1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2018

സ്വന്തം ലേഖകന്‍: യുപിയിലെ ഉന്നാവയില്‍ 18 കാരിയെ ബലാത്സംഗം ചെയ്ത സംഭവത്തില്‍ ബിജെപി എംഎല്‍എ കുല്‍ദീപ് സിംഗ് സെഗാര്‍ സിബിഐ കസ്റ്റഡിയില്‍. കോണ്‍ഗ്രസിന്റെ അര്‍ദ്ധരാത്രി പ്രതിഷേധത്തെ തുടര്‍ന്നാണ് നടപടി. ഇരയുടെയും കുടുംബത്തിന്റെയും ശക്തമായ പ്രതിഷേധത്തിനൊടുവിലാണ് എംഎല്‍എയ്‌ക്കെതിരെ കഴിഞ്ഞദിവസം പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത്.

കത്ത്വ,ഉന്നാവേ സംഭവങ്ങള്‍ ഉയര്‍ത്തി രാഹുല്‍ ഗാന്ധിയുടെയും പ്രിയങ്ക ഗാന്ധിയുടെയും നേതൃത്വത്തില്‍ ഇന്നലെ ഇന്ത്യാഗേറ്റിലേയ്ക്ക് അര്‍ദ്ധരാത്രിയില്‍ പ്രതിഷേധ മാര്‍ച്ച് നടത്തിയിരുന്നു. മെഴുകുതിരിയും പ്ലക്കാര്‍ഡുകളുമായി നൂറുകണക്കിന് പേരാണ് മാര്‍ച്ചിന്റെ ഭാഗമായത്. പ്രതിഷേധത്തില്‍ മുതിര്‍ന്ന കോണ്‍ഗ്രസ് നേതാക്കളായ ഗുലാംനബി ആസാദ്. അംബികാസോണി, അഹമ്മദ് പട്ടേല്‍ തുടങ്ങിയ നേതാക്കളും എത്തിയിരുന്നു. മാര്‍ച്ച് തടയാന്‍ പൊലീസ് എത്തിയെങ്കിലും അത് മറികടന്നുകൊണ്ടുള്ള പ്രക്ഷോഭമാണ് ദില്ലിയില്‍ കണ്ടത്.

വ്യാഴാഴ്ച രാവിലെയാണ് ഉന്നാവയിലെ മാഖി പൊലീസ് സ്റ്റേഷനില്‍ എംഎല്‍എയ്‌ക്കെതിരെ പോക്‌സോ അടക്കമുള്ള വകുപ്പുകള്‍ ചുമത്തി കേസ് രജിസ്റ്റര്‍ ചെയ്തത്. ബുധനാഴ്ച രാത്രി എംഎല്‍എ പൊലീസിന് മുന്‍പാകെ ഹാജരായെങ്കിലും കീഴടങ്ങാന്‍ തയ്യാറായില്ല. ഇതിന് മണിക്കൂറുകള്‍ക്ക് ശേഷം അര്‍ദ്ധരാത്രിയോടെയാണ് കേസ് സിബിഐയ്ക്ക് വിടാന്‍ യോഗി സര്‍ക്കാര്‍ തീരുമാനിച്ചത്.

സംഭവത്തെ കുറിച്ച് അന്വേഷിച്ച പ്രത്യേക അന്വേഷണസംഘം സര്‍ക്കാരിന് റിപ്പോര്‍ട്ട് കൈമാറിയതിന് പിന്നാലെയായിരുന്നു ഈ തീരുമാനം. അതേസമയം, എംഎല്‍എയെ അറസ്റ്റ് ചെയ്യാന്‍ പൊലീസ് തയ്യാറായിരുന്നില്ല.
നേരത്തെ സംഭവത്തില്‍ അലഹബാദ് ഹൈക്കോടതി സംസ്ഥാനസര്‍ക്കാരിന്റെ നിലപാട് തേടിയിരുന്നു. ഇതിന് പിന്നാലെയാണ് എഡിജിപിയുടെ നേതൃത്വത്തില്‍ പ്രത്യേക അന്വേഷണസംഘത്തെ സര്‍ക്കാര്‍ നിയമിച്ചത്.

ബുധനാഴ്ച അര്‍ദ്ധരാത്രിയില്‍ ലഖ്‌നൗവിലെ എസ്എസ്പിയുടെ ഓഫീസിന് വെളിയിലാണ് എംഎല്‍എ എത്തിയത്. എന്നാല്‍ കീഴടങ്ങാന്‍ അദ്ദേഹം തയ്യാറായില്ല. താന്‍ ലഖ്‌നൗവില്‍ത്തന്നെ ഉണ്ടെന്നും ഒളിച്ചോടിയിട്ടില്ലെന്ന് മാധ്യമങ്ങളെ ബോധ്യപ്പെടുത്താനാണ് ഇവിടെ എത്തിയതെന്നും എംഎല്‍എ പറഞ്ഞു. സംഭവത്തില്‍ താന്‍ നിരപരാധിയാണെന്നും തന്നെ കുടുക്കുകയായിരുന്നെന്നും അദ്ദേഹം പ്രതികരിച്ചു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.