര്‍ജികളിന്മേല്‍ വാദം കേട്ടാണ് സുപ്രീം കോടതി നിര്‍ണായക വിധി പുറപ്പെടുവിച്ചത്.

15 വര്‍ഷത്തെ വിവാഹ ബന്ധം ഭര്‍ത്താവ് ഫോണിലൂടെ മുത്തലാഖ് ചൊല്ലി അവസാനിപ്പിച്ച ഉത്തര്‍പ്രദേശില്‍ നിന്നുള്ള സൈറ ബാനു, കത്തു വഴി മൊഴിചൊല്ലപ്പെട്ട അഫ്രീന്‍ റഹ്മാന്‍, മുദ്ര പത്രത്തിലൂടെ മൊഴി ചൊല്ലപ്പെട്ട ഗുല്‍ഷന്‍പര്‍വീണ്‍, ഫോണിലൂടെ മോഴി ചൊല്ലപ്പെട്ട ഇസ്രത് ജഹാന്‍, സ്പീഡ് പോസ്റ്റിലൂടെ മൊഴി ചൊല്ലപ്പെട്ട അതിയ സാബ്‌റി എന്നിവരുടെ ഹര്‍ജികളാണ് നിര്‍ണായക വിധിയിലേക്കുള്ള വഴി തുറന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.