1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 20, 2016

സ്വന്തം ലേഖകന്‍: ഇന്ത്യയും യുകെയും തമ്മിലുള്ള കുറ്റവാളി കൈമാറ്റ കരാര്‍, 24 വര്‍ഷത്തിന് ശേഷം യുകെ ആദ്യ കുറ്റവാളിയെ ഇന്ത്യക്ക് കൈമാറുന്നു. കരാറില്‍ ഒപ്പുവെച്ചിട്ടും യു.കെ കുറ്റവാളികളെ കൈമാറാത്തതില്‍ ഇന്ത്യ അതൃപ്തി രേഖപ്പെടുത്തിയിരുന്നു. 2002 ഗുജറാത്ത് കലാപക്കേസിലെ പ്രതി സമീര്‍ഭായ് വിനുഭായ് പട്ടേലിനെയാണ് ഇന്ത്യക്ക് കൈമാറുന്നത്.

നാല്‍പതുകാരനായ പട്ടേല്‍ കൈമാറ്റത്തെ എതിര്‍ക്കാത്തതിനാലാണ് ഇന്ത്യയിലേക്ക് അയക്കുന്നതെന്നും അദ്ദേഹം കുറ്റം സമ്മതിച്ചുവെന്നും യു.കെ ആഭ്യന്തര സെക്രട്ടറി ആംബര്‍ റഡ് അറിയിച്ചു. ആഗസ്റ്റ് 9നും സെപ്തംബര്‍ 22നും ഇടയിലാണ് പട്ടേലിനെ അറസ്റ്റ് ചെയ്‌തെന്നും അവര്‍ അറിയിച്ചു. എന്ത് കൊണ്ടാണ് പട്ടേല്‍ കുറ്റം സമ്മതിച്ചതെന്ന കാര്യം വ്യക്തമല്ല.

എങ്കിലും കരാര്‍ ഒപ്പുവെച്ച് വര്‍ഷങ്ങള്‍ക്ക് ശേഷം നടന്ന കൈമാറ്റത്തെ പ്രതീക്ഷയോടെയാണ് ഇന്ത്യന്‍ അന്വേഷണ ഏജന്‍സികള്‍ കാണുന്നത്. ഗുജറാത്തില്‍ നിന്നുള്ള പ്രത്യേക അന്വേഷണ സംഘം പട്ടേലിനെ വിചാരണക്കായി കൊണ്ടുപോയി. കലാപക്കേസില്‍ അറസ്റ്റിലായ പട്ടേല്‍ ജാമ്യമെടുത്ത ശേഷം ലണ്ടനിലേക്ക് കടക്കുകയായിരുന്നു.

അതേസമയം, ഗുജറാത്തില്‍ 1993ല്‍ സ്‌ഫോടനങ്ങള്‍ നടത്തിയ കേസില്‍ പ്രതിയായ ടൈഗര്‍ ഹനീഫ് കൈമാറ്റത്തെ എതിര്‍ത്തിരുന്നു. ദാവൂദ് ഇബ്രാഹീമിന്റെ അടുത്ത അനുയായി ആയിരുന്ന ഇയാള്‍ ബോള്‍ട്ടനില്‍ വെച്ച് അറസ്റ്റിലായിരുന്നുവെങ്കിലും നിയമനടപടികളില്‍ നിന്ന് രക്ഷപ്പെട്ട് കഴിയുകയാണ്. നിരവധി കുറ്റവാളികളാണ് ഇന്ത്യയിലെ നിയമനടപടികളില്‍ നിന്ന് ഒളിച്ചോടി യു.കെയില്‍ കഴിയുന്നത്.

വിവിധ ബാങ്കുകളില്‍നിന്നായി വായ്പയെടുത്ത 9000 കോടി രൂപ തിരിച്ചടക്കാതെ മുങ്ങിയ കേസിലെ പ്രതി വിജയ് മല്യ, ഫോറെക്‌സ് (വിദേശ നാണയ വിനിമയ) ചട്ടങ്ങള്‍ ലംഘിച്ച കേസില്‍ ലളിത് മോദി, ഇന്ത്യന്‍ നാവികസേനയുടെ വിവരങ്ങള്‍ ചോര്‍ത്തിയ കേസില്‍ പ്രതിയായ രവി ശങ്കരന്‍, ടി.സീരീസ് മ്യൂസിക്കിന്റെ സ്ഥാപകന്‍ ഗുല്‍ഷന്‍ കുമാറിന്റെ ഘാതകനെന്ന് കരുതുന്ന സംഗീത സംവിധായകന്‍ നദീം സൈഫി, വിഘടനവാദികളായ ഖാലിസ്ഥാന്‍ മൂവ്‌മെന്റിന്റെ അംഗങ്ങള്‍ തുടങ്ങി നിരവധിയാളുകളാണ് ലണ്ടനില്‍ കഴിയുന്നത്.

ഇന്ത്യയും ബ്രിട്ടനും തമ്മില്‍ 1993ല്‍ കുറ്റവാളി കൈമാറ്റ കരാര്‍ ഒപ്പുവെച്ചെങ്കിലും ഇതേവരെ ഒരൊറ്റ കുറ്റവാളിയെ പോലും ബ്രിട്ടന്‍ ഇന്ത്യക്ക് കൈമാറിയിട്ടില്ല. എന്നാല്‍, 2003 ല്‍ സതാംപ്ടണില്‍ വെച്ച് ബാലികയായ ഹന്ന ഫോസ്റ്ററെ കൊലപ്പെടുത്തിയ കേസില്‍ പ്രതിയായ മനീന്ദര്‍പാല്‍ സിങ്ങിനെ ഇന്ത്യ 2008 ല്‍ ബ്രിട്ടന് കൈമാറിയിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.