1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee December 13, 2016

സ്വന്തം ലേഖകന്‍: തമിഴ്‌നാട്, ആന്ധ്ര തീരത്ത് വര്‍ദാ ചുഴലിക്കാറ്റിന്റെ താണ്ഡവം, ഏഴു പേര്‍ മരിച്ചു, കനത്ത നാശനഷ്ടം. വീശിയടിച്ച കാറ്റില്‍ ആയിരക്കണക്കിന് മരങ്ങള്‍ കടപുഴകി വീണു. റെയില്‍, റോഡ്, വ്യോമഗതാഗതം തടസ്സപ്പെട്ടു. വീടുകള്‍ക്കും കെട്ടിടങ്ങള്‍ക്കും നാശനഷ്ടം സംഭവിച്ചു. ദേശീയ ദുരന്തനിവാരണസേനയും സൈന്യവും പോലീസും സന്നദ്ധസേവന സംഘടനകളും ദുരിതാശ്വാസപ്രവര്‍ത്തനത്തിന് ഇറങ്ങി.തമിഴ്‌നാട്ടില്‍ പതിനായിരത്തോളം പേരെയാണ് മാറ്റിപ്പാര്‍പ്പിച്ചത്. ആന്ധ്രയില്‍ ഒമ്പതിനായിരത്തോളംപേരെ സുരക്ഷിതസ്ഥാനത്തേക്ക് മാറ്റി. ചുഴിക്കാറ്റിനൊപ്പം പെയ്ത കനത്തമഴയില്‍ ചെന്നൈനഗരത്തിന്റെ പല ഭാഗങ്ങളും വെള്ളക്കെട്ടിലായി.

പ്രതികൂല കാലാവസ്ഥയെത്തുടര്‍ന്ന് ചെന്നൈ വിമാനത്താവളം അടച്ചിട്ടിരിക്കുകയാണ്. ഒട്ടേറെ വിമാനസര്‍വീസുകള്‍ റദ്ദാക്കി, ചിലത് മണിക്കൂറുകളോളം വൈകി. മറ്റു ചിലത് വഴിതിരിച്ചുവിട്ടു. ചൊവ്വാഴ്ച പുലര്‍ച്ചെ പ്രവര്‍ത്തനങ്ങള്‍ പുനരാരംഭിക്കാന്‍ കഴിയുമെന്നാണ് കരുതുന്നതെന്ന് വിമാനത്താവളം ഡയറക്ടര്‍ ചന്ദ്രമൗലി പറഞ്ഞു. ചെന്നൈ സെന്‍ട്രല്‍, എഗ്മൂര്‍ റെയില്‍വേ സ്റ്റേഷനുകളിലും പ്രവര്‍ത്തനങ്ങള്‍ തടസ്സപ്പെട്ടു. 18 തീവണ്ടി സര്‍വീസുകളാണ് റദ്ദാക്കിയത്. ഒട്ടേറെ സര്‍വീസുകള്‍ വഴിതിരിച്ചുവിട്ടു. ചെന്നൈയില്‍നിന്ന് കേരളത്തിലേക്കും തിരിച്ചുമുള്ള സര്‍വീസുകള്‍ ചൊവ്വാഴ്ചയോടെ പുനഃസ്ഥാപിക്കാനാവുമെന്നാണ് പ്രതീക്ഷിക്കുന്നതെന്ന് ദക്ഷിണ റെയില്‍വേ ചീഫ് പബ്‌ളിക് റിലേഷന്‍സ് ഓഫീസര്‍ ധനഞ്ജയന്‍ പറഞ്ഞു.

ഭാഗികമായി തടസ്സപ്പെട്ട ബസ്ഗതാഗതം പുനരാരംഭിക്കാന്‍ ചെന്നൈ മെട്രൊ ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്‍ അധികൃതര്‍ ശ്രമിക്കുന്നുണ്ട്. നഗരത്തില്‍ വൈദ്യുതിബന്ധം അധികൃതര്‍ വിച്ഛേദിച്ചു. കാറ്റടങ്ങിക്കഴിഞ്ഞ് മാത്രമേ വൈദ്യുതിവിതരണം സാധാരണനിലയിലാവുകയുള്ളൂവെന്ന് അധികൃതര്‍ അറിയിച്ചു.

തിങ്കളാഴ്ച ഉച്ചയോടെയാണ് വര്‍ദാ ചെന്നൈയിലൂടെ കടന്നുപോയത്. രാവിലെ എട്ടോടെ കാറ്റുംമഴയും തുടങ്ങിയിരുന്നു. ഉച്ചയ്ക്ക് പന്ത്രണ്ടോടെ കരുത്താര്‍ജിച്ച കാറ്റ് സംഹാരതാണ്ഡവമാടി. ഉച്ചതിരിഞ്ഞ് രണ്ടരയോടെ കാറ്റും മഴയും ശമിച്ചു. എന്നാല്‍ നാലരയോടെ വീണ്ടും ശക്തമായ കാറ്റടിച്ചു. രാത്രിയാണ് ശക്തി കുറഞ്ഞത്. ചൊവ്വാഴ്ച മഴ തുടരുമെന്നും ജനങ്ങള്‍ കരുതിയിരിക്കണമെന്നും കാലാവസ്ഥാ നിരീക്ഷണകേന്ദ്രം അധികൃതര്‍ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.