1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 23, 2020

സ്വന്തം ലേഖകൻ: അമേരിക്കൻ പ്രസിഡന്റ് ഡോണൾഡ് ട്രംപും പ്രഥമ വനിത മെലാനിയ ട്രംപും നാളെ ഇന്ത്യയിലെത്തും. അഹമ്മദാബാദ് സർദാർ വല്ലഭായ് പട്ടേൽ രാജ്യാന്തര വിമാനത്താവളത്തിൽ രാവിലെ 11.40ന് എത്തുന്ന ഇരുവരും രണ്ട് ദിവസം ഇന്ത്യയിലുണ്ടാകും. വിമാനത്താവളത്തിൽ നിന്ന് ആദ്യം ഇരുവരും എത്തുക സബർമതി ആശ്രമത്തിലാകും. 12.15ന് സബർമതിയിലെത്തുന്ന ട്രംപും പത്നിയും ഗാന്ധി സ്മൃതിയില്‍ പുഷപാര്‍ച്ചന നടത്തും.

പിന്നാലെ നമസ്തേ ട്രംപ് പരിപാടി നടക്കുന്ന മൊട്ടേര സ്റ്റേഡിയത്തിലേക്ക്. വിപുലമായ ഒരുക്കങ്ങളാണ് മൊട്ടേര സ്റ്റേഡിയത്തിൽ ഒരുക്കിയിരിക്കുന്നത്. ഇന്ത്യൻ പ്രധാനമന്ത്രി നരേന്ദ്ര മോദിക്കൊപ്പം റോഡ് ഷോയിൽ പങ്കെടുത്താണ് ട്രംപ് സ്റ്റേഡിയത്തിലേക്ക് എത്തുക. രാജ്യത്തെ എല്ലാ സംസ്ഥാനങ്ങളിൽ നിന്നുള്ള കലാപ്രകടനങ്ങൾ റോഡ് ഷോയുടെ ഭാഗമാണ്. ഉച്ചയ്ക്ക് ഒന്നിന് നമസ്തേ ട്രംപ് പരിപാടിയെ അമേരിക്കൻ പ്രഡിസന്റ് അഭിസംബോധന ചെയ്യും.

പരിപാടിക്ക് ശേഷം ഹെലികോപ്റ്ററില്‍ അഹമ്മദാബാദ് വിമാനത്താവളത്തിലെത്തുന്ന ട്രംപ് എയര്‍ഫോഴ്സ് വണില്‍ താജ്മഹല്‍ സന്ദര്‍ശിക്കാനായി ആഗ്രയിലേക്ക് തിരിക്കും. 5.15നാണ് ട്രംപിന്റെ താജ്മഹൽ സന്ദർശനം. ഇവിടെ നിന്ന് മടങ്ങുന്ന അമേരിക്കൻ പ്രസിഡന്റും സംഘവും 7.30ന് ഡൽഹിയിലെത്തും. ചൊവ്വാഴ്ച രാവിലെ ട്രംപിന് രാഷ്ട്രപതി ഭവനിൽ സ്വീകരണം ഒരുക്കിയിട്ടുണ്ട്.

ട്രംപിന്റെ ഇന്ത്യൻ സന്ദർശനത്തോട് അനുബന്ധിച്ച് കനത്ത സുരക്ഷയാണ് രാജ്യത്ത് ഒരുക്കിയിരിക്കുന്നത്. പതിനേഴായിരം ഗുജറാത്ത് പൊലീസ് ഉദ്യോഗസ്ഥർ, ഇന്ത്യൻ പ്രധാനമന്ത്രിക്ക് സുരക്ഷ ഒരുക്കുന്ന എസ്പിജി, അമേരിക്കൻ പ്രസിഡന്റിന്റെ സുരക്ഷാവിഭാഗമായ സീക്രട്ട് സർവീസ് തുടങ്ങി കനത്ത സുരക്ഷാ വലയത്തിലാണ് അഹമ്മദാബാദ് നഗരം.

ട്രംപിന്റെ ഇന്ത്യ സന്ദര്‍ശനത്തിന് മണിക്കൂറുകള്‍ മാത്രം ശേഷിക്കെ ഇന്ത്യയുമായുള്ള വ്യാപാര കരാറില്‍ നിന്നും യു.എസ്. പിന്മാറുന്നതായി റിപ്പോര്‍ട്ട്. ഇന്ത്യാടുഡേയാണ് ഇക്കാര്യം റിപ്പോര്‍ട്ട് ചെയ്യുന്നത്.

താരീഫ് കുറക്കല്‍, മാര്‍ക്കറ്റ് തുറന്ന് നല്‍കല്‍ തുടങ്ങിയ വിഷയങ്ങളുമായി ബന്ധപ്പെട്ടാണ് അമേരിക്കക്ക് അതൃപ്തി നിലനില്‍ക്കുന്നതെന്നാണ് സൂചന. കരാറുമായി ബന്ധപ്പെട്ട് പ്രശ്‌നങ്ങള്‍ പരിഹരിക്കാന്‍ ശ്രമം നടക്കുന്നതിനിടെയാണ് അമേരിക്കയുടെ പിന്മാറ്റം.

ഫോര്‍ച്യൂണ്‍ ലാന്‍ഡ്മാര്‍ക്ക് ഹോട്ടലിലെ ഷെഫ് സുരേഷ് ഖന്നയ്ക്കാണ് ട്രംപിനും കുടുംബത്തിനുമുള്ള ഭക്ഷണം തയ്യാറാക്കാനുള്ള ചുമതല. ഗുജറാത്തി ശൈലിയില്‍ തയ്യാറാക്കിയ സസ്യാഹാരം മാത്രമാണ് മെനുവില്‍ ഉള്‍പ്പെടുത്തിയിട്ടുള്ളത്. ഗുജറാത്തി വിഭവമായ ഖമന്‍, ബ്രൊക്കോളി-കോണ്‍ സമൂസ, മള്‍ട്ടി ഗ്രെയിന്‍ റൊട്ടി, സ്‌പെഷല്‍ ഗുജറാത്തി ജിഞ്ചര്‍ ടീ, ഐസ് ടീ, കരിക്കിന്‍വെള്ളം തുടങ്ങിയവയാണ് ട്രംപിനുള്ള മെനുവില്‍ പ്രധാനം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.