1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 14, 2017

സ്വന്തം ലേഖകന്‍: ഇറാനുമായുള്ള ആണവ കരാറിലെ ഉറപ്പുകളില്‍ നിന്ന് പിന്മാറാന്‍ ട്രംപ് ഒരുങ്ങുന്നു, കരാറില്‍ നിന്ന് പിന്മാറുമെന്ന് ഭീഷണി മുഴക്കി ഇറാന്‍. 2015 ല്‍ ലോക ശക്തികളും ഇറാനും തമ്മില്‍ ഒപ്പുവെച്ച ആണവ കരാര്‍ സാക്ഷ്യപ്പെടുത്തുന്നതില്‍ നിന്നും പിന്‍മാറാനാണ് ട്രംപിന്റെ നീക്കം. കരാറില്‍ നിന്നും പിന്‍മാറാനുള്ള ട്രംപിന്റെ നീക്കത്തോടെ ഇറാനു മേല്‍ പുതിയ ഉപരോധം കൊണ്ടു വരാന്‍ അമേരിക്കക്ക് സാധിക്കും. അതേ സമയം ഏകപക്ഷീയമായി പുതിയ ഉപരോധങ്ങള്‍ കൊണ്ടു വരാനുള്ള അമേരിക്കന്‍ ഭരണകൂടത്തിന്റെ നീക്കം ഭാഗികമായോ, പൂര്‍ണമായോ കരാറില്‍ നിന്നും പിന്‍മാറാന്‍ കാരണമാകുമെന്ന് ഇറാന്‍ ഭീഷണി മുഴക്കിയിട്ടുണ്ട്.

ദേശീയ സുരക്ഷാ ഏജന്‍സികളുമായി ട്രംപ് ഇതുവരെ നടത്തിയ ചര്‍ച്ചകള്‍ക്ക് ഒടുവിലാണ് ട്രംപിന്റെ പുതിയ തീരുമാനം. അമേരിക്കയുടെ ദേശീയ താത്പര്യത്തിന് ചേരുന്നതല്ലെന്നു കാണിച്ച് കരാറുമായി ബന്ധപ്പെട്ട് നല്‍കിയിട്ടുള്ള ഉറപ്പുകളില്‍ നിന്ന് രാജ്യം പിന്മാറുമെന്നു നേരത്തെ തന്നെ സൂചനകളുണ്ടായിരുന്നു. രണ്ടു തവണ ട്രംപ് കരാറിന് അനുകൂല സമീപനമാണെടുത്തത്. എന്നാല്‍ ഇത്തവണ ആ പ്രതീക്ഷ വേണ്ടെന്ന് അദ്ദേഹവുമായി അടുത്ത വൃത്തങ്ങള്‍ നേരത്തെ തന്നെ വ്യക്തമാക്കുന്നു.

അതേസമയം യുഎസിന്റെ വിശ്വാസ്യതയെ രാജ്യാന്തരതലത്തില്‍ ചോദ്യം ചെയ്യുന്നതാണ് ട്രംപിന്റെ പുതിയ നീക്കം. ഇറാന്റെ ആണവ പദ്ധതികള്‍ സൈനികേതര ആവശ്യങ്ങള്‍ക്കു മാത്രമായി പരിമിതപ്പെടുത്തിക്കൊണ്ട് 2015 ല്‍ ഇറാനും ലോക ശക്തികളും തമ്മിലാണ് ആണവ കരാര്‍ ഒപ്പുവെച്ചത്. യുഎസ്, ബ്രിട്ടന്‍, ഫ്രാന്‍സ്, ജര്‍മനി, റഷ്യ, ചൈന, യൂറോപ്യന്‍ യൂണിയന്‍, ഇറാന്‍ എന്നിവര്‍ ചേര്‍ന്ന് ഒപ്പിട്ട കരാര്‍ പ്രകാരം ഇറാന്‍നു മേലുള്ള ഉപരോധങ്ങള്‍ നീക്കിയിരുന്നു.

എന്നാല്‍ താന്‍ അധികാരത്തിലെത്തിയാല്‍ ഇറാനുമായുള്ള ആണവകരാര്‍ റദ്ദാക്കുമെന്നാണ് ട്രംപ് തിരഞ്ഞെടുപ്പു പ്രചാരണകാലത്ത് വ്യക്തമാക്കിയിരുന്നത്. അമേരിക്ക ഇന്നേവരെ ഇടപെട്ട ഏറ്റവും മോശം കരാര്‍ എന്നാണ് ഇതിനെ ട്രംപ് വിശേഷിപ്പിച്ചത്. കരാറിന്റെ ‘ആത്മാവിനെ’ ഇല്ലാതാക്കുന്ന പ്രവൃത്തികളാണ് ഇറാന്റെ ഭാഗത്തു നിന്നുണ്ടാകുന്നത്. ബാലിസ്റ്റിക് മിസൈല്‍ പദ്ധതിയില്‍ യാതൊരു നിയന്ത്രണവും ഇറാന്‍ കൊണ്ടുവരുന്നില്ലെന്നും, ഹിസ്ബുള്ള ഉള്‍പ്പെടെയുള്ള തീവ്രവാദ സംഘടനകള്‍ക്ക് പണവും ആയുധവും നല്‍കുന്നത് ഇറാന്‍ തുടരുകയാണെന്നും ട്രംപ് കുറ്റപ്പെടുത്തുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.