1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 13, 2024

സ്വന്തം ലേഖകൻ: കുടിയേറ്റം പിടിച്ചുനിർത്താൻ അടുത്ത വര്‍ഷം ഏപ്രില്‍ മുതല്‍ പുതിയ നികുതി നിര്‍ദ്ദേശങ്ങള്‍ നടപ്പാക്കാന്‍ സര്‍ക്കാര്‍ തയ്യാറെടുക്കുന്നതായി റിപ്പോര്‍ട്ടുകള്‍. നോണ്‍ റെസിഡന്റ് ഇന്ത്യാക്കാരെ (എന്‍ ആര്‍ ഐ) യും അടുത്തിടെ ബ്രിട്ടനിലേക്ക് കുടിയേറിയവരെയും ഇത് ബാധിക്കാനിടയുണ്ടെന്നാണ് റിപ്പോര്‍ട്ട്. ബ്രിട്ടനില്‍ സ്ഥിരതാമസം ആക്കാന്‍ ഉദ്ദേശിക്കുന്ന വ്യക്തികളെയും കുടുംബങ്ങളെയും കൂടുതല്‍ നികുതി നല്‍കാന്‍ നിര്‍ബന്ധിതരാക്കുന്ന പുതിയ നയം, 200 വര്‍ഷക്കാലമായി നിലനില്‍ക്കുന്ന ബ്രിട്ടീഷ് നികുതി വ്യവസ്ഥയെ പൊളിച്ചെഴുതുന്നതായിരിക്കും.

നോണ്‍ ഡോമിസില്‍ഡ് വിഭാഗത്തില്‍ പെടുന്ന യു കെ റെസിഡന്‍സിനെ ഉന്നം വച്ചാണ് പുതിയ നിര്‍ദ്ദേശങ്ങള്‍ വന്നിരിക്കുന്നത്. നിലവില്‍, എന്‍ ആര്‍ ഐ വിഭാഗത്തില്‍ പെടുന്നവര്‍ക്ക്, അവരുടെ ഇന്ത്യയില്‍ നിന്നുള്ള വരുമാനത്തിനും മൂൂലധന നേട്ടങ്ങള്‍ക്കും ബ്രിട്ടനില്‍ നികുതി അടക്കേണ്ടതില്ല.

പുതിയ നിര്‍ദ്ദേശമനുസരിച്ച് യു കെയില്‍ എത്തുന്നവര്‍ക്ക് ആദ്യത്തെ നാല് വര്‍ഷക്കാലം അവരുടെ വിദേശങ്ങളില്‍ നിന്നുള്ള വരുമാനത്തിന് നികുതി അടക്കേണ്ടതില്ല. എന്നാല്‍, അഞ്ചാമത്തെ വര്‍ഷം മുതല്‍, അവര്‍ക്ക് ലോകത്തിന്റെ ഏത് ഭാഗത്തു നിന്നു ലഭിക്കുന്ന വരുമാനത്തിനും നികുതി അടക്കേണ്ടതായി വരും. ഇതില്‍, വാടക, ബാങ്കിലെ സ്ഥിര നിക്ഷേപങ്ങള്‍, വിദേശങ്ങളില്‍ ഉള്ള ഓഹരികള്‍ എന്നിവയില്‍ നിന്നുള്ള വരുമാനങ്ങളും ഉള്‍പ്പെടും.

രണ്ട് വര്‍ഷം മുന്‍പ് ബ്രിട്ടനിലെത്തിയ എന്‍ ആര്‍ ഐ കള്‍ക്ക് അടുത്ത രണ്ട് വര്‍ഷക്കാലം കൂടി നോണ്‍- ഡോംസ് സ്റ്റാറ്റസ് ഉപയോഗിച്ച് നികുതി ആശ്വാസത്തിന് അപേക്ഷിക്കാവുന്നതാണ് എന്ന് ധ്രുവ അഡ്വൈസേഴ്‌സ് എല്‍ എല്‍ പി സി ഇ ഒ ദിനേശ് കനാബര്‍ പറയുന്നു. നിലവില്‍ യു കെ യിലെ ഏറ്റവും കൂടിയ നികുതി നിരക്ക് ഡിവിഡന്റുകള്‍ക്ക് 40 ശതമാനവും മറ്റ് വരുമാനങ്ങള്‍ക്ക് 45 ശതമാനവുമാണ്.

അതേസമയം, ഇന്ത്യയിലെ ഏറ്റവും കൂടിയ നികുതി നിരക്ക് ഡിവിഡന്റുകളില്‍ നിന്നുള്ള വരുമാനത്തിന് 10 ശതമാനവും, വാടകയില്‍ നിന്നുള്ള വരുമാനത്തിന് 28 ശതമാനവുമാണ് മറ്റു വരുമാനങ്ങള്‍ക്ക് 40 ശതമാനമാണ് ഇന്ത്യയിലെ നികുതി നിരക്ക്. ബ്രിട്ടനില്‍ താമസിക്കുന്ന എന്‍ ആര്‍ ഐ കള്‍, പുതിയ നിര്‍ദ്ദേശം നടപ്പിലായാല്‍, ഡിവിഡന്റില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനം നികുതി അധികമായി നല്‍കേണ്ടി വരും.

വാടകയിനത്തില്‍ നിന്നുള്ള വരുമാനത്തിന് 30 ശതമാനവും മറ്റ് വരുമാനങ്ങള്‍ക്ക് 5 ശതമാനവും അധികമായി നല്‍കേണ്ടി വരും. പുതിയ നികുതി ഘടനയനുസരിച്ച്, യു കെ യില്‍ കഴിഞ്ഞ ഒരു പതിറ്റാണ്ടായി താമസിക്കുന്ന, നോണ്‍- ഡോം പദവിയുള്ള എന്‍ ആര്‍ ഐ കള്‍ക്ക് അവരുടെ വിദേശത്തു നിന്നുള്ള വരുമാനത്തില്‍ ആദ്യ വര്‍ഷം 50 ശതമാനം നികുതി നല്‍കേണ്ടതായി വരും. അതിനു പുറമെ, 2025 ന് മുന്‍പുള്ള വ വിദേശ വരുമാനത്തില്‍ ആദ്യ രണ്ടു വര്‍ഷക്കലം 12 ശതമാനം നികുതി ഉണ്ടാവുകയും ചെയ്യും.

യു കെ യിലെക്ക് കുടിയേറാന്‍ ആഗ്രഹിക്കുന്ന ഇന്ത്യാക്കാര്‍, വരുന്ന ബ്രിട്ടീഷ് പൊതു തെരഞ്ഞെടുപ്പ് കഴിയുന്നത് വരെ കാത്തിരിക്കണമെന്നാണ് കനാബര്‍ പറയുന്നത്. പുതിയ സര്‍ക്കാര്‍ അധികാരത്തില്‍ എത്തിയാല്‍ ഈ നിര്‍ദ്ദേശങ്ങള്‍ റദ്ദാക്കിയേക്കുമെന്ന് അദ്ദേഹം കരുതുന്നു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.