1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 8, 2011

ചെഷെയറില്‍ കാണാതായ പെണ്‍കുട്ടിയെ കൊലപ്പെടുത്തിയ കേസില്‍ മാതാപിതാക്കള്‍ അറസ്റ്റിലായി. മാനംകാക്കല്‍ കൊലപാതകമായിരുന്നു ഇതെന്ന് പൊലീസ് സ്ഥിരീകരിച്ചിട്ടുണ്ട്. എട്ടുവര്‍ഷമായി പൊലീസിനെ അലട്ടിയ കേസിനാണ് ഇതോടെ തുമ്പുണ്ടായത്. പതിനേഴുകാരിയായ ഷെഫിലിയയെ ആണ് 2003 സെപ്തംബറില്‍ കാണാതായത്. തുടര്‍ന്ന് മകളെ കാണാനില്ലെന്ന് കാണിച്ച് ഷെഫിലിയയുടെ മാതാപിതാക്കളായ ഇഫ്തിക്കര്‍ അഹമ്മദും ഫര്‍സാനയും പൊലീസില്‍ പരാതി നല്‍കിയിരുന്നു.

പിന്നീട് 2004ല്‍ ഷെഫിലിയയുടെ അഴുകിയ മൃതദേഹം ലേക്ക് ജില്ലയിലെ ഒരു നദീതീരത്തു നിന്നും കണ്ടെടുത്തു. ടാക്‌സി ഡ്രൈവറായ ഇഫ്തിക്കര്‍ അഹമ്മദ് മകള്‍ക്ക് ഒരു വിവാഹ ആലോചന കൊണ്ടുവന്നതിന്റെ തൊട്ടുപിന്നാലെയായിരുന്നു ഷെഫിലിയയുടെ തിരോധാനം. പഠനത്തില്‍ മിടുക്കിയായിരുന്ന ഷെഫിലിയയ്ക്ക് വിവാഹത്തില്‍ താല്‍പര്യമുണ്ടായിരുന്നില്ല. പഠിച്ച് അഭിഭാഷകയാകണമെന്നായിരുന്നു പെണ്‍കുട്ടിയുടെ ആഗ്രഹം. എന്നാല്‍ ഷെഫിലിയ വിവാഹത്തില്‍ എതിര്‍പ്പ് പ്രകടിപ്പിച്ചത് മറ്റാരെങ്കിലുമായി പ്രണയമുള്ളതിനാലാണെന്നും ഇത് തങ്ങളുടെ അഭിമാനം തകര്‍ക്കുമെന്നും മാതാപിതാക്കള്‍ ചിന്തിച്ചു.

2003ല്‍ തന്നെ 51കാരനായ ഇഫ്തിക്കര്‍ അഹമ്മദും 48കാരിയായ ഫര്‍സാനയും അറസ്റ്റിലായിരുന്നെങ്കിലും തെളിവില്ലാത്തതിനാല്‍ ഇവരെ വിട്ടയക്കുകയായിരുന്നു. കഴിഞ്ഞ വര്‍ഷവും ഇരുവരെയും പൊലീസ് ചോദ്യം ചെയ്‌തെങ്കിലും അന്നും കുറ്റം സമ്മതിച്ചില്ല. എന്നാല്‍ ഇത്തവണ ഇരുവരും കുറ്റം സമ്മതിച്ചിട്ടുണ്ട്.

കൊല്ലപ്പെട്ട ഷഫീലിയ

ഇരുവരെയും ചെഷെയറിലെ റണ്‍ക്രോണ്‍ കോടതിയില്‍ ഹാജരാക്കി. ഏഷ്യന്‍ വംശജരായ ഇവര്‍ കരഞ്ഞുകൊണ്ടാണ് കുറ്റമേറ്റു പറഞ്ഞത്. ഷെഫിലിയയുടെ സഹോദരി അലീഷ പൊലീസിന് കൈമാറിയ വിവരങ്ങളാണ് ഇവരെ കുടുക്കാന്‍ പൊലീസിനെ സഹായിച്ചത്. ക്രിമിനല്‍ സ്വഭാവമുള്ള അലീഷ വീട്ടില്‍ നടത്തിയ ഒരു കവര്‍ച്ചയ്ക്ക് പൊലീസ് പിടിയിലായതോടെയാണ് തെളിവ് നല്‍കിയത്.

ഷെഫിലിയ പാകിസ്ഥാനിലേക്ക് പോയെന്നാണ് ആദ്യം പൊലീസുകാര്‍ കരുതിയിരുന്നത്. ഇതനുസരിച്ച് പാകിസ്ഥാനിലും അന്വേഷണം നടത്തിയെങ്കിലും വിവരങ്ങളൊന്നും ലഭിച്ചില്ല. എന്നാല്‍ കേസില്‍ നിന്ന് രക്ഷപ്പെടാനും തെളിവുകള്‍ നശിപ്പിക്കാനും മാതാപിതാക്കള്‍ നടത്തിയ ആസൂത്രണത്തില്‍ താനും പങ്കെടുത്തുവെന്ന് അലീഷ വ്യക്തമാക്കി. മാതാപിതാക്കള്‍ വിവാഹാലോചന കൊണ്ടു വന്നതോടെ ഷെഫിലിയ പാകിസ്ഥാനിലേക്ക് ഒളിച്ചോടിയെങ്കിലും പിന്നീട് പഠനം പൂര്‍ത്തിയാക്കാന്‍ ബ്രിട്ടനില്‍ തിരിച്ചെത്തുകയായിരുന്നു. മാതാപിതാക്കള്‍ പഠിക്കാന്‍ അനുവദിക്കാം എന്ന് സമ്മതിച്ചതിനെ തുടര്‍ന്നായിരുന്നു തിരിച്ചു വരവ്. തിരിച്ചെത്തി രണ്ട് ദിവസത്തിനുള്ളില്‍ ഷെഫിലിയയെ കാണാതായി. ഷെഫിലിയയുടെ ഒരു അദ്ധ്യാപകന്‍ ഇവരെ തട്ടിക്കൊണ്ട് പോയി എന്നായിരുന്നു മാതാപിതാക്കള്‍ പരാതി നല്‍കിയത്.

അദ്ദേഹത്തെ ചോദ്യം ചെയ്തപ്പോഴാണ് നിര്‍ബന്ധിത വിവാഹ ആലോചനയുടെ കാര്യം പുറത്ത് വന്നത്. ഇതോടെ മാതാപിതാക്കള്‍ പൊലീസിന്റെ സംശയത്തിലായി. എന്നാല്‍ ആവശ്യമായ തെളിവുകള്‍ ലഭിക്കാത്തത് പൊലീസിനെ കുഴക്കി. പ്രതികളെ പൊലീസ് കസ്റ്റഡിയില്‍ റിമാന്‍ഡ് ചെയ്തിട്ടുണ്ട്. നാളെ ഇരുവരു ംക്രൗണ്‍ കോടതിയില്‍ ജാമ്യാപേക്ഷ നല്‍കും

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.