1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 22, 2018

സ്വന്തം ലേഖകന്‍: റഷ്യയുമായുള്ള 1987 ലെ നിര്‍ണായക ആണവ കരാറില്‍നിന്നു പിന്മാറുന്നതായി ട്രംപ്; അമേരിക്ക തീകൊണ്ട് കളിക്കുകയാണെന്ന് റഷ്യയുടെ മുന്നറിയിപ്പ്. അണ്വായുധങ്ങളുടെ എണ്ണം പരിമിതപ്പെടുത്തുന്നതിനു ലക്ഷ്യമിട്ട് 1987ല്‍ അന്നത്തെ യുഎസ് പ്രസിഡന്റ് റോണള്‍ഡ് റെയ്ഗനും സോവ്യറ്റ് നേതാവ് മിഖായല്‍ ഗോര്‍ബച്ചേവും തമ്മിലുണ്ടാക്കിയ ആണവക്കരാറില്‍ നിന്നും യുഎസ് പിന്മാറുകയാണെന്നു പ്രസിഡന്റ് ട്രംപ് കഴിഞ്ഞ ദിവസം പ്രഖ്യാപിച്ചു.

അമേരിക്കയുടേത് അപകടകരമായ നീക്കമാണെന്നും വീണ്ടും ആയുധമത്സരത്തിനു വഴിവയ്ക്കുമെന്നും മോസ്‌കോ മുന്നറിയിപ്പു നല്‍കി. ഇരു രാജ്യങ്ങളുടെയും മിസൈലുകളുടെ എണ്ണം കുറയ്ക്കുന്നതിനു വ്യവസ്ഥ ചെയ്യുന്ന മധ്യദൂര ആണവശക്തി കരാര്‍ (ഐഎന്‍എഫ്) അവസാനിപ്പിക്കുമെന്നു ശനിയാഴ്ച നെവാദയില്‍ ഒരു റാലിയെ അഭിസംബോധന ചെയ്യാനെത്തിയ ട്രംപ് വ്യക്തമാക്കി. പുതിയ ആയുധങ്ങള്‍ വികസിപ്പിക്കേണ്ടത് അനിവാര്യമായിരിക്കുകയാണെന്നും അദ്ദേഹം പറഞ്ഞു.

വര്‍ഷങ്ങളായി റഷ്യ കരാര്‍ ലംഘിച്ചുവരികയായിരുന്നുവെന്ന് ആരോപിച്ച ട്രംപ് കരാര്‍ ലംഘനം ശ്രദ്ധയില്‍പ്പെട്ടിട്ടും മുന്‍ പ്രസിഡന്റ് ഒബാമ നടപടി എടുക്കാതെ മൗനം പാലിച്ചതെന്തുകൊണ്ടാണെന്ന് അറിയില്ലെന്നും പറഞ്ഞു. 500 മുതല്‍ 5500 കിലോമീറ്റര്‍ വരെ ദൂരപരിധിയുള്ള മധ്യദൂര ഉപരിതല ക്രൂസ് മിസൈലുകള്‍ ഇരുരാജ്യങ്ങളും നിര്‍മിക്കുന്നതും കൈവശംവയ്ക്കുന്നതും പരീക്ഷിക്കുന്നതും വിലക്കുന്ന കരാറാണിത്. അണ്വായുധ വാഹകശേഷിയുള്ള മിസൈലുകളും കരാറിന്റെ പരിധിയില്‍ വരും.

റഷ്യ നോവറ്റാര്‍ മിസൈല്‍ വികസിപ്പിച്ചത് കരാറിനു വിരുദ്ധമാണെന്ന് യുഎസ് പ്രതിരോധ സെക്രട്ടറി ജെയിംസ് മാറ്റിസ് ചൂണ്ടിക്കാട്ടി. കരാറില്‍നിന്നു പിന്മാറുന്ന കാര്യം ഇന്നു മോസ്‌കോയിലെത്തുമെന്ന യുഎസ് ദേശീയ സുരക്ഷാ ഉപദേഷ്ടാവ് ജോണ്‍ ബോള്‍ട്ടന്‍ റഷ്യന്‍ നേതാക്കളെ ഔദ്യോഗികമായി അറിയിക്കും. കരാറില്‍ നിന്നു പിന്മാറാനുള്ള നീക്കത്തെ ജര്‍മനി അപലപിച്ചു. എന്നാല്‍ അമേരിക്കയെ പിന്തുണച്ച് ബ്രിട്ടന്‍ രംഗത്തെത്തി.

 

 

 

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.