1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 9, 2018

സ്വന്തം ലേഖകന്‍: ഉപ്പും മുളകും സംവിധായകനില്‍ നിന്നുണ്ടായ ദുരനുഭവം തുറന്നു പറന്ന നിഷാ സാരംഗിന് പിന്തുണയുമായി ഡബ്ല്യുസിസി; പോലീസ് സ്വമേധയാ കേസെടുക്കണമെന്ന് ആവശ്യം. ഫ്‌ലവേഴ്‌സ് ചാനലിലെ ജനപ്രിയ പരിപാടിയായ ഉപ്പും മുളകും സീരിയലിലെ സംവിധായകനെതിരെ വിമര്‍ശനവുമായി രംഗത്തെത്തിയ നടി നിഷാ സാരംഗിനൊപ്പമുണ്ടെന്ന് ഡബ്ല്യുസിസി വ്യക്തമാക്കി. തൊഴില്‍ രംഗത്തെ പീഡനം തുറന്ന് പറഞ്ഞ സംഭവത്തില്‍ പൊലീസ് സ്വമേധയാ കേസ് എടുക്കണമെന്നും ഡബ്ല്യുസിസി പറഞ്ഞു.

അതേസമയം, സംഭവത്തില്‍ സ്വമേധയാ കേസെക്കാന്‍ നിര്‍ദേശം നല്‍കിയതായി വനിതാ കമ്മീഷന്‍ അധ്യക്ഷന്‍ എംസി ജോസഫൈന്‍ അറിയിച്ചു. തൊഴില്‍ മേഖലയില്‍ സ്ത്രീകള്‍ക്ക് എതിരെയുണ്ടാകുന്ന പീഡനങ്ങള്‍ ഗൗരവകരമായ വിഷയമാണെന്നും ജോസഫൈന്‍ പറഞ്ഞു. തൊഴിലിടങ്ങളില്‍ ഉണ്ടാകുന്ന പീഡനങ്ങള്‍ തുറന്നു പറയാന്‍ സ്ത്രീകള്‍ തയ്യാറാകണം. എല്ലാ തൊഴില്‍ മേഖലയിലും സ്ത്രീകള്‍ പീഡിപ്പിക്കെപ്പെടുന്നതായാണ് പുറത്തുവരുന്ന വാര്‍ത്തകള്‍ വ്യക്തമാക്കുന്നത്.

അതിജീവനത്തിനു വേണ്ടി തന്റെ മൂല്യങ്ങള്‍ കാത്തുവച്ച് പോരാടിയ നടിക്ക് സംവിധായകനില്‍ നിന്നും ഉണ്ടായ പീഡനങ്ങള്‍ അപലപനീയമാണ്. ഈ വിഷയത്തില്‍ പൊലീസും ശക്തമായി ഇടപെടണമെന്നും ജോസഫൈന്‍ പറഞ്ഞു. കഴിഞ്ഞ ദിവസം ഒരു അഭിമുഖത്തിലാണ് ഉപ്പും മുളകും സീരിയലിന്റെ സംവിധായകന്‍ ഉണ്ണികൃഷ്ണനെതിരെ നിഷാ സാരംഗ് ഗുരുതരമായ വെളിപ്പെടുത്തലുകള്‍ നടത്തിയത്. ഫ്‌ലവേഴ്‌സ് ടിവിയുടെ ഫെയ്‌സ്ബുക്ക് പേജിലും നിഷാ സാരംഗിനെ അനുകൂലിച്ച് നിരവധിപേര്‍ കമന്റ് ചെയ്യുന്നുണ്ട്. സംവിധായകനെതിരെയും കടുത്ത പ്രതിഷേധമാണ് ഉയരുന്നത്.

സീരിയലില്‍ നിന്ന് തന്നെ ഒഴിവാക്കിയെന്നും, സംവിധായകന് തന്നോടുള്ള വ്യക്തി വൈരാഗ്യമാണ് സംഭവത്തിന്റെ പിന്നിലെന്നും നിഷ പറയുന്നു. സീരിയിലിന്റെ സംവിധായകന്‍ ഉണ്ണിക്കൃഷ്ണന്‍ തന്നോട് മുമ്പ് പലപ്പോഴും മോശമായി പെരുമാറിയിട്ടുണ്ട്. അന്ന് താന്‍ അതിനെ വിലക്കിയിരുന്നു. ഉപ്പും മുകളും സീരിയില്‍ അഭിനിയിക്കുന്ന വേളയിലും പല തവണ ഇയാള്‍ ശല്യപ്പെടുത്തി. താന്‍ ഇക്കാര്യം ശ്രീകണ്ഠന്‍ നായര്‍ സാറിനോടും ഭാര്യയോടും പറഞ്ഞു. തന്നെക്കുറിച്ച് ഇയാള്‍ പല അപവാദങ്ങളും പറഞ്ഞ് പരത്തി. അത് ചില മാധ്യമങ്ങളിലും പ്രചരിപ്പിച്ചു. സംവിധായകനെ അനുസരിക്കാതെ അമേരിക്കയിലേക്ക് പോയി. അതുകൊണ്ട് ഉപ്പും മുളകില്‍ നിന്നും തന്നെ മാറ്റി നിര്‍ത്തുകയാണെന്നാണ് തനിക്ക് കിട്ടിയ അറിവ്. എന്നാല്‍ ചാനല്‍ ഡയറക്ടറുടെ അടക്കം രേഖാ മൂലം അനുവാദം വാങ്ങിയാണ് ഞാന്‍ അമേരിക്കയില്‍ നടന്ന അവാര്‍ഡ് ഷോയ്ക്ക് പോയതെന്നും നിഷ വിശദീകരിക്കുന്നു.

താന്‍ വിവാഹം കഴിക്കാതെ ഒരുമിച്ചു താമസിക്കുന്ന സ്ത്രീയാണെന്ന് വാര്‍ത്ത കൊടുത്തു. സെറ്റില്‍ ലിംവിഗ് ടുഗതര്‍ എന്ന പറഞ്ഞ് പരിഹസിച്ചു. വീട്ടുകാരുടെ അനുവാദത്തോടെയാണ് വിവാഹം കഴിച്ച വ്യക്തിയാണ് താന്‍. പല മോശം പദങ്ങള്‍ ഉപയോഗിച്ചാണ് സംവിധായകന്‍ ആര്‍ട്ടിസ്റ്റുകളെ വിളിച്ചിരുന്നത്. തന്നെ അനുസരിക്കാത്ത വ്യക്തിയെ പാഠം പഠിപ്പിക്കുമെന്ന് സംവിധായകന്‍ പറഞ്ഞിരുന്നു. കാരണം പറയാതെയാണ് തന്നെ സീരിയില്‍ നിന്നും പുറാത്താക്കിയതെന്നും നിഷാ സാരംഗ് പറയുന്നു. മദ്യപിച്ചാണ് സംവിധായകന്‍ സൈറ്റില്‍ വന്നിരുന്നത്. ആത്മ സംഘടന തനിക്ക് ഒപ്പം നില്‍ക്കുമെന്ന് പ്രതീക്ഷിക്കുന്നതായും താരം പറഞ്ഞു.

മുന്‍പ് ഉണ്ണികൃഷ്ണന്റെ ഭാഗത്ത് നിന്നും മോശം അനുഭവങ്ങള്‍ ഉണ്ടായിട്ടുണ്ട്. എന്നോട് വളരെ മോശമായി പുള്ളി പെരുമാറിയിട്ടുണ്ട്. ഞാനതിനെ ഭയങ്കരമായി എതിര്‍ത്തിട്ടുണ്ട്. എന്നാല്‍ എത്ര ആട്ടി ഓടിച്ചാലും പിന്നേം തോണ്ടാന്‍ വരും. മോശമായ വാക്കുകള്‍ ഉപയോഗിക്കും. എന്നോടിങ്ങനെ പറയരുതെന്ന് പല വട്ടം പറഞ്ഞിട്ടും കേട്ടിട്ടില്ല. മൊബൈലിലേക്ക് മെസേജുകള്‍ ഒക്കെ അയക്കും. സഹതാരമായ ബിജു സോപാനം പല തവണ ഇത് സംവിധായകനോട് ചോദിച്ചിട്ടുണ്ട്. എന്നിട്ടും കാര്യമൊന്നും ഉണ്ടായിട്ടില്ല. പിന്നീട് എടീ പോടി എന്ന് തുടങ്ങി മോശം വാക്കുകള്‍ വരെ വിളിക്കാന്‍ തുടങ്ങിയതോടെ ഞാന്‍ ശ്രീകണ്ഠന്‍ സാറിന് ഫോണ്‍ ചെയ്ത് വിവരം പറഞ്ഞു. അദ്ദേഹം ഉണ്ണികൃഷ്ണനെ കണ്ട് വാര്‍ണിങ് കൊടുത്തു. അതിന് ശേഷം എന്നോട് ദേഷ്യമുണ്ട്. എങ്ങനെയൊക്കെ ഒരു സ്ത്രീയെ വേദനിപ്പിക്കാമോ അതുപോലെ ഒക്കെ വേദനിപ്പിച്ചിട്ടുണ്ട്. കരഞ്ഞു കൊണ്ടാണ് ഞാന്‍ മിക്ക ദിവസവും അഭിനയിച്ചിട്ടുള്ളത്.

ലൊക്കേഷനില്‍ വെച്ച് പലതവണ സംവിധായകന്‍ മാനസികമായി വേദനിപ്പിച്ചിട്ടുണ്ട്. ലൊക്കേഷനില്‍ നേരിടേണ്ടി വന്ന മോശം പെരുമാറ്റത്തെക്കുറിച്ച് പല തവണ പരാതി നല്‍കിയിരുന്നു. എം.ഡി താക്കീത് ചെയ്തിട്ടും യാതൊരു പ്രയോജനവും ഉണ്ടായില്ല. സംഘടനകളില്‍ നിന്ന് നീതി കിട്ടുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഉപ്പും മുളകും എനിക്ക് ഏറെ പ്രശസ്തി കിട്ടിയ പരിപാടിയാണ്. എന്നാല്‍ മാനസികമായി ഒരുപാട് വേദനിച്ചിട്ടുണ്ട്. കുടുംബത്തിന് വേണ്ടിയാണ് എല്ലാം സഹിച്ചത്. അവധി പോലും എടുക്കാതെ ജോലി ചെയ്തിരുന്ന വ്യക്തിയാണ് ഞാന്‍. അച്ഛനില്ലാതെയാണ് ഞാന്‍ എന്റെ രണ്ട് മക്കളെ വളത്തിയത്. മൂത്ത മകളുടെ കല്യാണത്തിനും അവളുടെ പ്രസവത്തിനുമെല്ലാം വെറും മൂന്നു ദിവസമാണ് ഞാന്‍ അവധിയെടുത്ത് പോയത്. അവളുടെ പ്രസവം വളരെ കോംപ്ലിക്കേറ്റഡ് ആയിരുന്നു.

കുഞ്ഞ് ഒരു മാസത്തിനോളം ഐ.സി.യുവില്‍ ആയിരുന്നു. എന്നിട്ടും ഞാന്‍ കാരണം ആ പരിപാടിക്കൊന്നും സംഭവിക്കരുതെന്ന് കരുതി അഭിനയിച്ചു. എല്ലാം സഹിച്ച് ഞാന്‍ നിന്നത് എന്റെ കുടുംബത്തിന് വേണ്ടിയാണ്. ഞാന്‍ ജോലി എടുത്താലേ കാര്യങ്ങള്‍ മുന്നോട്ട് പോകുമായിരുന്നുള്ളൂ. എന്റെ കുടുംബത്തെ മുന്നോട്ട് നയിക്കാനാണ് ഞാന്‍ എല്ലാം ക്ഷമിച്ചത്. എന്നോടുള്ള വൈരാഗ്യം എന്റെ കഥാപാത്രത്തോടും കാട്ടുകയാണ്. ആ സംവിധായകന്‍ ഉള്ളിടത്തോളം കാലം ആ സീരിയലിലേക്ക് തിരിച്ച് പോകാന്‍ ആഗ്രഹിക്കുന്നില്ല. അല്ലെങ്കില്‍ സംവിധായകനില്‍ നിന്ന് ഒരുതരത്തിലുമുള്ള മാനസിക പീഡനവും ഏല്‍ക്കില്ലെന്ന് ചാനല്‍ ഉറപ്പ് നല്‍കണം, അങ്ങനെയാണെങ്കില്‍ മാത്രം താന്‍ അഭിനയിക്കുമെന്നും നിഷ വ്യക്തമാക്കി.

 

 

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.