1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 12, 2015

സ്വന്തം ലേഖകന്‍: മുംബൈയിലെ സിദ്ധിവിനായക ക്ഷേത്രത്തിലേയും തിരുവനന്തപുരം ശ്രീപത്മനാഭസ്വാമി ക്ഷേത്രത്തിലേയും ഉള്‍പ്പെടെയുള്ള സ്വര്‍ണ്ണ സമ്പത്ത് ആഭ്യന്തര വിപണിയിലെത്തിക്കാന്‍ കേന്ദ്രസര്‍ക്കാര്‍ പദ്ധതി. സ്വര്‍ണ്ണവും പരമ്പരാഗത സ്വത്തുക്കളും നിക്ഷേപമായി സ്വീകരിച്ച് പലിശനല്‍കാനാണ് പ്രധാനമന്ത്രി നരേന്ദ്ര മോഡി പദ്ധതിയിടുന്നത് എന്നാണ് വാര്‍ത്ത ഏജന്‍സി റിപ്പോര്‍ട്ട് ചെയ്യുന്നത്.

സര്‍ക്കാരിന്റെ ഈ പദ്ധതിയോട് സിദ്ധിവിനായക ക്ഷേത്ര അധികൃതര്‍ അനുകൂല നിലപാടിലാണെന്നാണ് സൂചന. വര്‍ഷം തോറും 800 മുതല്‍ 1000 ടണ്‍ വരെ സ്വര്‍ണ്ണം ഇന്ത്യയിലേയ്ക്ക് ഇറക്കുമതി ചെയ്യപ്പെടുന്നുണ്ടെന്നാണ് കണക്ക്. ഇതിനായി ഇന്ത്യയുടെ വിദേശമൂലധനശേഖരത്തിന്റെ ഒരു വലിയ വിഭാഗം ചെലവഴിക്കപ്പെടുന്നുണ്ട്. ക്ഷേത്രങ്ങളിലും മറ്റ് ദേവാലയങ്ങളിലും ഉപയോഗിക്കാതിരിക്കുന്ന സ്വര്‍ണ്ണ ശേഖരം പൊതുവിപണിയിലെത്തിയാല്‍ വികസനപ്രക്രിയക്ക് പ്രയോജനപ്പെടുമെന്നാണ് കണക്കുകൂട്ടല്‍.

രാജ്യത്ത് വര്‍ദ്ധിച്ചുവരുന്ന സ്വര്‍ണ്ണാവശ്യങ്ങള്‍ പരിഗണിച്ച് വ്യാപാരക്കമ്മി ഇല്ലാതാക്കാനും ഇതിനാകും. 1,25,000 കോടി രൂപ വിലമതിക്കുന്ന സ്വര്‍ണ്ണ രത്‌ന ശേഖരം ശ്രീപത്‌നാഭ സ്വാമിക്ഷേത്രത്തിലുണ്ടെന്നാണ് കണക്ക്.
രാജ്യത്തെ ഏറ്റവും സമ്പത്തുള്ള ക്ഷേത്രം പത്മനാഭ സ്വാമി ക്ഷേത്രമാണെങ്കിലും മുംബൈ സിദ്ധിവിനായക ക്ഷേത്രവും തിരുപ്പതിക്ഷേത്രവുമാണ് നടവരവിനത്തില്‍ ദിനം പ്രതി സ്വര്‍ണ്ണസമ്പത്ത് ഏറ്റവുമധികം ലഭിക്കുന്ന ക്ഷേത്രങ്ങള്‍.

ഈ സ്വര്‍ണ്ണം സ്വീകരിച്ച് ഉയര്‍ന്ന പലിശ നല്‍കുക എന്നതാണ് പദ്ധതി. വിശ്വാസികളുടെ എതിര്‍പ്പ് ഉണ്ടായേക്കാവുന്ന പദ്ധതിയാണെങ്കിലും പലിശ ഇനത്തിലുള്ള തുക വളരെ ഉയര്‍ന്നതാകുമെന്നതിനാല്‍ അത് ക്ഷേത്ര വികസനത്തിനുപയോഗിക്കാനാകും എന്നതാണ് പ്രധാനമെന്ന് സാമ്പത്തിക വിദഗ്ദ്ധര്‍ പറയുന്നു. രാജ്യത്തിലെ വിവിധ ക്ഷേത്രങ്ങളിലായി 3000 ടണ്ണിലധികം സ്വര്‍ണ്ണ സമ്പത്തുണ്ട്.

ഇത് കെന്റക്കിയിലുള്ള അമേരിക്കന്‍ സ്വര്‍ണ്ണ നിക്ഷേപത്തിന്റെ ഏകദേശം മൂന്നില്‍ രണ്ട് വരും. രാജ്യത്തെ വ്യക്തികളുടെ പക്കല്‍ മാത്രം 17,000 ടണ്ണോളം സ്വര്‍ണ്ണം നിര്‍ജ്ജീവ സമ്പത്തായി ഉണ്ടെന്ന കണക്കില്‍ മുന്‍ ബിജെപി സര്‍ക്കാരിന്റെ കാലത്ത്, 1999ല്‍, ഇത് ബാങ്കുകള്‍ സ്വീകരിച്ച് പലിശ നല്‍കാമെന്ന് ധാരണയുണ്ടായിരുന്നു. പൊതുവിപണിയില്‍ സമ്പത്തിന്റെ ക്രയവിക്രയം വര്‍ദ്ധിപ്പിക്കുന്ന ഈ നടപടി പരാജയപ്പെട്ടത് ബാങ്കുകളുടെ നാമമാത്ര പലിശ നിരക്കുകളായിരുന്നു.

അതേസമയം നീക്കത്തെ കേരളം ശക്തമായി എതിര്‍ക്കുമെന്ന് മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി പറഞ്ഞു. കേരളത്തിലെ ക്ഷേത്രങ്ങളിലെ സമ്പത്ത് ഒരു സര്‍ക്കാര്‍ ഉത്തരവിലൂടെ ബാങ്കുകളില്‍ നിക്ഷേപിക്കാന്‍ അനുവദിക്കില്ല. പത്മനാഭസ്വാമി ക്ഷേത്രത്തിലേതുള്‍പ്പെടെയുള്ള സ്വര്‍ണസമ്പത്ത് അമൂല്യമായാണ്? സര്‍ക്കാര്‍ കാണുന്നതെന്നും മുഖ്യമന്ത്രി പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.