1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee July 1, 2023

സ്വന്തം ലേഖകൻ: എന്‍എച്ച്എസ് വിദേശ ജോലിക്കാരെ അമിതമായി ആശ്രയിക്കുന്ന നടപടി അവസാനിപ്പിക്കാന്‍ ബ്രിട്ടീഷ് ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും പരിശീലിപ്പിച്ച് എടുക്കുന്നത് വഴി സാധിക്കുമെന്ന് പ്രധാനമന്ത്രി റിഷി സുനാക്. ആരോഗ്യ പ്രവര്‍ത്തകരെ റാഞ്ചാന്‍ ആഗോള മത്സരം കടുത്തതോടെ ബ്രിട്ടന്‍ കൂടുതല്‍ സ്വയം പര്യാപ്തത നേടേണ്ടതുണ്ടെന്നും സുനാക് കൂട്ടിച്ചേര്‍ത്തു.

ഏറെ കാത്തിരിപ്പിനൊടുവില്‍ എന്‍എച്ച്എസ് വര്‍ക്ക്‌ഫോഴ്‌സ് പ്ലാന്‍ പ്രഖ്യാപിക്കവെയാണ് പ്രധാനമന്ത്രി ഇക്കാര്യങ്ങള്‍ വ്യക്തമാക്കിയത്. വരും വര്‍ഷങ്ങളില്‍ ഇംഗ്ലണ്ടിലെ ഹെല്‍ത്ത് സര്‍വ്വീസിലേക്ക് 3 ലക്ഷത്തിലേറെ അധിക നഴ്‌സുമാര്‍, ഡോക്ടര്‍മാര്‍, മറ്റ് ഹെല്‍ത്ത് ജോലിക്കാര്‍ എന്നിവരെ നിയോഗിക്കാന്‍ കഴിയുമെന്നാണ് പ്രതീക്ഷിക്കുന്നത്.

മെഡിക്കല്‍ സ്‌കൂള്‍ സീറ്റുകള്‍ ഇരട്ടിയായി വര്‍ദ്ധിപ്പിക്കുന്നത് എന്‍എച്ച്എസില്‍ കൂടുതല്‍ സ്വദേശി ജീവനക്കാരെ ഉറപ്പാക്കാന്‍ സഹായിക്കുമെന്ന് സുനാക് വ്യക്തമാക്കി. അടുത്ത 15 വര്‍ഷത്തില്‍ ഹെല്‍ത്ത് സര്‍വ്വീസിലെ വിദേശ ജോലിക്കാരുടെ എണ്ണം 25 ശതമാനത്തില്‍ നിന്നും 10 ശതമാനത്തിലേക്ക് കുറയുമെന്നും പ്രധാനമന്ത്രി കൂട്ടിച്ചേര്‍ത്തു.

കഴിഞ്ഞ വര്‍ഷം റിക്രൂട്ട് ചെയ്യപ്പെട്ട 57 ശതമാനം നഴ്‌സുമാരും വിദേശ പരിശീലനം നേടിയവരാണെന്ന് റിപ്പോര്‍ട്ട് ചൂണ്ടിക്കാണിക്കുന്നു. പുതിയ ഡോക്ടര്‍മാരില്‍ പകുതി പേരും സമാനമായ രീതിയില്‍ വിദേശികളാണ്. മെഡിക്കല്‍ സ്റ്റാഫിന്റെ സപ്ലൈ വര്‍ദ്ധിപ്പിക്കുന്നത് വഴി ഏജന്‍സി ജോലിക്കാര്‍ക്ക് നല്‍കുന്ന 10 ബില്ല്യണ്‍ പൗണ്ടിന്റെ ബില്‍ കുറയ്ക്കാനും കഴിയും.

യാതൊരു നടപടിയും ഇല്ലാതെ വന്നാല്‍ 2037 ആകുന്നതോടെ ഹെല്‍ത്ത് സര്‍വ്വീസില്‍ 360,000 വേക്കന്‍സികള്‍ രൂപപ്പെടുമെന്ന് അധികൃതര്‍ മുന്നറിയിപ്പ് നല്‍കിയിരുന്നു. പൊതുഖജനാവ് കനത്ത സമ്മര്‍ദം നേരിടുന്നതിനാല്‍ പുതിയ വര്‍ക്ക്‌ഫോഴ്‌സ് പദ്ധതിക്ക് ആവശ്യമായ 2.4 ബില്ല്യണ്‍ പൗണ്ട് ചെലവ് കണ്ടെത്താന്‍ മറ്റ് വകുപ്പുകളില്‍ വെട്ടിക്കുറവ് വരുത്തുമെന്ന് സുനാക് പറഞ്ഞു.

എന്‍എച്ച്എസിന് ആവശ്യമുള്ള ഡോക്ടര്‍മാരെയും, നഴ്‌സുമാരെയും കൂടുതലായി തദ്ദേശീയമായി കണ്ടെത്താന്‍ മെഡിക്കല്‍ ഡിഗ്രികള്‍ അഞ്ച് വര്‍ഷത്തിന് പകരം നാല് വര്‍ഷം കൊണ്ട് പാസാക്കി ഇറക്കാനാണ് നീക്കം. ബ്രക്‌സിറ്റ് ആനുകൂല്യം മുതലാക്കി ട്രെയിനിംഗ് നല്‍കുന്നതിലെ നിയമങ്ങള്‍ മാറ്റാനാണ് പദ്ധതിയിടുന്നത്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.