1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 27, 2011

സ്‌ട്രൈക്കര്‍മാരായ വെയ്ന്‍ റൂണിയുടെയും ഹാവിയര്‍ ഹെര്‍ണാണ്ടസിന്റെയും പരിക്കിന്റെ വേദനയില്‍ മാഞ്ചസ്റ്റര്‍ യുണൈറ്റഡ് ചാമ്പ്യന്‍സ് ലീഗിലെ രണ്ടാംഗ്രൂപ്പ് മത്സരത്തിന് ഇന്ന് കളത്തിലിറങ്ങുന്നു. പേശീവലിവ് നേരിട്ട രണ്ടു സൂപ്പര്‍ത്താരങ്ങളും ചൊവ്വാഴ്ച എഫ്.സി. ബാസലിനെതിരായ മത്സരത്തില്‍ കളിക്കില്ല. ആദ്യ മത്സരത്തില്‍ പോര്‍ച്ചുഗീസ് ടീം ബെന്‍ഫിക്കയോട് സമനില നേരിട്ട മാഞ്ചസ്റ്ററിന്റെ വിജയപ്രതീക്ഷകള്‍ക്ക് കനത്ത തിരിച്ചടിയാണ് റൂണിയുടെയും ഹെര്‍ണാണ്ടസിന്റെയും പരിക്ക്. സ്വിസ് ടീമിനെതിരെ മൈക്കല്‍ ഓവന്‍, ദിമിത്തര്‍ ബെര്‍ബറ്റോവ്, ഡാനി വെല്‍ബാക്ക് എന്നിവരില്‍നിന്ന് ആക്രമണനിരയെ കണ്ടെത്തേണ്ട സാഹചര്യത്തിലാണ് കോച്ച് അലക്‌സ് ഫെര്‍ഗൂസന്‍.

മാഞ്ചസ്റ്ററിന്റെ പരിക്ക് ഇവിടംകൊണ്ടും തീരുന്നില്ല. പ്രതിരോധത്തില്‍ നെമാന്യ വിദിച്ചും ജോണി ഇവാന്‍സും ക്രിസ് സ്മാളിങ്ങും കളിക്കുന്ന കാര്യവും സംശയത്തിലാണ്. കളത്തിന് പുറത്തിരിക്കുന്ന മറ്റ് താരങ്ങളില്‍ റാഫേല്‍, ടോം ക്ലെവര്‍ലി, ഡാരന്‍ ഗിബ്‌സണ്‍ എന്നിവരുടെ സേവനവും അലക്‌സ് ഫെര്‍ഗൂസന് ചൊവ്വാഴ്ച ലഭിച്ചേക്കില്ല. ആദ്യ മത്സരത്തില്‍ റുമാനിയന്‍ ടീം ഒട്ടേലുല്‍ ഗലാറ്റിയെ പരാജയപ്പെടുത്തിയ ബാസലാണ് ഇപ്പോള്‍ സി. ഗ്രൂപ്പില്‍ മുന്നിട്ടുനില്‍ക്കുന്നത്.

ഗ്രൂപ്പ് എ. യിലാണ് മറ്റൊരു ശ്രദ്ധേയ മത്സരം. ഇംഗ്ലീഷ് ടീം മാഞ്ചസ്റ്റര്‍ സിറ്റിയും ജര്‍മന്‍ ടീം ബയറണ്‍ മ്യൂണിക്കുമായാണ് ഗ്രൂപ്പ് എ. യിലെ ചൊവ്വാഴ്ചത്തെ മത്സരം. ഇറ്റാലിയന്‍ ടീം നാപ്പോളിയുമായി ആദ്യമത്സരത്തില്‍ സമനിലയില്‍ പിരിഞ്ഞ സിറ്റിക്കും യുണൈറ്റഡിനെപ്പോലെ വിജയം അത്യാവശ്യമാണ്. ഫുട്‌ബോളിലെ പരമ്പരാഗതശക്തികളും പുത്തന്‍ പണക്കാരും തമ്മിലുള്ള പോരാട്ടമായാണ് ഈ മത്സരം വിശേഷിപ്പിക്കപ്പെടുന്നത്. ഗ്രൂപ്പ് എ യിലെ രണ്ടാം മത്സരത്തില്‍ നാപ്പോളി സ്പാനിഷ് ടീം വിയ്യാറയലിനെ നേരിടും.

ഗ്രൂപ്പ് ബി. യില്‍ മുന്‍ ജേതാക്കളായ ഇന്റര്‍മിലാനും ചൊവ്വാഴ്ച വിജയത്തില്‍ കുറഞ്ഞൊന്നും പ്രതീക്ഷിക്കുന്നില്ല. തുര്‍ക്കി ടീം ട്രബോന്‍സ്പറിനോട് ആദ്യമത്സരത്തില്‍ തോറ്റ ഇന്റര്‍മിലാന്‍ വിജയവഴിയിലേക്ക് തിരിച്ചുവരാനാണ് ചൊവ്വാഴ്ച കളത്തിലിറങ്ങുന്നത്. റഷ്യന്‍ ചാമ്പ്യന്മാരായ സി.എസ്.കെ.എ. മോസ്‌കോയെ അവരുടെ തട്ടകത്തില്‍ നേരിടുമ്പോള്‍ വിജയത്തിന് ഇറ്റാലിയന്‍ വമ്പന്മാര്‍ക്ക് വിയര്‍പ്പൊഴിക്കേണ്ടിവരുമെന്ന് തീര്‍ച്ചയാണ്. ഗ്രൂപ്പ് ബി. യിലെ രണ്ടാം മത്സരത്തില്‍ ലീലും ട്രബോന്‍സ്പറും ഏറ്റുമുട്ടും.

ആദ്യമത്സരത്തില്‍ ഡൈനാമോ സഗ്രേബിനെ പരാജയപ്പെടുത്തി ഗ്രൂപ്പ് ഡി.യില്‍ മുന്നിട്ടുനില്‍ക്കുന്ന റയല്‍ മാഡ്രിഡിന് പത്താം കിരീടത്തിലേക്കുള്ള കുതിപ്പ് തുടരുകയാണ് ലക്ഷ്യം. യൂറോപ്യന്‍ ഫുട്‌ബോളിലെ പഴയ പടക്കുതിരകളായ അയാക്‌സിനെ സ്വന്തംഗ്രൗണ്ടില്‍ നേരിടുമ്പോള്‍ റയലിന് കാര്യമായ ആശങ്കകളില്ല. ഫ്രഞ്ച് ടീം ലിയോണും ഡൈനാമോ സഗ്രേബുമായാണ് രണ്ടാമത്തെ മത്സരം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.