1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 25, 2017

സജീഷ് ടോം (യുക്മ പി ആര്‍ ഒ): ഒക്‌റ്റോബര്‍ 28 ന് നടക്കുന്ന യുക്മ ദേശീയ കലാമേളയുടെ ലോഗോ പ്രകാശനം പേരാവൂര്‍ എം.എല്‍.എ. സണ്ണി ജോസഫ് നിര്‍വഹിച്ചു. ദേശീയ കലാമേളയുടെ ആതിഥേയ റീജിയണ്‍ ആയ സൗത്ത് ഈസ്റ്റ് റീജിയണ്‍ പ്രസിഡന്റ് ലാലു ആന്റണി ലോഗോ ഏറ്റുവാങ്ങി. വെസ്റ്റ് ലണ്ടനിലെ ദി ഹെയര്‍ഫീല്‍ഡ് അക്കാഡമിയിലാണ് 2017 ലെ യുക്മ ദേശീയ കലാമേള അരങ്ങേറുന്നത്. ലോക പ്രവാസി മലയാളി സംഘടനകള്‍ക്ക് യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ മാതൃകയും പ്രചോദനവും ആണെന്ന് സണ്ണി ജോസഫ് എം.എല്‍.എ. പ്രസ്താവിച്ചു.

യുക്മ ദേശീയ പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അദ്ധ്യക്ഷത വഹിച്ച യോഗത്തില്‍ ദേശീയ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് സ്വാഗതം ആശംസിച്ചു. യുക്മ ദേശീയ വൈസ് പ്രസിഡന്റും മലയാളം മിഷന്‍ യു.കെ. യുടെ അഡ്‌ഹോക് കമ്മറ്റി അംഗവുമായ സുജു ജോസഫ് ആശംസകള്‍ അര്‍പ്പിച്ചുകൊണ്ട് സംസാരിച്ചു. കലാമേള നഗര്‍ നാമകരണവും യോഗത്തില്‍ നടന്നു. കോഴിക്കോട് എം.എല്‍.എ. അഡ്വക്കറ്റ് എ.പ്രദീപ് കുമാറാണ് നഗര്‍ നാമകരണം പ്രഖ്യാപിച്ചത്. നാടന്‍പാട്ടുകളുടെ തമ്പുരാനും ചാരുതയാര്‍ന്ന അഭിനയത്തികവിന്റെ പര്യായവുമായ അന്തരിച്ച കലാഭവന്‍ മണിയുടെ ആദരസൂചകമായി ‘കലാഭവന്‍ മണി നഗര്‍’ എന്നപേരിലാകും ഈ വര്‍ഷത്തെ കലാമേള നഗര്‍ അറിയപ്പെടുക.

ചിട്ടയായ പ്രവര്‍ത്തനങ്ങള്‍ താഴെ ഘടകങ്ങള്‍ മുതല്‍ സംഘടിപ്പിക്കുന്ന യുക്മയുടെ സംഘടനാ സംവിധാനം തന്നെ വല്ലാതെ ആകര്‍ഷിച്ചു എന്ന് അഡ്വക്കറ്റ് എ.പ്രദീപ് കുമാര്‍ എം.എല്‍.എ. അഭിപ്രായപ്പെട്ടു. മലയാളം മിഷന്‍ യു.കെ. യുടെ പ്രവര്‍ത്തനങ്ങളില്‍ യുക്മ സംഘടനാ സംവിധാനത്തിന് വലിയൊരു ദൗത്യം നിര്‍വഹിക്കാനുണ്ടെന്ന് അദ്ദേഹം ഉദ്‌ബോധിപ്പിച്ചു. യുക്മയുടെ പ്രവര്‍ത്തനങ്ങള്‍ കൂടുതലായി സംസ്ഥാന സര്‍ക്കാരിന്റെ ശ്രദ്ധയില്‍പ്പെടുത്തുവാന്‍ സാദ്ധ്യമായ കാര്യങ്ങള്‍ ചെയ്യുമെന്ന് ബഹുമാന്യരായ രണ്ട് നിയമസഭാ സാമാജികരും യുക്മ നേതാക്കള്‍ക്ക് ഉറപ്പു നല്‍കി.

യുക്മ ദേശീയ കലാമേള അരങ്ങേറുന്ന ഹെയര്‍ഫീല്‍ഡ് അക്കാഡമിയില്‍ വച്ചുതന്നെയാണ് ലോഗോ പ്രകാശനവും നഗര്‍ നാമകരണം നടന്നതെന്നതും ശ്രദ്ധേയമായി. യോഗത്തിന് ശേഷം നിയമസഭാ സാമാജികര്‍ യുക്മ നേതാക്കള്‍ക്കൊപ്പം കലാമേള നടക്കാന്‍പോകുന്ന പ്രധാന ഓഡിറ്റോറിയങ്ങളും മറ്റ് അനുബന്ധ സൗകര്യങ്ങളും നോക്കിക്കണ്ടു. യുക്മ സാംസ്‌ക്കാരിക വേദി വൈസ് ചെയര്‍മാനും മലയാളം മിഷന്‍ യു.കെ.യുടെ അഡ്‌ഹോക് കമ്മറ്റി അംഗവുമായ സി.എ.ജോസഫ്, പ്രഥമ യുക്മ ‘കേരളാ കാര്‍ണിവല്‍ വള്ളംകളി’യുടെ ജനറല്‍ കണ്‍വീനര്‍ അഡ്വക്കറ്റ് എബി സെബാസ്റ്റ്യന്‍, യുക്മ ദേശീയ ജോയിന്റ് ട്രഷറര്‍ ജയകുമാര്‍ നായര്‍, യുക്മ നാഷണല്‍ കമ്മറ്റി അംഗങ്ങളായ ജോമോന്‍ കുന്നേല്‍, സുരേഷ് കുമാര്‍, യുക്മ മിഡ്‌ലാന്‍ഡ്‌സ് റീജിയണല്‍ പ്രസിഡന്റ് ഡിക്‌സ് ജോര്‍ജ്, യുക്മ നേഴ്‌സസ് ഫോറം രക്ഷാധികാരി എബ്രാഹം പൊന്നുംപുരയിടം, ദേശീയ കലാമേള ആതിഥേയ അസ്സോസ്സിയേഷനായ അസോസിയേഷന്‍ ഓഫ് സ്!ലൗവ് മലയാളീസ് പ്രതിനിധി അഭിലാഷ് ആബേല്‍ തുടങ്ങിയവര്‍ യോഗത്തില്‍ സംബന്ധിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.