1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 19, 2016

സ്വന്തം ലേഖകന്‍: സിറിയയില്‍ അമേരിക്കന്‍ സേന വെടിനിര്‍ത്തല്‍ ലംഘിച്ചു, പ്രതിഷേധം അറിയിച്ച് റഷ്യയും സിറിയയും. അമേരിക്കന്‍ സഖ്യസേന സിറിയന്‍ സൈനിക പോസ്റ്റിന് നേരെ ആക്രമണം നടത്തിയതാണ് പ്രതിസന്ധി രൂക്ഷമാക്കിയിരിക്കുന്നത്. സംഭവം അമേരിക്കയും റഷ്യയും തമ്മിലുളള രസക്കേട് വര്‍ദ്ധിപ്പിക്കുകയും ചെയ്തു. ആക്രമണത്തില്‍ അമേരിക്ക ഖേദം പ്രകടിപ്പിച്ചിട്ടുണ്ട്.

വെടിനിര്‍ത്തല്‍ നിലവില്‍ വന്നതിന് ശേഷം അമേരിക്കക്കും റഷ്യക്കും പരസ്പരം വാചക യുദ്ധം നടത്തിവരുന്നതിനിടെയാണ് കിഴക്കന്‍ സിറിയയിലെ സൈനികക്യാമ്പിന് നേരെ ഉണ്ടായ ആക്രമണം. 62 സിറിയന്‍ സൈനികരാണ് ആക്രമണത്തില്‍ കൊല്ലപ്പെട്ടത്. ദേര്‍ അല്‍സോയര്‍ വിമാനത്താവളത്തിന് സമീപത്തായിരുന്നു ആക്രമണം. വിമതരോട് അമേരിക്ക കൂടുതല്‍ അകലം പാലിച്ചിട്ടില്ലെങ്കില്‍ വെടിനിര്‍ത്തലില്‍ നിന്നും പിന്മാറുമെന്ന് നേരത്തെ തന്നെ റഷ്യ വ്യക്തമാക്കിയിരുന്നു.

ഇതിന് പിന്നാലെ സിറിയന്‍ സൈനിക ക്യാമ്പിന് നേരെ ആക്രമണം നടന്നത് സ്ഥിതിഗതികള്‍ കൂടുതല്‍ രൂക്ഷമാക്കി. ബോധപൂര്‍വ്വമല്ല ആക്രമണം നടത്തിയത് എന്നായിരുന്നു ഇത് സംബന്ധിച്ച അമേരിക്കയുടെ പ്രതികരണം. സൈനികരുടെ ജീവന്‍ നഷ്ടമായതില്‍ അമേരിക്ക ഖേദവും പ്രകടിപ്പിച്ചു. വെടിനിര്‍ത്തലിന്റെ ഭാവി എന്താകും എന്ന കാര്യത്തില്‍ സംശയം ഉണ്ടെന്ന് റഷ്യയും പ്രതികരിച്ചു.

കഴിഞ്ഞ തിങ്കളാഴ്ച മുതലാണ് സിറിയിയല്‍ വെടിനിര്‍ത്തല്‍ നിലവില്‍ വന്നത്. ഏഴ് ദിവസം നീണ്ടുനില്‍ക്കുന്ന വെടിനിര്‍ത്തലിന് ശേഷം ഇസ്‌ലാമിക് സ്റ്റേറ്റിനും അല്‍നുസ്രക്കും എതിരെ യോജിച്ചുള്ള പോരാട്ടത്തിനും റഷ്യയും അമേരിക്കയും തമ്മില്‍ ധാരണയില്‍ എത്തിയിരുന്നു. എന്നാല്‍ പുതിയ സാഹചര്യത്തില്‍ ഇതിനുള്ള സാധ്യതകള്‍ വിരളമാണെന്നാണ് നിരീക്ഷകരുടെ വിലയിരുത്തല്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.