1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 29, 2011

നിറംമങ്ങിയ സ്പിന്നര്‍ ഹര്‍ഭജന്‍സിങ്ങിനെ ഒഴിവാക്കിയും കൂടുതല്‍ പുതുമുഖങ്ങള്‍ക്ക് അവസരം നല്‍കിയും ഇംഗ്ളണ്ടിനെതിരായുള്ള ഏകദിന പരമ്പരക്കുള്ള ഇന്ത്യന്‍ ക്രിക്കറ്റ് ടീമിനെ പ്രഖ്യാപിച്ചു. അടുത്തമാസം നടക്കുന്ന പരമ്പരയിലെ രണ്ട് ഏകദിനങ്ങള്‍ക്കുള്ള പതിനഞ്ചംഗ ടീമിനെയാണ് പ്രഖ്യാപിച്ചത്.

കര്‍ണാടകയുടെ ഫാസ്റ്റ് ബൗളര്‍ ശ്രീനാഥ് അരവിന്ദ്, പഞ്ചാബ് ലെഗ്സ്പിന്നര്‍ രാഹുല്‍ ശര്‍മ എന്നീ പുതുമുഖങ്ങള്‍ക്കൊപ്പം യുവതാരങ്ങള്‍ക്കു കൂടിയാണ് അവസരം നല്‍കിയത്. ഇംഗ്ളണ്ട് പര്യടനത്തിനിടെ തലക്ക് പരിക്കേറ്റ ഓപണിങ് ബാറ്റ്സ്മാന്‍ ഗൗതം ഗംഭീര്‍ ടീമില്‍ ഇടംനേടിയപ്പോള്‍ പരിക്കില്‍നിന്ന് മോചിതരാവാത്ത സചിന്‍ ടെണ്ടുല്‍കര്‍, വീരേന്ദര്‍ സെവാഗ്, സഹീര്‍ഖാന്‍, യുവരാജ് സിങ്, മുനാഫ് പട്ടേല്‍, ഇഷാന്ത് ശര്‍മ, രോഹിത് ശര്‍മ എന്നീ സീനിയര്‍ താരങ്ങള്‍ക്ക് വിശ്രമം നല്‍കി. ഇംഗ്ളണ്ട് പര്യടനത്തില്‍ തിളങ്ങിയ പ്രവീണ്‍കുമാറിനെ ടീമില്‍ നിലനിര്‍ത്തി.

വിദര്‍ഭയുടെ ഉമേഷ് യാദവും പുതുമുഖം വരുണ്‍ ആരോണുമാണ് ടീമിലെ മറ്റ് പേസ് ബൗളര്‍മാര്‍. ഇംഗ്ളണ്ട് പര്യടനത്തിലെ ഏകദിന ടീമില്‍ ഇടംനേടിയെങ്കിലും ആരോണ്‍ കളിച്ചിരുന്നില്ല. ടീമിലിടം നേടിയ ഫാസ്റ്റ് ബൗളര്‍ ഉമേഷ് യാദവിനും തിരിച്ചുവരവാണ്. ദക്ഷിണാഫ്രിക്കന്‍ ടെസ്റ്റ് പരമ്പരക്കുള്ള ടീമില്‍ ഇടംനേടിയെങ്കിലും യാദവ് കളിച്ചിരുന്നില്ല. ഇംഗ്ളണ്ട് പര്യടനത്തില്‍ പകരക്കാരായി ഇടംനേടിയ അജിന്‍ക്യ രഹാനെയും മനോജ് തിവാരിയും നാട്ടിലെ പോരാട്ടത്തിലും ഇടംനേടി.

രവീന്ദ്ര ജദേജ, ആര്‍. അശ്വിന്‍, പാര്‍ഥിവ് പട്ടേല്‍ എന്നിവരെ ഉള്‍പ്പെടുത്തിയപ്പോള്‍ ലോകകപ്പ് കഴിഞ്ഞ് ടീമിലേക്ക് തിരിച്ചുവരവ് പ്രതീക്ഷിച്ച ഓള്‍റൗണ്ടര്‍ യൂസുഫ് പത്താനെയും പേസ് ബൗളര്‍ ആശിഷ് നെഹ്റയെയും ഉള്‍പ്പെടുത്തിയില്ല. രണ്ട് വിക്കറ്റ്കീപ്പര്‍മാരും അഞ്ച് പേസര്‍മാരും രണ്ട് സ്പിന്നര്‍മാരുമടങ്ങിയതാണ് ടീം. അഞ്ച് ഏകദിനങ്ങളടങ്ങിയ പരമ്പരയിലെ ആദ്യ മത്സരം ഒക്ടോബര്‍ 14ന് ഹൈദരാബാദിലാണ്. ദല്‍ഹി (17), മൊഹാലി (20), മുംബൈ (23), കൊല്‍ക്കത്ത (25) എന്നിവിടങ്ങളിലാണ് ശേഷിച്ച മത്സരങ്ങള്‍.

ടീം: എം. എസ് ധോണി (ക്യാപ്റ്റന്‍), ഗൗതം ഗംഭീര്‍, പാര്‍ഥിവ് പട്ടേല്‍, അജിന്‍ക്യ രഹാനെ, വിരാട് കോഹ്ലി, സുരേഷ് റെയ്ന, രവീന്ദ്ര ജദേജ, ആര്‍. അശ്വിന്‍, വരുണ്‍ ആരോണ്‍, ഉമേഷ് യാദവ്, വിനയ് കുമാര്‍, ശ്രീനാഥ് അരവിന്ദ്, രാഹുല്‍ ശര്‍മ, മനോജ് തിവാരി, പ്രവീണ്‍ കുമാര്‍,

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.