1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 18, 2019

സ്വന്തം ലേഖകന്‍: മികച്ച വിദ്യാഭ്യാസ യോഗ്യതയും ഉയര്‍ന്ന തൊഴില്‍ വൈദഗ്ധ്യവും അടിസ്ഥാനമാക്കിയുള്ള പുതിയ കുടിയേറ്റ നയവുമായി യുഎസ് പ്രസിഡന്റ് ഡോണള്‍ഡ് ട്രംപ്. വിദേശികള്‍ക്ക് യുഎസില്‍ ജോലിയോടൊപ്പം സ്ഥിരതാമസം ഉറപ്പാക്കുന്ന നിലവിലെ ഗ്രീന്‍ കാര്‍ഡിനു പകരം ‘ബില്‍ഡ് അമേരിക്ക’ വീസ ഏര്‍പ്പെടുത്തും. ഇവരുടെ പ്രായം, അറിവ്, തൊഴില്‍ സാധ്യതകള്‍, പൗരബോധം എന്നിവ വിലയിരുത്തി പോയിന്റ് നിശ്ചയിക്കും. ദേശീയ ഐക്യം ഉറപ്പിക്കുന്നതിന്റെ ഭാഗമായി ഇംഗ്ലിഷ് നൈപുണ്യം, പൗരബോധം എന്നിവയില്‍ പരീക്ഷകളുമുണ്ടാകും. തൊഴില്‍ വൈദഗ്ധ്യമുള്ളവര്‍ക്കുള്ള ക്വോട്ട 12 ല്‍ നിന്ന് 57% ആക്കി ഉയര്‍ത്തുമെന്നും വൈറ്റ്ഹൗസിലെ റോസ് ഗാര്‍ഡനില്‍ കുടിയേറ്റ നിര്‍ദേശങ്ങള്‍ അവതരിപ്പിച്ചുകൊണ്ട് ട്രംപ് വ്യക്തമാക്കി.

ലോകത്തെ ഏറ്റവും മികച്ചവരും വിദഗ്ധരുമായവരെ യുഎസിലേക്ക് ആകര്‍ഷിക്കാന്‍ നിലവിലെ ചട്ടങ്ങള്‍ക്ക് കഴിയുന്നില്ലെന്ന് ട്രംപ് ചൂണ്ടിക്കാട്ടി. പല കമ്പനികളും യുഎസ് വിട്ട് മറ്റു രാജ്യങ്ങളിലേക്ക് ഓഫിസ് മാറ്റുന്ന സ്ഥിതിയുണ്ട്. രാജ്യത്തു കുടുംബബന്ധങ്ങള്‍ ഉള്ളവര്‍ക്കാണു നിലവിലെ വീസ ചട്ടങ്ങളില്‍ കൂടുതല്‍ പരിഗണന ലഭിക്കുന്നത്. നിലവില്‍ 11 ലക്ഷം ഗ്രീന്‍ കാര്‍ഡ് ആണ് ഓരോ വര്‍ഷവും യുഎസ് അനുവദിക്കുന്നത്. പുതിയ ചട്ടങ്ങളുടെ കാര്യത്തില്‍ കാനഡ പോലുള്ള രാജ്യങ്ങളാണ് മാതൃകയെന്നും ട്രംപ് പറഞ്ഞു.

നിലവില്‍ യുഎസില്‍ കുടിയേറിയവരില്‍ 12 ശതമാനത്തിനാണ് തൊഴില്‍ വൈദഗ്ധ്യത്തിന്റെ പേരില്‍ ഇതിന് അവസരം ലഭിച്ചിട്ടുള്ളത്. ഈ ക്വോട്ട 57 ശതമാനമോ അതിലധികമോ ആയി ഉയര്‍ത്തും. പുതിയ നിര്‍ദേശങ്ങള്‍ ഗ്രീന്‍ കാര്‍ഡിനായി കാത്തിരിക്കുന്ന ഇന്ത്യക്കാരായ ആയിരക്കണക്കിന് എച്ച്1 ബി വീസക്കാര്‍ക്ക് പ്രയോജനം ചെയ്യുമെന്നാണു വിലയിരുത്തല്‍. അതേസമയം, കുടിയേറ്റ നിയമങ്ങളില്‍ ട്രംപ് നിര്‍ദേശിക്കുന്ന പരിഷ്‌കാരങ്ങള്‍ക്ക് ഡെമോക്രാറ്റുകള്‍ക്കു ഭൂരിപക്ഷമുള്ള യുഎസ് ജനപ്രതിനിധി സഭയുടെ അംഗീകാരം ഉടന്‍ ലഭിക്കില്ലെന്നാണു വിലയിരുത്തല്‍. ഇക്കാര്യം പരാമര്‍ശിച്ച ട്രംപ്, അടുത്തവര്‍ഷം നടക്കുന്ന പ്രസിഡന്റ് തിരഞ്ഞെടുപ്പില്‍ ഇത് ഒരു വിഷയമായി ഉയര്‍ത്തുമെന്ന സൂചനയും നല്‍കി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.