1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 6, 2011

നോബിള്‍

വര്‍ണ്ണങ്ങളുടെയും വരകളുടെയും ഇടങ്ങളില്‍ ഒളിഞ്ഞു കിടക്കുന്ന വിജ്ഞാന വിസമയങ്ങളെ പുറത്തെടുത്തു ചേതന യുകെ നടത്തിയ കലാ-സാഹിത്യ മത്സരങ്ങള്‍ക്ക് അപൂര്‍വ ചാരുതയുറെ നിറവില്‍ മികച്ച പര്യവസാനം.അഞ്ചു വയസ്സിനും 16 വയസ്സിനും മധ്യേ പ്രായമുള്ള കുട്ടികള്‍ക്കുവേണ്ടി ഒക്ടോബര്‍ 22- തീയതി ബോണ്‍മൌത്തിലെ കിന്‍സണ്‍ കമ്യൂണിറ്റി സെന്ററില്‍ സംഘടിപ്പിക്കപ്പെട്ട കലാസാഹിത്യ മത്സരങ്ങള്‍ക്ക് ഇതുവരെയും മികച്ച പ്രതികരണങ്ങളാണ് കലാസ്വാദകരില്‍ നിന്നും ലഭിച്ചുകൊണ്ടിരിക്കുന്നത്. ചേതനയുടെ വേദി പ്രതിഭകളുടെ മിന്നലാട്ടത്തിന്റെ തട്ടകമായതോടെ, സഹൃദയരായ കലാപ്രേമികളുടെ മനസ്സില്‍ വര്‍ണ്ണം മറക്കാത്ത അനുഭവമായി. കൌതുകങ്ങളുടെ മലര്‍വാടിയില്‍ ആനന്ദനടനം നടത്തുന്ന ചെറുബാല്യങ്ങള്‍ക്ക് ചേതന യുകെ ഇത്തവണ ഒരുക്കിക്കൊടുത്തത് ഒരു വസന്തകാലം തന്നെയായിരുന്നു.

മത്സരങ്ങള്‍ക്ക് മുന്നോടിയായി ഒരു പ്രശസ്ത കലാകാരന്‍ ജോസ് ആന്റണിയുടെ നേതൃത്വത്തില്‍ അരങ്ങേറിയ ചിത്രകലാപ്രദര്‍ശനവും തുടര്‍ന്നുള്ള സെമിനാര്‍ ക്ളാസ്സും വിജ്ഞാനവും വിനോദവും സദസ്യര്‍ക്കു സമ്മാനിച്ചു. ഓയില്‍ പെയിന്റിംഗുകളില്‍ നിന്നും എണ്ണഛായാ ചിത്രങ്ങളില്‍ നിന്നും തികച്ചും വ്യത്യസ്തമായ മാനങ്ങള്‍ അവംലംബിച്ചിട്ടുള്ള അബ്സ്ട്രാക്റ്റ് ആര്‍ട്ട് അഥവാ മോഡേണ്‍ ആര്‍ട്ട് എന്താണെന്ന് വളരെ ലളിതമായ ഭാഷയിലും ശൈലിയിലും സദസ്യര്‍ക്കു മുമ്പില്‍ അവതരിപ്പിച്ച് ജോസ് എല്ലാവരുടെയും ശ്രദ്ധ പിടിച്ചുപറ്റി. അവ്യക്തങ്ങളായ ബിംബങ്ങളിലൂടെയും പ്രതീകങ്ങളിലൂടെയും വ്യത്യസ്ഥമായ മേഖലകളില്‍ കലാകാരന്‍ ജനങ്ങളുമായി ആശയസംവേദനം ചെയ്യാന്‍ ശ്രമിക്കുകയാണ് അബ്സ്ട്രാക്റ്റ് ആര്‍ട്ടിലൂടെ നിര്‍വഹിക്കപ്പെടുന്നത്. ജീവിച്ചിരുന്ന കാലഘട്ടങ്ങളില്‍ കലാകാരനെ ഭ്രമിപ്പിച്ചിട്ടുള്ള പ്രമാണങ്ങളുടെയും പ്രത്യയസാസ്ത്രങ്ങളുടെയും നേരെയുള്ള ഉത്ഘടകമായ മാനസിക സംഘര്‍ഷങ്ങളുടെ അവ്യക്തമായ ആവിഷ്കരണമാണ് നൂതന കലാരൂങ്ങളിലൂടെ ചെയ്യപ്പെടുന്നതെന്ന് ജോസ് വ്യക്തമാക്കി. പക്ഷേ, ഈ കലാരൂപങ്ങള്‍ കാഴ്ചക്കാരില്‍ ഉണര്‍ത്തി വിടുന്ന പ്രതിഫലനങ്ങള്‍ കാഴ്ചക്കാരന്റെ മാനസിക നിലവാരത്തിനും കലാഭിരുചിക്കും അനുസരിച്ച് ആപേക്ഷികമായിരിക്കും.

ശില്പശാലയില്‍ ആധുനിക ചിത്രകലയെക്കുറിച്ചുള്ള പരാമര്‍ശത്തില്‍ രാജാരവിവര്‍മ്മ മുതല്‍ എം എഫ് ഹുസൈന്‍ വരെ അതിഥികളായെത്തി. സരസ്വതീ ദേവിയുടെ രൂപം നാല്വരകളില്‍ കോറിയിട്ട് അശ്ശീലലക്ഷണം നല്‍കിയെന്ന് ആരോപിക്കപ്പെട്ട് നാടുകടത്തപ്പെട്ട ഹുസൈനോട് കാട്ടിയത് ഒരു കലാകാരന്റെ ആവിഷ്കാര സ്വാതന്ത്യ്രത്തോടുള്ള കടുത്ത അനാദരവും വെല്ലുവിളിയുമായിരുന്നു എന്ന് പരക്കെ അഭിപ്രായമുണ്ടായിരുന്നുവെന്ന് ശില്പശാലയില്‍ വ്യക്തമാക്കപ്പെട്ടു. ശില്പകലയുടെയുംചിത്രകലയുടെയും വളര്‍ച്ചയുടെയും പുരോഗതിയുടെയും നാള്‍വഴികളില്‍ സാസ്കാരിക നവോത്ഥാനത്തിനും ഉയര്‍ത്തെഴുന്നേല്‍പ്പിനും കാരണങ്ങളായിത്തീര്‍ന്ന ഇപ്രഷനിസവും എക്സ്പ്രഷനിസവും റിയലിസവുമൊക്കെ പ്രതിപാദന വിഷയങ്ങളായിത്തീര്‍ന്നത് വിജ്ഞാനകുതികികളായ സദസ്യരില്‍ ഏറെ ആവേശം ഉണര്‍ത്തി. ഗബ്രിയേല്‍, ഡാവിഞ്ചി, മൈക്കല്‍ ആഞ്ചലോ, പിക്കാസോ തുടങ്ങിയ പ്രതിഭകളുടെ ചിത്രങ്ങളും അവയെക്കുറിച്ചുള്ള ചെറുവര്‍ണ്ണനകളും തികച്ചും വിജ്ഞാനപ്രദമായിരുന്നു.

ഉച്ചതിരിഞ്ഞാണ് കലാമത്സരങ്ങള്‍ ആരംഭിച്ചത്. പ്രായാടിസ്ഥാനത്തില്‍ മൂന്ന് വിഭാഗങ്ങളിലായാണ് മത്സരങ്ങള്‍ അരങ്ങേറിയത്. ബോണ്‍മൌത്തിന്റെ വിവിധ ഭാഗങ്ങളില്‍ നിന്നായി നിരവധി കുട്ടികളാണ് ഇത്തവണ മത്സരരംഗത്ത് തങ്ങളുടെ പ്രതിഭയുടെ മാറ്റുരച്ചത്.ആദ്യാവസാനം കുട്ടികളോടൊപ്പം രക്ഷിതാക്കളുടെയും അഭ്യുദേയ കാംക്ഷികളുടെയും സജീവ സാന്നിധ്യം നന്മ നിറഞ്ഞസുമനസ്സുകളുടെയും സഹൃദയരുടെയും ഐക്യദാര്‍ഢ്യത്തെയാണ് വിളിച്ചറിയിച്ചത്. ചേതന യുകെയുടെ കുടക്കീഴില്‍ അണിനിരന്ന നൂറ് കണക്കിന് കുട്ടികളുടെ വര്‍ണ്ണം 2011 സംഘടനകളുടെ സത്യാന്വേഷണപാതയിലെ മറ്റൊരു നാഴികക്കല്ലാണ്.

പ്രതിഭയുടെ മിന്നലാട്ടം തെളിയുന്നിടത്ത്, നന്മയുടെ നുറുങ്ങുവെട്ടം വിളങ്ങുന്നിടത്ത്, കാരുണ്യത്തിന്റെ നീരൊഴുക്ക് ആവശ്യമുള്ളിടത്ത് ചേതന യുകെയുടെ മാന്ത്രികകരസ്പര്‍ശം എന്നുമുണ്ടാകും. അക്ഷരത്തെ അശ്ശീലമായും കലയെ കൊലയായും മാത്രം കഴിയുന്ന അരസികരായ പിന്നാമ്പുറ വാസികള്‍ക്ക് ചേതനയുകെയുടെ സജീവ സാന്നിധ്യം ഏതെങ്കിലും തരത്തില്‍ അസഹനീയത സൃഷ്ടിക്കുന്നുണ്ടെങ്കില്‍ ദയാപുരസ്സരം ക്ഷമിക്കുക. വിജയികളായ കുട്ടികള്‍ക്കുള്ള സമ്മാനദാനം ഡിസംബര്‍ മാസം 25-ാം തീയതി ബോണ്‍മൌത്തില്‍ വച്ച് നടത്തപ്പെടുന്ന ചേതനയുടെ ക്രിസ്മസ് ഫെസ്റ് 2011 വേദിയില്‍വച്ച് നിര്‍വ്വഹിക്കപ്പെടുന്നതായിരിക്കുമെന്ന് ജനറല്‍ സെക്രട്ടറി ശ്രീകുമാര്‍ അറിയിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.