1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2015

സ്വന്തം ലേഖകന്‍: വിവാദ നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയെ പുകഴ്ത്തി എന്ന് ആരോപിച്ച് ക്രൂരമായി ആക്രമിക്കപ്പെട്ട ഇന്ത്യന്‍ വംശജയായ എഴുത്തുകാരി സൈനുബ് പ്രിയ ദലയെ മാനസികാരോഗ്യ കേന്ദ്രത്തില്‍ പ്രവേശിപ്പിച്ചു. നിരന്തര ഭീഷണിമൂലമുള്ള മാനസിക സമ്മര്‍ദമാണു കാരണമെന്നാണ് സൂചന.

ദക്ഷിണാഫ്രിക്കയിലെ ഡര്‍ബനില്‍ ഒരു സ്‌കൂളില്‍ കഴിഞ്ഞമാസം നടന്ന സാഹിത്യസമ്മേളനത്തിലെ പരാമര്‍ശത്തെ തുടര്‍ന്നാണ് പ്രിയ ദല ആക്രമിക്കപ്പെട്ടത്. ‘വാട്ട് എബൗട്ട് മീര എന്ന തന്റെ പുസ്തകം പ്രകാശനം ചെയ്യാന്‍ എത്തിയതായിരുന്നു അവര്‍. താന്‍ ഇഷ്ടപ്പെടുന്ന ശൈലിയുള്ള എഴുത്തുകാര്‍ സല്‍മന്‍ റുഷ്ദിയും അരുന്ധതി റോയിയും ആണെന്ന് പ്രിയ പറഞ്ഞു. തുടര്‍ന്ന് ഒരു വിഭാഗം കുട്ടികളും അധ്യാപകരും ചടങ്ങ് ബഹിഷ്‌കരിച്ചു. പ്രകാശനവും നടന്നില്ല. പിന്നീട് ഹോട്ടലിലേക്കു പോകവെ ഒരു സംഘം യുവാക്കള്‍ അവരെ തടഞ്ഞുനിര്‍ത്തി ഇഷ്ടിക കൊണ്ട് മുഖത്തിടിക്കുകയും കഴുത്തില്‍ കത്തിവച്ച് ഭീഷണിപ്പെടുത്തുകയും ചെയ്തു.

അതേസമയം, താന്‍ റുഷ്ദിയെ പുകഴ്ത്തി എന്ന ആരോപണം പ്രിയ ദല നിഷേധിച്ചു. ‘ഒരു പത്രപ്രവര്‍ത്തകന്‍ ‘സാത്താനിക് വേഴ്‌സസ് എന്ന നോവലിനെപ്പറ്റി പറഞ്ഞ് ബുദ്ധിമുട്ടിച്ചപ്പോള്‍ ആശയക്കുഴപ്പത്തിലായതായി ഞാന്‍ സമ്മതിച്ചു. എന്നാല്‍ ഞാന്‍ നോവലിനെ പുകഴ്ത്തി എന്നാണ് അയാള്‍ റിപ്പോര്‍ട്ട് ചെയ്തത് ട്വിറ്റര്‍ സന്ദേശത്തിലൂടെ പ്രിയ ദല പറഞ്ഞു. ‘പാപം ഏറ്റുപറയണമെന്നും മതത്തോടുള്ള കൂറ് പ്രഖ്യാപിക്കണമെന്നും ആവശ്യപ്പെട്ടുള്ള മാനസിക പീഡനം വര്‍ധിച്ചതോടെ, മനഃശാസ്ത്രജ്ഞ കൂടിയായ പ്രിയ ദല ആശുപത്രിയില്‍ അഭയം തേടുകയായിരുന്നു.

ഇന്ത്യന്‍ വംശജനായ ബ്രിട്ടിഷ് നോവലിസ്റ്റ് സല്‍മാന്‍ റുഷ്ദിയുടെ നോവലില്‍ മതനിന്ദ ആരോപിച്ച് അദ്ദേഹത്തെ വധിക്കാന്‍ ഇറാനിലെ ആത്മീയ നേതാവ് ആയത്തുല്ല ഖുമെയ്‌നി 1989ല്‍ ഫത്‌വ പുറപ്പെടുവിച്ചിരുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.