1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 23, 2012

സ്വന്തം കുഞ്ഞുങ്ങള്‍ക്കുവേണ്ടിപ്പോലും ഒന്നിച്ചുനില്‍ക്കാന്‍ കഴിയാത്ത ദമ്പതിമാരുടെ മുന്നില്‍ നോര്‍വെ വാതിലുകള്‍ കൊട്ടിയടച്ചു. മോശമായി പരിചരിച്ചതിന്റെ പേരില്‍ കസ്റ്റഡിയിലെടുത്ത ഇന്ത്യന്‍ ദമ്പതിമാരുടെ കുട്ടികളെ തത്കാലം വിട്ടുകൊടുക്കാന്‍ ഉദ്ദേശ്യമില്ലെന്ന് നോര്‍വേ അധികൃതര്‍ വ്യക്തമാക്കി. രാജ്യത്തെ ശിശുക്ഷേമ കേന്ദ്രത്തിന്റെ സംരക്ഷണയില്‍ കഴിയുന്ന കുട്ടികളെ ചെറിയച്ഛന് കൈമാറാമെന്ന് അധികൃതര്‍ സമ്മതിച്ചിരുന്നു. എന്നാല്‍ ഇദ്ദേഹവും മാതാപിതാക്കളും തമ്മില്‍ അഭിപ്രായവ്യത്യാസമുണ്ടെന്ന് കണ്ടതോടെയാണ് നോര്‍വേ നിലപാടില്‍ നിന്ന് പിന്മാറിയത്.

കുട്ടികളെ വിട്ടുകിട്ടാന്‍ സര്‍വ സന്നാഹത്തോടെ നോര്‍വെയിലെത്തുകയും ഒടുവില്‍, മാതാപിതാക്കളുടെ അനൈക്യംമൂലം പകച്ചുനില്‍ക്കുകയും ചെയ്ത ഇന്ത്യന്‍ വിദേശകാര്യ വകുപ്പ് ഉദ്യോഗസ്ഥരുടെ ശ്രമങ്ങളെല്ലാം പരാജയപ്പെട്ട് തലകുനിച്ച് മടങ്ങുകയും ചെയ്തു. ബംഗാള്‍ സ്വദേശികളായ അനുരൂപ് ഭട്ടാചാര്യയുടെയും സാഗരിഗയുടെയും മക്കളെയാണ് വീട്ടില്‍നിന്ന് നോര്‍വെ ചൈല്‍ഡ് വെല്‍ഫയര്‍ അധികൃതര്‍ കസ്റഡിയിലാക്കിയത്.

അനിശ്ചിതാവസ്ഥ തുടരുന്ന സാഹചര്യത്തില്‍ കുട്ടികളുടെ നന്മക്കുവേണ്ടി ഇവരെ ഇന്ത്യയിലേക്കയയ്ക്കാന്‍ കഴിയില്ലെന്നാണ് ശിശുക്ഷേമകേന്ദ്രം (സി.ഡബ്ല്യു.എസ്) മേധാവി ഗുന്നര്‍ ടോര്‍സെന്‍ അറിയിച്ചത്. മൂന്നു വയസ്സുകാരന്‍ അഭിഗ്യാനും ഒരുവയസ്സുകാരി ഐശ്വര്യയുമാണ് കഴിഞ്ഞ മെയ് മുതല്‍ ഇവരുടെ സംരക്ഷണയില്‍ കഴിയുന്നത്.

കുട്ടികള്‍ക്ക് ഭക്ഷണം കൊടുക്കുന്നതും കൂടെ കിടത്തി ഉറക്കിയതുമായിരുന്നു അധികൃതര്‍ കണ്ട കുറ്റങ്ങള്‍. ഇന്ത്യന്‍ സര്‍ക്കാരിന്റെ ഇടപെടലിനെത്തുടര്‍ന്ന് കുട്ടികളെ അനുരൂപിന്റെ അമ്മാവനായ ഡോ. അരുണഭാസിന് നല്‍കാന്‍ തീരുമാനമായിരിക്കെയാണ്, ദമ്പതികളുടെ സ്വര്‍ച്ചേര്‍ച്ചകളാണ് സംഭവങ്ങള്‍ക്ക് കാരണണെന്ന് പുറം ലോകമറിയുന്നത്. ഭാര്യ തന്നെയും കുഞ്ഞുങ്ങളെയും മര്‍ദിക്കാറുണ്ടായിരുന്നെന്നും ഇത് അസഹനീയമായതോടെ താന്‍ തന്നെയാണ് ചൈല്‍ഡ് വെല്‍ഫയര്‍ സര്‍വീസില്‍ പരാതി നല്‍കിയതെന്നും അനുരൂപ് വ്യക്തമാക്കിയതോടെയാണ് കാര്യങ്ങള്‍ കീഴ്മേല്‍ മറിഞ്ഞത്. വിവാഹമോചനമല്ലാതെ മറ്റൊരു മാര്‍ഗമില്ലെന്നും അനുരൂപ് പറഞ്ഞു.

ഇതോടെ, നോര്‍വെയിലേക്ക് പ്രതിനിധി സംഘത്തെ അയക്കാനിരുന്ന വിദേശകാര്യമന്ത്രാലയവും ആശയക്കുഴപ്പത്തിലായി. ചൊവ്വാഴ്ച ഭാര്യക്കെതിരെ കടുത്ത ആരോപണങ്ങളുമായി രംഗത്തെത്തിയ അനുരൂപ്, ബുധനാഴ്ച വീണ്ടും സ്വരം മാറ്റി. ഭാര്യയുമായി യാതൊരു പ്രശ്നവുമില്ലെന്നായി വാദം. വിവാഹമോചനവാര്‍ത്ത ശരിയല്ലെന്നും അനുരൂപ് പറഞ്ഞു. ഇതിനിടെയാണ് കുട്ടികളെ വിട്ടുകൊടുക്കേണ്െടന്ന് നോര്‍വെ സ്റാവന്‍ഗര്‍ ചൈല്‍ഡ് വെല്‍ഫയര്‍ സര്‍വീസ് തീരുമാനിച്ചത്. വെള്ളിയാഴ്ച കോടതിയില്‍ വാദം തുടങ്ങാനിരിക്കെയാണ് നിര്‍ണായകമായ നിലപാടില്‍ അധികൃതര്‍ എത്തിച്ചേര്‍ന്നത്. സിഡബ്ള്യുഎസിന്റെ തലവന്‍ ഗുണ്ണാര്‍ ടോര്‍സെനാണ് നിലപാട് അറിയിച്ചത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.