1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 11, 2018

സ്വന്തം ലേഖകന്‍: വിജയ് മല്യയെ ഇന്ത്യയ്ക്ക് കൈമാറണമെന്ന് ബ്രിട്ടീഷ് കോടതി വിധി; മല്യയ്ക്കായി ഒരുങ്ങി അജ്മല്‍ കസബിനെ പാര്‍പ്പിച്ച ആര്‍തര്‍ റോഡ് ജയിലിലെ അതീവ സുരക്ഷാ സെല്‍. വെസ്റ്റ്മിനിസ്റ്റര്‍ കോടതിയുടേതാണ് ഉത്തരവ്. മല്യയ്ക്ക് അപ്പീല്‍ നല്‍കാന്‍ 14 ദിവസത്തെ സാവകാശം നല്‍കി. 9000 കോടി രൂപയുടെ വായ്പാ തട്ടിപ്പ് കേസിലാണ് കോടതി വിധി. ജഡ്ജി എമ്മ അര്‍ബത്‌നോട്ടാണ് വിധി പ്രഖ്യാപിച്ചത്.

വായ്പാ തിരിച്ചടവ് മുടങ്ങിയതിനെ തുടര്‍ന്ന് എന്‍ഫോഴ്‌സ്‌മെന്റ് ഡയറക്ടറേറ്റ് നടപടികള്‍ സ്വീകരിക്കാന്‍ ആരംഭിച്ചതിനെ തുടര്‍ന്നു 2016 മാര്‍ച്ചിലാണ് വിജയ് മല്യ യുകെയിലേക്കു കടന്നത്. 2017 ഫെബ്രുവരിയിലാണ് അദ്ദേഹത്തെ വിട്ടുകിട്ടണമെന്ന് കേന്ദ്ര സര്‍ക്കാര്‍ ഔദ്യോഗികമായി അറിയിച്ചത്. പണം വെളുപ്പിക്കല്‍ കേസില്‍ സ്‌കോട്ട്‌ലാന്‍ഡ് യാര്‍ഡ് പൊലീസ് അറസ്റ്റ് ചെയ്‌തെങ്കിലും പിന്നീട് ജാമ്യത്തില്‍ വിട്ടയയ്ക്കുകയായിരുന്നു.

പണം തിരിച്ചടയ്ക്കുന്നതിനുള്ള എല്ലാം ശ്രമങ്ങളും നടത്തുന്നുണ്ടെന്ന് ഈ വര്‍ഷമാദ്യം പ്രധാനമന്ത്രി നരേന്ദ്ര മോദിക്ക് അയച്ച കത്തില്‍ വിജയ് മല്യ അറിയിച്ചിരുന്നു. എന്നാല്‍ വായ്പയുടെ മുതല് തിരിച്ചു നല്‍കാമെന്നു മല്യ അറിയിച്ചെങ്കിലും ബാങ്കുകള്‍ നിരസിച്ചു. പണം സ്വീകരിച്ചാല്‍ 3000 കോടിയുടെ നഷ്ടം ബാങ്കുകള്‍ക്കു വരുമെന്നാണ് കണക്കുകൂട്ടല്‍.

പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിക്കാനും സ്വത്തുക്കള്‍ കണ്ടുകെട്ടാനും ഇഡി നല്‍കിയ അപേക്ഷ പരിഗണിക്കുന്നതു സ്റ്റേ ചെയ്യണമെന്ന് ആവശ്യപ്പെട്ടു മല്യ സുപ്രീം കോടതിയില്‍ ഹര്‍ജി സമര്‍പ്പിച്ചിട്ടുണ്ട്. പിടികിട്ടാപ്പുള്ളിയായി പ്രഖ്യാപിച്ചാല്‍ കേസില്‍ അന്തിമവിധി വരുന്നതു വരെ കാത്തിരിക്കാതെ ഉടന്‍ തന്നെ സ്വത്തുക്കള്‍ കണ്ടുകെട്ടാം.

കോടതി നടപടികള്‍ നിരീക്ഷിക്കുന്നതിന് ജോയിന്റ് ഡയറക്ടര്‍ എ. സായ് മനോഹറിന്റെ നേതൃത്വത്തിലുള്ള സിബിഐ സംഘവും സാമ്പത്തിക കുറ്റാന്വേഷണവിഭാഗം (ഇഡി) ഉദ്യോഗസ്ഥരും കോടതിയില്‍ ഹാജരായിരുന്നു. ഇപ്പോള്‍ അവധിയില്‍ പ്രവേശിച്ചിരിക്കുന്ന സിബിഐ സ്‌പെഷ്യല്‍ ഡയറക്ടര്‍ രാകേഷ് അസ്താനയ്ക്ക് പകരമാണ് സായ് മനോഹര്‍ ലണ്ടനില്‍ എത്തിയത്.

ഇന്ത്യയ്ക്കു വിട്ടുകിട്ടുമ്പോള്‍ വിജയ് മല്യയെ പാര്‍പ്പിക്കാന്‍ ആര്‍തര്‍ റോഡ് ജയിലില്‍ അതീവ സുരക്ഷയുള്ള പ്രത്യേക സെല്‍ നേരത്തേ തന്നെ ഒരുങ്ങിക്കഴിഞ്ഞു. 26/11 ഭീകരാക്രമണക്കേസിലെ പാക്ക് ഭീകരന്‍ അജ്മല്‍ കസബിനെ പാര്‍പ്പിച്ച ബാരക്ക് 12 എന്ന ഇരുനില കോംപ്ലക്‌സിന്റെ താഴത്തെ നിലയിലാകും മല്യയുടെയും വാസം. തീപിടിത്തവും ബോംബ് ആക്രമണവും പ്രതിരോധിക്കുന്ന വിധമാണു സെല്‍ നിര്‍മിച്ചിരിക്കുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.