1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 15, 2018

സ്വന്തം ലേഖകന്‍: രൂക്ഷമായ പ്രതിഷേധത്തിനിടെ ജറുസലേമില്‍ യുഎസ് എംബസി തുറന്നു; ഇസ്രയേല്‍ സേനയുടെ വെടിവെപ്പില്‍ 37 മരണം. ഉദ്ഘാടനച്ചടങ്ങില്‍നിന്നു ലോകരാജ്യങ്ങള്‍ വിട്ടുനിന്നു. എംബസി മാറ്റത്തില്‍ യൂറോപ്യന്‍ യൂണിയന്‍ ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി. ജറുസലമിലെ യുഎസ് കോണ്‍സുലേറ്റിലാണ് എംബസി പ്രവര്‍ത്തനമാരംഭിച്ചത്. ടെല്‍ അവീവില്‍നിന്നുള്ള എംബസി മാറ്റം പൂര്‍ണമാകുന്നതോടെ വിശാലമായ മറ്റൊരു സ്ഥലം കണ്ടെത്തി എംബസി കെട്ടിടം നിര്‍മിക്കും.

നേരത്തേ റെക്കോര്‍ഡ് ചെയ്ത വിഡിയോ പ്രസംഗത്തിലൂടെയാണു യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ് ചടങ്ങിനെ അഭിസംബോധന ചെയ്തത്. വാഗ്ദാനം പാലിച്ചതിനു ട്രംപിന് ഇസ്രയേല്‍ പ്രധാനമന്ത്രി ബെന്യാമിന്‍ നെതന്യാഹു നന്ദി പറഞ്ഞു. വൈറ്റ് ഹൗസ് ഉപദേശകരായ മകള്‍ ഇവാന്‍ക ട്രംപ്, ഭര്‍ത്താവ് ജറീദ് കുഷ്‌നര്‍, യുഎസ് ഡെപ്യൂട്ടി സ്റ്റേറ്റ് സെക്രട്ടറി ജോണ്‍ സള്ളിവന്‍ തുടങ്ങിയവര്‍ പങ്കെടുത്തു. ഇവാ!ന്‍കയാണ് എംബസി ഉദ്ഘാടനം നിര്‍വഹിച്ചത്.

യുഎസ്–ഇസ്രയേല്‍ സൈനിക സഹായം സ്വീകരിക്കുന്ന ഗ്വാട്ടിമാല അടക്കം ഏതാനും ചെറുരാജ്യങ്ങള്‍ മാത്രമേ യുഎസ് നടപടി പിന്‍തുടര്‍ന്ന് ജറുസലമിലേക്ക് എംബസി മാറ്റിയിട്ടുള്ളു. ജറുസലമിലേക്ക് എംബസി മാറ്റത്തിനില്ലെന്ന് യുഎസിന്റെ സഖ്യകക്ഷിയായ ബ്രിട്ടന്‍ വ്യക്തമാക്കി. യുഎസ് നടപടിയോടു വിയോജിക്കുന്നതായും യുകെ പ്രധാനമന്ത്രി തെരേസ മേയുടെ വക്താവ് പ്രസ്താവിച്ചു. യുഎസ് നടപടിക്കെതിരെ രാജ്യാന്തര കോടതിയെ സമീപിക്കുമെന്നു പലസ്തീന്‍ വിദേശകാര്യ മന്ത്രി റിയാദ് അല്‍ മല്‍കി പറഞ്ഞു.

ജറുസലമില്‍ യുഎസ് എംബസി തുറന്നതില്‍ പ്രതിഷേധിച്ച പലസ്തീന്‍കാര്‍ക്കുനേരെ ഇസ്രയേല്‍ സേന നടത്തിയ വെടിവയ്പ്പില്‍ 37 പേര്‍ കൊല്ലപ്പെട്ടു. 1,300 പേര്‍ക്കു പരുക്കേറ്റു. ഗാസയില്‍ ഭരിക്കുന്ന ഹമാസ് ‘ഗ്രേറ്റ് മാര്‍ച്ച് ഓഫ് റിട്ടേണ്‍’ എന്ന പേരില്‍ കഴിഞ്ഞ ആറാഴ്ചയായി വന്‍ പ്രതിഷേധം നടത്തിവരികയായിരുന്നു. എന്നാല്‍ അതിര്‍ത്തിയില്‍ സ്ഥാപിച്ചിരിക്കുന്ന വേലി ഭേദിക്കാനാണ് പ്രതിഷേധക്കാര്‍ ശ്രമിക്കുന്നതെന്നാണ് ഇസ്രയേലിന്റെ വാദം.

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.