1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 17, 2016

സ്വന്തം ലേഖകന്‍: ഗുജറാത്തില്‍ ദളിത് പ്രക്ഷോഭം ആളിക്കത്തുന്നു, ഉനയില്‍ പതിനായിരങ്ങളുടെ റാലി. ഓരോ ദലിത് കുടുംബത്തിനും അഞ്ച് ഏക്കറില്‍ കുറയാത്ത ഭൂമി നല്‍കണമെന്നതടക്കമുള്ള വിവിധ ആവശ്യങ്ങള്‍ ഉന്നയിച്ച് ദലിതുകള്‍ സര്‍ക്കാറിന് അന്ത്യശാസനം നല്‍കിയിരിക്കുകയാണ്. പ്രതിഷേധക്കാരെ പിരിച്ചയക്കാന്‍ പൊലീസ് കണ്ണീര്‍വാതകവും ലാത്തിയും പ്രയോഗിച്ചു. സംഭവത്തില്‍ മൂന്നു പൊലീസുകാരടക്കം 19പേര്‍ക്ക് പരിക്കേറ്റു. അതിനിടെ, പ്രക്ഷോഭ പരിപാടികളില്‍ പങ്കെടുത്തു മടങ്ങിയ ദലിത് യുവാക്കളെ ഉയര്‍ന്ന ജാതിക്കാര്‍ ആക്രമിച്ചതായി പരാതിയും ഉയര്‍ന്നിട്ടുണ്ട്.

ചത്ത പശുവിന്റെ തോലുരിച്ച ദലിതുകളെ ഗോ സംരക്ഷണ സമിതി പ്രവര്‍ത്തകര്‍ ക്രൂരമായി മര്‍ദിച്ച സംഭവം നടന്ന ഉനയില്‍ സ്വാതന്ത്ര്യദിനത്തില്‍ സംഘടിപ്പിച്ച റാലിയില്‍ പതിനായിരങ്ങളാണ് പങ്കെടുത്തത്. ജെ.എന്‍.യു വിദ്യാര്‍ഥി യൂനിയന്‍ പ്രസിഡന്റ് കനയ്യ കുമാര്‍, പ്രശസ്ത ഡോക്യുമെന്ററി സംവിധായകന്‍ ആനന്ദ് പട്വര്‍ധന്‍, ദലിത് ആക്ടിവിസ്റ്റ് മാര്‍ട്ടിന്‍ മക്വാന്‍, മുന്‍ ഐ.പി.എസ് ഓഫിസര്‍ രാഹുല്‍ ശര്‍മ തുടങ്ങി നിരവധി പേര്‍ പ്രതിഷേധ പരിപാടിയില്‍ പങ്കെടുത്തു.

ദലിത് അത്യാചാര്‍ ലദത് സമിതി നേതാവ് ജിഗ്‌നേഷ് മേവാനിയുടെ നേതൃത്വത്തില്‍ 20,000ത്തില്‍ കുറയാത്ത ദലിതുകള്‍ പരിപാടിയില്‍ പങ്കെടുത്തതായി വാര്‍ത്താ ഏജന്‍സികള്‍ റിപ്പോര്‍ട്ട് ചെയ്യുന്നു. ആഗസ്റ്റ് അഞ്ചിന് അഹ്മദാബാദില്‍നിന്ന് ആരംഭിച്ച് 350 കിലോമീറ്റര്‍ പിന്നിട്ട ദലിത് പദയാത്രയുടെ സമാപനത്തിലാണ് തിങ്കളാഴ്ച ഉനയില്‍ ദലിതുകള്‍ ഒത്തുചേര്‍ന്നത്.

’76 പേരുമായാണ് ഗാന്ധിജി ദണ്ഡിയാത്ര ആരംഭിച്ചത്. അതാണ് രാജ്യത്തെ പിടിച്ചുകുലുക്കിയ വലിയ പ്രക്ഷോഭമായി മാറിയത്. ഞങ്ങള്‍ ഈ പദയാത്ര ആരംഭിച്ചത് വെറും 70 പേരുമായാണ്. അതാണ് ഈ കാണുന്ന ജനസമുദ്രമായി മാറിയത്’ ജിഗ്‌നേഷ് മേവാനി വാര്‍ത്താലേഖകരോട് പറഞ്ഞു.
ബി.ജെ.പിയും സംഘ്പരിവാറും ദലിതുകളുടെ ക്ഷമ പരീക്ഷിക്കരുതെന്ന് പ്രതിഷേധക്കാര്‍ മുന്നറിയിപ്പ് നല്‍കി.

പതിനായിരങ്ങള്‍ ഉനയില്‍ പ്രതിഷേധവുമായി ഒത്തുചേര്‍ന്നിട്ടും പ്രധാനമന്ത്രി തങ്ങളെ തിരിഞ്ഞുനോക്കാത്തതില്‍ അതിശയമില്‌ളെന്നും തലമുറകളായി ഇത്തരം അവഗണന തങ്ങള്‍ പേറുന്നതാണെന്നും ജിഗ്‌നേഷ് മേവാനി കൂട്ടിച്ചേര്‍ത്തു. പ്രതിഷേധം ഇവിടെ അവസാനിക്കുകയല്ല ആരംഭിക്കുകയാണെന്നും പട്ടേല്‍ സമുദായ നേതാവ് ഒമ്പതു മാസമാണ് ജയിലില്‍ കിടന്നതെങ്കില്‍ ദലിതുകളുടെ അവകാശപോരാട്ടത്തിനായി 27 മാസം ജയിലില്‍ കിടക്കാനും താന്‍ തയാറാണെന്നും അദ്ദേഹം പ്രഖ്യാപിച്ചു.

അതിനിടെ, പ്രതിഷേധക്കാരെ പിരിച്ചുവിടാന്‍ പൊലീസ് നടത്തിയ കണ്ണീര്‍വാതക പ്രയോഗത്തിലും ലാത്തിച്ചാര്‍ജിലും മൂന്ന് പൊലീസുകാരടക്കം 19 പേരെ പരിക്കുകളോടെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. എന്നാല്‍, പ്രതിഷേധറാലി കഴിഞ്ഞ് ബൈക്കില്‍ മടങ്ങിയ ഏതാനും ചെറുപ്പക്കാരെ ഉയര്‍ന്ന ജാതിക്കാര്‍ ആക്രമിച്ച സംഭവത്തില്‍ സാംതര്‍ ഗ്രാമത്തില്‍ സംഘര്‍ഷാവസ്ഥ നിലനില്‍ക്കുകയാണ്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.