1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee June 25, 2023

സ്വന്തം ലേഖകൻ: എന്‍എച്ച്എസില്‍ ജൂനിയര്‍ ഡോക്ടര്‍മാർ വീണ്ടും പണിമുടക്കിലേക്ക്. അടുത്ത മാസം തുടര്‍ച്ചയായി അഞ്ച് ദിവസങ്ങളില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്നാണ് ഡോക്ടര്‍മാരുടെ സംഘടനയായ ബ്രിട്ടീഷ് മെഡിക്കല്‍ അസോസിയേഷന്‍ (ബിഎംഎ) അറിയിച്ചിട്ടുള്ളത്.

ജൂലൈ 13ന് രാവിലെ ഏഴ് മുതല്‍ ജൂലൈ 18 രാവിലെ ഏഴ് വരെ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്കുമെന്നാണ് അറിയിപ്പ്. പണിമുടക്ക് മൂലം ബ്രിട്ടനിലെ ആരോഗ്യ പരിപാലന രംഗത്ത് വന്‍ തടസ്സങ്ങളും ബുദ്ധിമുട്ടുകളുമുണ്ടാകും. മുന്‍കൂട്ടി നിശ്ചയിച്ച ശസ്ത്രക്രിയകളും അപ്പോയിന്റ്മെന്റുകളും മുടങ്ങിയേക്കും.

സമീപകാലത്തായി എന്‍എച്ച്എസില്‍ ജൂനിയര്‍ ഡോക്ടര്‍മാര്‍ പണിമുടക്ക് നടത്തുന്നത് പതിവായിരിക്കുകയാണ് മാര്‍ച്ചില്‍ മൂന്ന് ദിവസവും ഏപ്രിലില്‍ നാല് ദിവസവും ജൂണ്‍ ആദ്യം മൂന്ന് ദിവസവും ഇവര്‍ പണിമുടക്ക് നടത്തിയതിനെ തുടര്‍ന്ന് എന്‍എച്ച്എസ് സേവനങ്ങളിൽ പ്രതിസന്ധിയുണ്ടായിരുന്നു.

ദീര്‍ഘകാലമായി തങ്ങള്‍ മുന്നോട്ട് വയ്ക്കുന്ന തങ്ങളുടെ സേവന – വേതന വ്യവസ്ഥകളിലെ പ്രശ്നങ്ങള്‍ക്ക് അധികൃതര്‍ ഇനിയും പരിഹാരം കാണാത്തതിനാലാണ് തുടര്‍ച്ചയായി പണിമുടക്ക് നടത്താൻ കാരണമെന്നാണ് ജൂനിയര്‍ ഡോക്ടര്‍മാര്‍ പറയുന്നത്.

പണപ്പെരുപ്പം കാരണം യഥാര്‍ത്ഥ ശമ്പളത്തുകയില്‍ 2008 മുതല്‍ 25 ശതമാനം ഇടിവ് സംഭവിച്ചതായും അതേ സമയം ജോലിഭാരം വര്‍ധിച്ച് വരുന്നതായും ജൂനിയര്‍ ഡോക്ടര്‍മാരുടെ സംഘടനയായ ബിഎംഎ ആരോപിക്കുന്നു.

തങ്ങള്‍ സമരത്തിന്റെ ഭാഗമായി 35 ശതമാനം ശമ്പള വര്‍ധനവാണ് ആവശ്യപ്പെടുന്നതെന്നും എന്നാല്‍ സര്‍ക്കാര്‍ വെറും അഞ്ച് ശതമാനം ശമ്പള വര്‍ധനവ് മാത്രമാണ് ഇപ്പോഴും മുന്നോട്ട് വയ്ക്കുന്നതെന്നും അതിനാല്‍ പണിമുടക്ക് അല്ലാതെ മറ്റ് മാര്‍ഗങ്ങൾ തങ്ങളുടെ മുന്നിലില്ലെന്നും ജൂനിയര്‍ ഡോക്ടര്‍മാര്‍ വിശദീകരിക്കുന്നു. പണിമുടക്ക് പരിഹരിക്കാനായി സര്‍ക്കാര്‍ അങ്ങേയറ്റം വിട്ട് വീഴ്ചകള്‍ നടത്തിയെന്നും ഇപ്പോള്‍ വാഗ്ദാനം ചെയ്തിരിക്കുന്ന ശമ്പള വര്‍ധനവ് യുക്തിസഹമാണെന്നുമാണ് സര്‍ക്കാര്‍ വാദിക്കുന്നത്.

ജൂനിയര്‍ ഡോക്ടര്‍മാരുടെ വേതന ഇതര പ്രശ്നങ്ങളും ഉദാരമായ മനോഭാവത്തോടെ ചര്‍ച്ച ചെയ്യാന്‍ സര്‍ക്കാര്‍ തയ്യാറായെങ്കിലും അതിന് വഴങ്ങാതെ തിരക്കിട്ട് മറ്റൊരു സമരത്തിനിറങ്ങുന്നതിലൂടെ ജൂനിയര്‍ ഡോക്ടര്‍മാര്‍ ആയിരക്കണക്കിന് രോഗികളുടെ ജീവനുകള്‍ കൊണ്ടാണ് പന്താടുന്നതെന്നും സര്‍ക്കാര്‍ ആരോപിക്കുന്നു. എന്‍എച്ച്എസിന്റെ ഏതാണ്ട് 45 ശതമാനത്തോളം പേര്‍ ജൂനിയര്‍ ഡോക്ടര്‍മാരാണെന്നിരിക്കേ ഇവരുടെ ഏത് പണിമുടക്കും എന്‍എച്ച്എസ് സേവനങ്ങളെ കാര്യമായി ബാധിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.