1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 31, 2016

സ്വന്തം ലേഖകന്‍: ജനീവയിലെ ഐക്രരാഷ്ട്ര സഭയുടെ ചര്‍ച്ചാ മേശയില്‍ ഊഞ്ഞാലാടി സിറിയയുടെ ഭാവി. ആഭ്യന്തര യുദ്ധം നിലംപരിശാക്കിയ സിറിയയില്‍ സമാധാനം പുനഃസ്ഥാപിക്കാനായി ഐക്യരാഷ്ട്രസഭയുടെ നേതൃത്വത്തില്‍ ജനീവയില്‍ സമാധാനചര്‍ച്ച പുരോഗമിക്കുമ്പോള്‍ പ്രാര്‍ഥനയോടെ കാത്തിരിക്കുകയാണ് ലോകമെമ്പാടുമുള്ള സിറിയന്‍ അഭയാര്‍ഥികള്‍.

സിറിയയിലെ പ്രതിപക്ഷ സംഘടനകളും ചര്‍ച്ചയില്‍ പങ്കെടുക്കാന്‍ ശനിയാഴ്ച ജനീവയില്‍ എത്തി. സൌദി അറേബ്യയുടെ പിന്തുണയുള്ള സിറിയയിലെ വിമതകലാപകാരികളുടെ പ്രതിനിധികളാണ് ചര്‍ച്ചയ്ക്ക് എത്തിയത്. വിമതകലാപകാരികള്‍ ആദ്യമായാണ് ചര്‍ച്ചയ്ക്ക് തയ്യാറായത്.എന്നാല്‍, സമാധനചര്‍ച്ചയ്ക്ക് അല്ല, മറിച്ച് യുഎന്‍ പ്രതിനിധികളുമായി ചര്‍ച്ച നടത്താനാണ് ജനീവയിലേക്ക് പോകുന്നതെന്ന് വിമതകലാപകാരികളുടെ സംഘടന ട്വിറ്ററില്‍ കുറിച്ചു. ചര്‍ച്ചയിലൂടെ സിറിയില്‍ സമാധാനം പുനഃസ്ഥാപിക്കാന്‍ വിമതകലാപകാരികള്‍ക്ക് താല്‍പ്പര്യമില്ലെന്ന് സൂചിപ്പിക്കുന്നതാണ് പ്രതികരണം.

സിറിയന്‍ പ്രസിഡന്റ് ബാഷര്‍ അല്‍ അസദിനെ പ്രതിനിധാനംചെയ്ത് 16 അംഗ സിറിയന്‍ സംഘമാണ് ചര്‍ച്ചയില്‍ പങ്കെടുക്കുന്നത്. യുഎന്‍ പ്രത്യേക ദൂതന്‍ സ്റ്റെഫാന്‍ ഡെ മിസ്തുരയുമായി സിറിയന്‍ സര്‍ക്കാര്‍ പ്രതിനിധികള്‍ വെള്ളിയാഴ്ച മൂന്നുമണിക്കൂര്‍ ചര്‍ച്ച നടത്തി. സമാധാന ചര്‍ച്ചയില്‍ പങ്കുചേരാന്‍ സിറിയന്‍ കുര്‍ദ് നേതാക്കളും ജനീവയില്‍ എത്തി. ചര്‍ച്ചയിലേക്ക് കുര്‍ദുകളെ യുഎന്‍ ക്ഷണിച്ചിട്ടില്ല. സിറിയയില്‍ അഞ്ചുവര്‍ഷമായി തുടരുന്ന വിമത കലാപത്തില്‍ രണ്ടര ലക്ഷത്തോളം പേര്‍ കൊല്ലപ്പെടുകയും ലക്ഷക്കണക്കിന് സിറിയക്കാര്‍ അഭയാര്‍ഥികള്‍ ആകുകയും ചെയ്തതായാണ് എകദേശ കണക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.