1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee January 13, 2017

ജോസ് വല്ലാടിയില്‍ (സൂറിച്ച്) : ഏറ്റവും കൂടുതല്‍ പ്രവാസികളുള്ള കേരളത്തിലെ റിസര്‍വ് ബാങ്ക് ബ്രാഞ്ചുകളില്‍ അസാധുവാക്കിയ നോട്ടുകള്‍ മാറാന്‍ അനുവാദം നല്‍കാത്തതില്‍ വേള്‍ഡ് മലയാളി കൗണ്‍സില്‍ സ്വിസ്സ് പ്രൊവിന്‍സ് പ്രതിഷേധം അറിയിച്ചു. കേരളസര്‍ക്കാര്‍ കേന്ദ്രത്തില്‍ സമ്മര്‍ദ്ദം ചെലുത്തി പ്രവാസികളെ സഹായിക്കണമെന്നും സൂറിച്ചില്‍ കുടിയ എക്‌സിക്കുട്ടീവ് കമ്മറ്റി ആവശ്യപ്പെട്ടു.

ഇന്ത്യയില്‍ കൂടുതല്‍ പ്രവാസികളുള്ള സംസ്ഥാനമാണ് കേരളം. വിദേശപ്പണം ഇന്ത്യയില്‍ എത്തിച്ച് സമ്പദ്ഘടനയെ സഹായിക്കുന്നതില്‍ കേരളത്തില്‍ നിന്നുള്ള പ്രവാസികള്‍ വഹിക്കുന്ന പങ്ക് വളരെ വലുതാണ്.

പ്രവാസികള്‍ക്ക് പഴയ നോട്ട് മാറ്റിയെടുക്കുന്നതിനുള്ള ആനുകൂല്യം ജൂണ്‍ 30 വരെ നീട്ടിയെങ്കിലും കേരളത്തിലെ റിസര്‍വ് ബാങ്ക് ഓഫിസുകളില്‍ സാധിക്കില്ല എന്നത് തികഞ്ഞ വിവേചനവും മലയാളികളോടുള്ള കടുത്ത അവഗണനയുമാണ്. മുംബയ്, ചെന്നൈ, കൊല്‍ക്കത്ത,ഡല്‍ഹി,നാഗ്പുര്‍ എന്നീ അഞ്ച് റിസര്‍വ് ബാങ്ക് ഓഫിസുകളില്‍ മാത്രമാണ് പണം മാറ്റിയെടുക്കാന്‍ അനുവാദമുള്ളത്.

ഒരു പ്രവാസിക്ക് മാറ്റാന്‍ സാധിക്കുന്നത് ഇരുപത്തിഅയ്യായിരം രൂപ മാത്രമാണ്. ഇത്രയും തുക മാറ്റി എടുക്കാന്‍ മേല്‍പ്പറഞ്ഞ ബ്രാഞ്ചുകളില്‍ പോകാന്‍ ഒരു മലയാളിയും തയ്യാറാവില്ല എന്ന് അധികാരികള്‍ക്ക് വ്യക്തമാണ്. ഇതുമൂലം കൈവശമുള്ള അധ്വാനിച്ചുണ്ടാക്കിയ പണം നശിപ്പിക്കേണ്ട അവസ്ഥയാണ് പ്രവാസികള്‍ക്കുള്ളത്. ഡിസംബര്‍ 31 വരെ പത്രവാര്‍ത്തകളില്‍ പറഞ്ഞിരുന്നത് എല്ലാ റിസര്‍വ് ബാങ്ക് ബ്രാഞ്ചുകളിലും പ്രവാസികള്‍ക്ക് പണം മാറ്റാന്‍ അവസരമുണ്ടെന്നായിരുന്നു.

ഓരോ ദിവസവും മാറ്റിപ്പറയുന്ന നോട്ട് രാഷ്ട്രീയത്തില്‍ നഷ്ടമുണ്ടായിരിക്കുന്നത് മലയാളി പ്രവാസികള്‍ക്കാണ്.

ഇരുപത്തയ്യായിരത്തില്‍ കൂടുതല്‍ കൊണ്ടുപോയാല്‍ പിടിക്കപ്പെടുമെന്ന ഭയത്താല്‍ ഡിസംബറില്‍ നാട്ടില്‍ പോയ സുഹൃത്തുക്കള്‍ മറ്റുള്ളവരുടെ പണം കൊണ്ടുപോകാന്‍ തയ്യാറാകാതിരുന്നതും തിരിച്ചടിയായി.

കേരളത്തിലെ കൊച്ചി, തിരുവന്തപുരം ബ്രാഞ്ചുകളില്‍ പണം മാറ്റി നല്‍കുവാനുള്ള തീരുമാനം അടിയന്തിരമായി എടുക്കണമെന്ന് റിസര്‍വ് ബാങ്കിനോടും കേന്ദ്ര സര്‍ക്കാരിനോടും വേള്‍ഡ് മലയാളി കൗണ്‍സില്‍ പ്രമേയത്തിലൂടെ ആവശ്യപ്പെട്ടു.

ചെയര്‍മാന്‍ ജിമ്മി കൊരട്ടിക്കാട്ടുതറയില്‍ അധ്യക്ഷത വഹിച്ച യോഗത്തില്‍ പ്രസിഡണ്ട് ജോസ് വള്ളാടിയില്‍ പ്രമേയം അവതരിപ്പിച്ചു. സെക്രട്ടറി ബാബു വേതാനി, ട്രഷറര്‍ ബോസ് മണിയമ്പാറയില്‍ എന്നിവര്‍ പ്രസംഗിച്ചു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.