1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 19, 2018

സ്വന്തം ലേഖകന്‍: ഇറാനെതിരെ വിശാല സഖ്യം രൂപീകരിക്കാന്‍ അമേരിക്ക; ലക്ഷ്യം ഇറാന്‍ സര്‍ക്കാരിനെ അസ്ഥിരപ്പെടുത്തല്‍. ഇതു സംബന്ധിച്ച വിശദമായ പദ്ധതി തിങ്കളാഴ്ച പുതിയ വിദേശകാര്യ സെക്രട്ടറി മൈക് പോംപിയോ തന്റെ ആദ്യ നയവിശദീകരണ പ്രസംഗത്തില്‍ അവതരിപ്പിക്കുമെന്ന് വിദേശകാര്യ വകുപ്പ് വക്താവ് ഹീതര്‍ ന്യൂവര്‍ട്ട് അറിയിച്ചു. ‘ഇറാനെതിരെ വിശാലമായ സഖ്യം രൂപപ്പെടുത്താനാണ് യു.എസ് ശ്രമം. ലോകത്തിന്റെ വിവിധ ഭാഗങ്ങളിലുള്ള രാജ്യങ്ങളെ ഒരുമിച്ച് ഇറാനെതിരെ നിലപാടെടുക്കാന്‍ പ്രേരിപ്പിക്കണം. മേഖലക്ക് മാത്രമല്ല, ലോകത്തിനുതന്നെ ഭീഷണിയായ ഇറാന്‍ ഭരണകൂടത്തിന്റെ പ്രവര്‍ത്തനങ്ങളെ അങ്ങനെ അസ്ഥിരപ്പെടുത്താനാവണം,’ ന്യൂവര്‍ട്ട് പറഞ്ഞു.

അമേരിക്കയുടെ നീക്കം ഇറാന്‍ ജനങ്ങള്‍ക്കെതിരല്ലെന്നും ഭരണകൂടത്തിന്റെ മോശം പ്രവര്‍ത്തനങ്ങള്‍ക്കെതിരെ മാത്രമാണെന്നും അവകാശപ്പെട്ട ന്യൂവര്‍ട്ട് സിറിയയിലും ഇറാഖിലും ഇസ്‌ലാമിക് സ്‌റ്റേറ്റിനെതിരെ രൂപപ്പെടുത്തിയതുപോലുള്ള സഖ്യമാണ് ഇറാനെതിരെയും ലക്ഷ്യമിടുന്നതെന്ന് കൂട്ടിച്ചേര്‍ത്തു. എന്നാല്‍, ഈ സഖ്യത്തിന് ഐ.എസിനെതിരെയുള്ളതുപോലെ സൈനിക നടപടിക്കുള്ള വിഭാഗമുണ്ടാകുമോ എന്ന കാര്യം ന്യൂവര്‍ട്ട് വെളിപ്പെടുത്തിയില്ല.

ഇറാനുമായി അഞ്ച് രാജ്യങ്ങള്‍ക്കൊപ്പം ചേര്‍ന്ന് ഒപ്പുവെച്ച ആണവ കരാറില്‍നിന്ന് അമേരിക്ക പിന്‍വാങ്ങാനുണ്ടായ കാരണങ്ങളെക്കുറിച്ച് 200 ഓളം വിദേശ നയതന്ത്ര പ്രതിനിധികള്‍ക്ക് വിദേശകാര്യ വകുപ്പ് കഴിഞ്ഞ ദിവസം വിശദീകരിച്ചുകൊടുത്തതായി ന്യൂവര്‍ട്ട് അറിയിച്ചു. രണ്ടാഴ്ച മുമ്പാണ് ട്രംപ് ഭരണകൂടം കരാറില്‍നിന്ന് പിന്‍വാങ്ങിയത്. പ്രസിഡന്റായി തെരഞ്ഞെടുക്കപ്പെട്ടാല്‍ ആണവ കരാറില്‍നിന്ന് പിന്മാറുമെന്ന് ഡോണള്‍ഡ് ട്രംപ് നേരത്തേതന്നെ പ്രഖ്യാപിച്ചിരുന്നു.

 

 

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.