1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2012

എല്‍ടിടിഇക്കെതിരായ പോരാട്ടത്തിനിടയില്‍ മനുഷ്യാവകാശലംഘനം നടത്തിയെന്നാരോപിച്ച് ശ്രീലങ്കയ്ക്കെതിരേ യുഎന്‍ മനുഷ്യവകാശ സമ്മേളനത്തില്‍ അമേരിക്ക കൊണ്ടുവന്ന പ്രമേയം പാസായി. പ്രമേയത്തെ ഇന്ത്യയും പാശ്ചാത്യരാജ്യങ്ങളും അനുകൂലിച്ചപ്പോള്‍ ചൈന, പാക്കിസ്ഥാന്‍, ബംഗ്ളാദേശ് എന്നീ രാജ്യങ്ങള്‍ എതിര്‍ത്തു വോട്ടുചെയ്തു. വോട്ടെടുപ്പില്‍ നിന്നു വിട്ടുനിന്ന മാലദ്വീപ് അമേരിക്കന്‍ പ്രമേയം അനാവശ്യമായിരുന്നുവെന്നു കുറ്റപ്പെടുത്തി. 47 അംഗ യുഎന്‍ മനുഷ്യാവകാശ സമിതിയില്‍ ഇന്ത്യ ഉള്‍പ്പെടെ 24 രാജ്യങ്ങള്‍ പ്രമേയത്തെ അനുകൂലിച്ചു. ചൈന ഉള്‍പ്പെടെ 15 രാജ്യങ്ങള്‍ എതിര്‍ത്തു വോട്ടുചെയ്തു. എട്ടു രാഷ്ട്രങ്ങള്‍ വോട്ടെടുപ്പില്‍നിന്നു വിട്ടുനിന്നു.

ഡിഎംകെ ഉള്‍പ്പെടെ തമിഴ്നാട്ടിലെ രാഷ്ട്രീയപാര്‍ട്ടികളുടെ ശക്തമായ സമ്മര്‍ദത്തെത്തുടര്‍ന്നാണ് പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്യാന്‍ കേന്ദ്രസര്‍ക്കാര്‍ തീരുമാനമെടുത്തത്. പ്രമേയത്തിന് അനുകൂലമായി വോട്ടു ചെയ്യുന്നില്ലെങ്കില്‍ കേന്ദ്രത്തിലെ യുപിഎ മന്ത്രിസഭയ്ക്കുള്ള പിന്തുണ പിന്‍വലിക്കുമെന്നുവരെ ഡിഎംകെ ഭീഷണി മുഴക്കിയിരുന്നു. ശങ്കരന്‍കോവില്‍ നിയമസഭാ സീറ്റിലേക്കുള്ള ഉപതെരഞ്ഞെടുപ്പു കഴിഞ്ഞതോടെ തമിഴ്നാട്ടിലെ ഭരണകക്ഷിയായ അണ്ണാ ഡിഎംകെയും പ്രമേയത്തിന് അനുകൂലമായ നിലപാടു സ്വീകരിച്ചു. പ്രശ്നത്തില്‍ ഡിഎംകെ അവസരം മുതലാക്കുന്നതു തടയുക എന്നതു ലക്ഷ്യമാക്കിയാണു മുഖ്യമന്ത്രി ജയലളിത ഈ നിലപാടു സ്വീകരിച്ചത്.

അന്താരാഷ്ട്ര മനുഷ്യാവകാശ നിയമങ്ങളുടെ ലംഘനത്തെ എങ്ങനെ അഭിമുഖീകരിക്കുന്നുവെന്നു വ്യക്തമാക്കണമെന്നു പ്രമേയം ശ്രീലങ്കയോട് ആവശ്യപ്പെടുന്നുണ്ട്. പ്രമേയത്തെ ശക്തമായി എതിര്‍ത്ത ശ്രീലങ്കന്‍ മന്ത്രി മഹീന്ദ സമരസിംഗെ, തന്റെ രാജ്യത്തെ മനുഷ്യാവകാശത്തെക്കുറിച്ചു പരിശോധിക്കാന്‍ പുറത്തുനിന്നുള്ളവരുടെ ആവശ്യമില്ലെന്നു വ്യക്തമാക്കി.

പ്രമേയത്തിന് അനുകൂലമായി വോട്ടുചെയ്ത നടപടിയെ ഇന്ത്യ പിന്നീടു ന്യായീകരിച്ചു. മനുഷ്യാവകാശം ഭരണകൂടങ്ങളുടെ ഉത്തരവാദിത്വത്തിനു കീഴില്‍ വരുന്നതാണ്. അതു സംരക്ഷിക്കുന്നതിനും വര്‍ധിപ്പിക്കുന്നതിനുമുള്ള ഉത്തരവാദിത്വ ബോധത്തെത്തുടര്‍ന്നാണ് പ്രമേയത്തെ അനുകൂലിച്ചത്. എന്നാല്‍, ശ്രീലങ്കന്‍ സര്‍ക്കാരിന്റെ പൂര്‍ണസമ്മതത്തോടെ മാത്രമേ മനുഷ്യാവകാശ ഓഫീസ് ഹൈക്കമ്മീഷണറും യുഎന്‍ ഉദ്യോഗസ്ഥരും തുടര്‍നടപടികള്‍ സ്വീകരിക്കാന്‍ പാടുള്ളൂ.

യുദ്ധാനന്തരം രാജ്യത്തു പുനരധിവാസ വും സമാധാനവും കൊണ്ടുവരുന്നതിനു ജനാധിപത്യരാജ്യമായ ശ്രീലങ്കയ്ക്കു കൂടുതല്‍ സമയം അനുവദിക്കണം. എന്നാല്‍, മനുഷ്യാവകാശം സംബന്ധിച്ചു വിശദമായ ചര്‍ച്ചയ്ക്കു തയാറാകണമെന്നും അധികാര വികേന്ദ്രീകരണം അര്‍ഥവത്തായ രീതിയില്‍ നടപ്പിലാക്കുന്നതുള്‍പ്പെടെ 13-ാം ഭരണഘടനാ ഭേദഗതി വേണ്ട രീതിയില്‍ പ്രാബല്യത്തില്‍ വരുത്തണമെന്നും ഇന്ത്യ ശ്രീലങ്കയോടാവശ്യപ്പെട്ടു. തമിഴ് വംശജര്‍ ഉള്‍പ്പെടെ ശ്രീലങ്കയിലെ എല്ലാ വിഭാഗങ്ങളും തമ്മില്‍ രമ്യതയില്‍ പോകാനുള്ള സാഹചര്യമാണു കൊണ്ടുവരേണ്ടത്. ഇക്കാര്യത്തില്‍ ഇതുവരെ സ്വീകരിച്ച നടപടികളെ സ്വാഗതം ചെയ്യുന്നതായി ഇന്ത്യ സമിതിയില്‍ അറിയിച്ചു.

2009 മേയില്‍ പോരാട്ടം അവസാനിച്ചതോടെ രാജ്യത്തു സ്ഥിരതയും സമാധാനവും തിരികെ വന്നതായി ശ്രീലങ്കന്‍ മന്ത്രി സമരസിംഗെ അവകാശപ്പെട്ടു. പ്രമേയത്തില്‍ പരാമര്‍ശിക്കുന്ന പല കാര്യങ്ങളിലും അപകടങ്ങള്‍ ഒളിഞ്ഞിരിപ്പുണ്ട്. ഇതു ചില തത്ത്വങ്ങളുടെ ലംഘനമാണ്. നാളെ തന്റെ രാജ്യത്തിനു മാത്രമല്ല, മറ്റു രാജ്യങ്ങള്‍ക്കും ഇതു ഭീഷണിയാകുമെന്നു സമരസിംഗെ ചൂണ്ടിക്കാട്ടി.

പ്രമേയത്തെ ഇന്ത്യ അനുകൂലിക്കുന്നതുകൊണ്ട് ഇരുരാജ്യങ്ങളും തമ്മിലുള്ള സൌഹൃദാന്തരീക്ഷത്തില്‍ മാറ്റം വരില്ലെന്നു ശ്രീലങ്കന്‍ പ്രതിരോധ സെക്രട്ടറി ഗോതഭയ രാജപക്സെ കഴിഞ്ഞദിവസം വ്യക്തമാക്കിയിരുന്നു. ശ്രീലങ്കന്‍ ഭരണകൂടത്തിലെ ശക്തനായ ഗോതഭയ, പ്രസിഡന്റ് മഹിന്ദ രാജപക്സെയുടെ സഹോദരനാണ്. ഇക്കാര്യത്തില്‍ ഇന്ത്യന്‍ സര്‍ക്കാര്‍ നേരിടുന്ന രാഷ്ട്രീയ സമ്മര്‍ദവും നിസഹായാവസ്ഥയും മനസിലാക്കുന്നുവെന്നും സമ്മര്‍ദത്തിന്റെ പേരില്‍ ഇന്ത്യ സ്വീകരിക്കുന്ന നടപടി തന്റെ രാജ്യത്തിനെതിരാണെന്നു കരുതുന്നില്ലെന്നും ഗോതഭയ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.