1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee November 13, 2019

സ്വന്തം ലേഖകൻ: ഒമാനിലെ മസ്ക്കറ്റില്‍ ഞായറാഴ്ച്ച പെയ്ത കനത്ത മഴയെ തുടർന്ന് ആറു നിർമ്മാണ തൊഴിലാളികൾ മണ്ണിനടിയില്‍ പെട്ട് മരിച്ചു. എല്ലാവരും ഇന്ത്യൻ പൌരന്മാരാണെന്നാണ് ഔദ്യോഗിക വൃത്തങ്ങളിൽ നിന്നുള്ള സൂചന. മസ്ക്കറ്റിലെ സീബ് പ്രദേശത്തെ നിർമ്മാണ സൈറ്റിലാണ് ദുരന്തം നടന്നിരിക്കുന്നത്. ആറു പേരും പൈപ്പ് നിർമ്മാണ തൊഴിലാളികളാണ്.

രണ്ട് കമ്പനികളുടെ കീഴിലുള്ള മൂന്ന് വീതം തൊഴിലാളികളാണ് ദുരന്തത്തിൽ പെട്ടത്. തമിഴ്നാട് മധുര സ്വദേശി ഷൺമുഖ സുന്ദരം സെന്തിൽകുമാർ, ആന്ധ്രാപ്രദേശിലെ എലൂരു സ്വദേശി സത്യനാരായണ രാജു, പുരുഷോത്തപ്പള്ളി സ്വദേശി ഭീമ രാജു, ബീഹാറിലെ പാറ്റ്നയിൽ നിന്നുള്ള സുനിൽ ഭാരതി, വിശ്വ കർമ മഞ്ജി, ഉത്തർപ്രദേശിലെ കുശി നഗർ സ്വദേശി വികാഷ് ചൗഹാൻ മുഖദേവ് എന്നിവരാണ് മരിച്ചത്.

ഒമാനി അധികൃതരുമായി ചേർന്ന് തുടർ നടപടികൾ സ്വീകരിച്ചുവരുന്നതായും മസ്കത്ത് ഇന്ത്യൻ എംബസി അറിയിച്ചു. സീബ് വിലായത്തിലായുള്ള എയർപോർട്സ് ഹൈറ്റ്സ് മേഖലയിൽ സുപ്രധാന വാട്ടർപൈപ്പ്ലൈൻ എക്സ്റ്റങ്ഷൻ പദ്ധതിയുടെ നിർമാണ സ്ഥലത്താണ് അത്യാഹിതം നടന്നത്. തറനിരപ്പിൽ നിന്ന് 14 അടി ആഴത്തിലാണ് ഇവർ ജോലി ചെയ്തിരുന്നത്. മഴ കനത്തതോടെ ഇരച്ചെത്തിയ മഴവെള്ളവും ചെളിയും ഇവർ ജോലി ചെയ്തിരുന്ന സ്ഥലത്ത് നിറയുകയായിരുന്നു.

രാത്രി തന്നെ സിവിൽ ഡിഫൻസ് രക്ഷാപ്രവർത്തനം ആരംഭിച്ചെങ്കിലും 12 മണിക്കൂറിന് ശേഷം തിങ്കളാഴ്ച ഉച്ചയോടെയാണ് മൃതദേഹങ്ങൾ പുറത്തെടുക്കാൻ സാധിച്ചത്. ശക്തിയേറിയ പമ്പ്സെറ്റുകൾ ഉപയോഗിച്ച് നിറഞ്ഞുകിടന്ന വെള്ളവും ചെളിയും അടിച്ചുകളഞ്ഞ ശേഷമാണ് 295 കിലോമീറ്റർ നീളമുള്ള പൈപ്പ്ലൈനിൽ കുടുങ്ങികിടന്ന മൃതദേഹങ്ങൾ പുറത്തെടുത്തത്.

ഇരകളുടെ കുടുംബത്തിന് അനുശോചനം അറിയിക്കുന്നതായും സാധ്യമായ എല്ലാ പിന്തുണയും നൽകാൻ ഞങ്ങൾ തയ്യാറാണെന്നും ഇന്ത്യന്‍ എംബസി ട്വീറ്റ് ചെയ്തിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.