1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 18, 2020

സ്വന്തം ലേഖകൻ: ഒരാഴ്ചയോളം നീണ്ടുനിന്ന വാക്‌പോര് അവസാനിപ്പിക്കാന്‍ തീരുമാനിച്ച് തമിഴ്‌നാട്ടിലെ കോണ്‍ഗ്രസും ഡി.എം.കെയും. ഇരുപാര്‍ട്ടികളും തമ്മിലുള്ള പ്രശ്‌നങ്ങള്‍ ആഭ്യന്തരമായി ചര്‍ച്ച ചെയ്യുകയും പുറത്ത് പറയുന്നത് ഒഴിവാക്കാനും തീരുമാനിച്ചു. തദ്ദേശ സ്ഥാപനങ്ങളിലെ അധികാര വീതം വെപ്പുമായി ബന്ധപ്പെട്ടാണ് ഇരുപാര്‍ട്ടികളും തമ്മില്‍ കടുത്ത വാക്‌പോര് നടന്നത്.

ഇത് അവസാനിപ്പിക്കുന്നതിന് വേണ്ടി കോണ്‍ഗ്രസ് അദ്ധ്യക്ഷന്‍ കെ.എസ് അഴഗിരി ഡി.എം.കെ ആസ്ഥാനമായ അണ്ണാ അറിവാലയത്തിലെത്തി പാര്‍ട്ടി അദ്ധ്യക്ഷന്‍ എം.കെ സ്റ്റാലിനെ കണ്ട് സംസാരിച്ചു. ഇതിനെ തുടര്‍ന്നാണ് പിണക്കം അവസാനിപ്പിക്കാന്‍ തീരുമാനിച്ചത്.

തമിഴ്‌നാട്ടിൽ ഡിഎംകെ-കോൺഗ്രസ് സഖ്യത്തിലെ ഭിന്നതയ്ക്ക് അവസാനമായെന്ന് അഴഗിരി സ്ഥിരീകരിച്ചു. എംകെ സ്റ്റാലിനുമായി സമവായ ചർച്ചയ്ക്ക് ശേഷം മാധ്യമങ്ങളെ കണ്ട അദ്ദേഹം സഖ്യം തുടരുമെന്ന് അറിയിച്ചു. പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമിയും ഇന്ന് രാവിലെ സ്റ്റാലിനെ കണ്ടിരുന്നു. വരുന്ന നിയമസഭാ തെരഞ്ഞെടുപ്പിലും കോൺഗ്രസ് ഡിഎംകെയ്ക്ക് ഒപ്പമായിരിക്കുമെന്ന് അദ്ദേഹം പറഞ്ഞു.

ഇതിന് ശേഷമാണ് കോൺഗ്രസ് സംസ്ഥാന അധ്യക്ഷൻ കെഎസ് അഴഗിരിയുമായി ഡിഎംകെ അധ്യക്ഷൻ എംകെ സ്റ്റാലിൻ കൂടിക്കാഴ്ച നടത്തിയത്. സംഭവത്തിൽ ഇന്ന് വീണ്ടും ഹൈക്കമാന്റ് ഇടപെട്ടിരുന്നു. യുപിഎ അധ്യക്ഷയും കോൺഗ്രസ് ദേശീയ പ്രസിഡന്റുമായ സോണിയ ഗാന്ധി രാവിലെ എംകെ സ്റ്റാലിനെ ഫോണിൽ വിളിച്ച് പ്രശ്നത്തിൽ ഇടപെട്ടിരുന്നു. ഇതിന് പിന്നാലെയാണ് പുതുച്ചേരി മുഖ്യമന്ത്രി നാരായണസ്വാമി സ്റ്റാലിനെ നേരിട്ടെത്തി കണ്ടത്. ഇതോടെയാണ് പ്രശ്നപരിഹാരത്തിനുള്ള വാതിൽ തുറന്നത്.

തദ്ദേശഭരണ സ്ഥാപനങ്ങളിലെ അധ്യക്ഷ പദവി പങ്കിടുന്നതിന്റെ പേരില്‍ തുടങ്ങിയ തര്‍ക്കമാണ് യുപിഎ സഖ്യത്തിന്‍റെ ഭിന്നതയിലേക്ക് വഴിമാറിയത്. ആവശ്യപ്പെട്ടതിന്‍റെ പകുതി സീറ്റ് പോലും ഡിഎംകെ അനുവദിച്ചില്ലെന്നും സഖ്യത്തിലെ ധാരണ സ്റ്റാലിന്‍ മറന്നെന്നും കോണ്‍ഗ്രസ് അധ്യക്ഷന്‍ കെ.എസ് അഴഗിരി തുറന്നടിച്ചതോടെ പ്രശ്നം വഷളായി. സോണിയാഗാന്ധി വിളിച്ച പ്രതിപക്ഷ യോഗത്തില്‍ നിന്ന് വിട്ടുനിന്ന ഡിഎംകെ, തങ്ങളുടെ അതൃപ്തി പരസ്യമാക്കി.

പ്രദേശിക വിഷയങ്ങളിലെ തര്‍ക്കം ഭിന്നതയിലേക്ക് വഴിമാറിയതോടെ ഹൈക്കമാന്റ് വിഷയത്തില്‍ ഇടപെട്ടു. തമിഴ്നാട് അധ്യക്ഷന്‍ കെഎസ് അഴഗിരിയെ ദില്ലിയിലേക്ക് വിളിച്ചുവരുത്തി ഹൈക്കമാന്‍ഡ് അതൃപ്തി വ്യക്തമാക്കി. പിന്നാലെ കോണ്‍ഗ്രസ് നിയമസഭാ കക്ഷി നേതാവ് കെ.ആര്‍ രാമസ്വാമി ഡിഎംകെയിലെ മുതിര്‍ന്ന നേതാക്കളെ കണ്ട് ഖേദം അറിയിച്ചു. പ്രദേശിക നേതൃത്വത്തെയാണ് വിമര്‍ശിച്ചതെന്നും ഡിഎംകെ സംസ്ഥാന നേതൃത്വവുമായി പ്രശ്നമില്ലെന്നും കോണ്‍ഗ്രസ് നിലപാട് തിരുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.