1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 25, 2018

സജീഷ് ടോം (യുക്മ പി ആര്‍ ഒ): ആഗോള പ്രവാസി മലയാളികളുടെ അഭിമാനമായ യുക്മ ദേശീയ കലാമേളകളിലൂടെയുള്ള യാത്ര തുടരുകയാണ്. 2010 ല്‍ ബ്രിസ്റ്റോളില്‍ തുടങ്ങിയ അശ്വമേധത്തിന് തുടര്‍ച്ചയായി 2011 ല്‍ സൗത്തെന്‍ഡ് ഓണ്‍സി യിലും, 2012 ല്‍ സ്റ്റോക്ക് ഓണ്‍ട്രെന്‍ഡിലും 2013 ല്‍ ലിവര്‍പൂളിലും വിജയകരമായി നടത്തിയ ദേശീയ മഹോത്സവങ്ങള്‍ നമ്മള്‍ ഈ ലേഖനത്തിന്റെ ഒന്നാം ഭാഗത്തില്‍ കാണുകയുണ്ടായി. ഓരോ വര്‍ഷം കഴിയുമ്പോഴും യുക്മ കലാമേളകള്‍ കൂടുതല്‍ ജനകീയമാകുന്നു എന്നത് ഏതൊരു യു കെ മലയാളിക്കും അഭിമാനകരം തന്നെയാണ്.

ലെസ്റ്റര്‍ കലാമേള 2014 : ദേശീയ മേള വീണ്ടും മിഡ്‌ലാന്‍ഡ്‌സിന്റെ മണ്ണിലേക്ക്

ഇത് ലെസ്റ്റര്‍ 2009 ജൂലൈ മാസം യൂണിയന്‍ ഓഫ് യു കെ മലയാളീ അസോസ്സിയേഷന്‍സ് എന്ന യുക്മ യുടെ പ്രഥമ സമ്മേളനം നടന്നയിടം. പെറ്റമ്മയുടെ മടിത്തട്ടില്‍ മക്കള്‍ ഒത്തുകൂടുന്ന നിര്‍വൃതി പടര്‍ത്തിയ അനുഭൂതിയുമായി അഞ്ചാമത് യുക്മ ദേശീയ കലാമേള ലെസ്റ്റര്‍ കേരളാ കമ്മ്യൂണിറ്റിയുടെയും മിഡ്‌ലാന്‍ഡ്‌സ് റീജിയന്റെയും സംയുക്താഭിമുഖ്യത്തില്‍ ലെസ്റ്ററില്‍ അരങ്ങേറി.

കവികളിലെ മഹാരാജാവും, രാജാക്കന്മാരിലെ മഹാകവിയുമായിരുന്ന ‘സ്വാതിതിരുനാള്‍’ മഹാരാജാവിന്റെ പേരില്‍ നാമകരണം നടത്തിയ ലെസ്റ്ററിലെ പ്രശസ്തമായ ജഡ്ജ് മെഡോ കമ്മ്യൂണിറ്റി കോളേജില്‍ 2014 നവംബര്‍ 8 ശനിയാഴ്ച്ച നടന്ന ദേശീയ കലാമേള യുക്മക്ക് എന്തുകൊണ്ടും അഭിമാനകരമായ ഒന്നായിമാറി. കലാമേളയുടെ നടത്തിപ്പിനെ യാതൊരു രീതിയിലും ബാധിക്കാത്തവിധം, മത്സരനഗരിയോട് ചേര്‍ന്ന് തയ്യാറാക്കിയ ‘രാജാരവിവര്‍മ്മ’ഹാളില്‍, ഇദംപ്രദമമായി നടത്തിയ ദേശീയ ചിത്രരചനാ മത്സരവും ലെസ്റ്റര്‍ മേളയുടെ ഒരു സവിശേഷതയായി. ലെസ്റ്റര്‍ കലാമേളയില്‍ ഹാട്രിക്ക് ജേതാക്കളാകും എന്നു കരുതപ്പെട്ടിരുന്ന മിഡ്‌ലാന്‍ഡ്‌സ് റീജിയണെ അട്ടിമറിച്ചു ഈസ്റ്റ് ആംഗ്ലിയ റീജിയണ്‍ അഞ്ചാമത് യുക്മ ദേശീയ കലാമേളയില്‍ ജേതാക്കളായി.

ഹണ്ടിങ്ടണ്‍ കലാമേള 2015 : ഈസ്റ്റ് ആംഗ്ലിയ റീജിയനും ഇത് രണ്ടാമൂഴം

യുക്മ ദേശീയ കലാമേളകളില്‍ ജനപങ്കാളിത്തം കുറഞ്ഞുവരുന്നു എന്ന തരത്തിലുള്ള പ്രചരണം ശക്തമായി നടന്നുവരുന്നതിനിടെയാണ് ആറാമത് യുക്മ ദേശീയ കലാമേള 2015 നവംബര്‍ 21ന് ഹണ്ടിംങ്ടണില്‍ വച്ച് നടത്തപ്പെടുന്നത്. എന്നാല്‍ സംഘാടകരുടെ പ്രതീക്ഷകളെ അതിശയിപ്പിച്ചുകൊണ്ട്, യശഃശരീയനായ സംഗീത ചക്രവര്‍ത്തി എം.എസ്.വിശ്വനാഥന്റെ ബഹുമാനാര്‍ത്ഥം ‘എം എസ് വി നഗര്‍’ എന്നു നാമകരണം ചെയ്ത ഹണ്ടിംങ്ടണിലെ സെന്റ് ഐവോ സ്‌കൂളിലേയ്ക്ക് നാലായിരത്തോളം യു കെ മലയാളികളാണ് ഒഴുകിയെത്തിയത്.

യുക്മ എന്ന സംഘടനയെ കക്ഷിരാഷ്ട്രീയജാതിമത വ്യത്യാസങ്ങളില്ലാതെ യു.കെ മലയാളികള്‍ നെഞ്ചിലേറ്റുന്നതിന്റെ പ്രധാന കാരണങ്ങളിലൊന്ന് ആവേശത്തിന്റെ പരകോടിയിലെത്തുന്ന ദേശീയ കലാമേളകളാണ്. റീജയണല്‍ കലാമേളയിലെ വിജയികളെ നാഷണല്‍ കലാമേളയില്‍ പങ്കെടുപ്പിക്കുന്നതില്‍ റീജണല്‍ ഭാരവാഹികളുടെ മികവ് പരീക്ഷിക്കപ്പെടുന്ന വേദികൂടിയാണ് ദേശീയ കലാമേളകള്‍. ലെസ്റ്ററിലെ സ്വന്തം മണ്ണില്‍ തങ്ങളുടെ ഹാട്രിക് പ്രതീക്ഷകള്‍ തകര്‍ത്തു കിരീടം നേടിയ ഈസ്റ്റ് ആംഗ്ലിയക്ക് അതേനാണയത്തില്‍ മറുപടി നല്‍കിക്കൊണ്ട്, ഈസ്റ്റ് ആംഗ്ലിയായുടെ തട്ടകത്തില്‍ നടന്ന ദേശീയ കലാമേളയില്‍ ജേതാക്കളായി മിഡ്‌ലാന്‍ഡ്‌സ് പകരം വീട്ടി.

ഏഴാമത് ദേശീയ കലാമേള കവന്‍ട്രിയില്‍

2016 നവംബര്‍ 5 ശനിയാഴ്ച്ച കവന്‍ട്രിയിലെ വാര്‍വിക് മെറ്റന്‍ സ്‌കൂളില്‍ ഏഴാമത് യുക്മ ദേശീയ കലാമേള അരങ്ങേറി. യുക്മ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണും മിഡ്‌ലാന്‍ഡ്‌സ് ലെ ഏറ്റവും ശക്തമായ മലയാളി സംഘടകളിലൊന്നായ കവന്‍ട്രി കേരളാ കമ്മ്യൂണിറ്റിയും കലാമേളയുടെ സംയുക്ത ആതിഥേയരായി. മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ ഇത് മൂന്നാം തവണയാണ് കലാമേളയ്ക്ക് ആതിഥേയത്വം വഹിക്കുന്നത്.

ജ്ഞാനപീഠം ജേതാവായ, യശഃശരീരനായ ഒ എന്‍ വി കുറുപ്പിന്റെ അനുസ്മരണാര്‍ത്ഥം ‘ഒ എന്‍ വി നഗര്‍’ എന്ന് നാമകരണം ചെയ്ത കലാമേള നഗര്‍ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തില്‍ ദര്‍ശിച്ചിട്ടില്ലാത്ത വന്‍ ജനപങ്കാളിത്തത്തിന് സാക്ഷ്യം വഹിച്ചു. വിശ്വ മഹാകവി വില്യം ഷേക്‌സ്പിയറിന്റെ ജന്മനാട്ടില്‍ നടക്കുന്ന കലാമേളയെന്ന സവിശേഷത കൂടി 2016 ലെ യുക്മ ദേശീയ കലാമേളയ്ക്ക് സ്വന്തം. വാശിയേറിയ മത്സരങ്ങള്‍ക്കൊടുവില്‍, അര്‍ദ്ധരാത്രിക്കു ശേഷം വിധി പ്രഖ്യാപനങ്ങള്‍ വന്നപ്പോള്‍ മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ ഒരിക്കല്‍ക്കൂടി ദേശീയ ജേതാക്കളായി.

ഹെയര്‍ഫീല്‍ഡില്‍ അരങ്ങൊരുക്കി സൗത്ത് ഈസ്റ്റ് റീജിയണ്‍

ഇതാദ്യമായാണ് സൗത്ത് ഈസ്റ്റ് റീജിയണിലേക്ക് ദേശീയ കലാമേള വന്നെത്തുന്നത്. ഇദംപ്രഥമമായി ലണ്ടനില്‍ നടക്കുന്ന യുക്മ ദേശീയ മേള എന്നനിലയിലും എട്ടാമത് ദേശീയ കലാമേള ഏറെ ശ്രദ്ധ ആകര്‍ഷിക്കപ്പെട്ട ഒന്നായിരുന്നു. അസോസിയേഷന്‍ ഓഫ് സ്‌ലോ മലയാളീസിന്റെയും സൗത്ത് ഈസ്റ്റ് റീജിയന്റെയും സംയുക്താഭിമുഖ്യത്തിലാണ് മേള അണിയിച്ചൊരുക്കിയത്. മത്സരങ്ങളുടെ സമയക്രമങ്ങളും മുന്‍ഗണനാ ക്രമങ്ങളും പുനര്‍ നിര്‍ണ്ണയിച്ചുകൊണ്ട്, നാല് വേദികള്‍ക്ക് പകരം അഞ്ച് വേദികളില്‍ ഒരേസമയം മത്സരങ്ങള്‍ നടത്താനായത് എട്ടാമത് ദേശീയ മേളയുടെ ഒരു സവിശേഷതയായി.

മലയാളത്തിന്റെ മികച്ച ജനപ്രിയ നടനായ, അന്തരിച്ച കലാഭവന്‍ മണിയുടെ പേരില്‍ നാമകരണം ചെയ്ത കലാമേള നഗരിയില്‍ രാവിലെ ഒന്‍പത് മണിമുതല്‍ ആരംഭിച്ച ജനപ്രവാഹം അര്‍ധരാത്രിക്ക് ശേഷവും സജീവമായിരുന്നു. 2017 ഒക്‌റ്റോബര്‍ 28 ശനിയാഴ്ച നോര്‍ത്ത് വെസ്റ്റ് ലണ്ടനിലെ ഹെയര്‍ഫീല്‍ഡ് അക്കാഡമിയില്‍ ചരിത്രം വഴിമാറുമോ എന്ന ആകാംക്ഷയിലായിരുന്ന കലാസ്‌നേഹികളെ നിരാശരാക്കാതെ ഈസ്റ്റ് ആന്‍ഡ് വെസ്റ്റ് മിഡ്‌ലാന്‍ഡ്‌സ് റീജിയണ്‍ യുക്മ ദേശീയ കലാമേളയുടെ ചരിത്രത്തിലെ ആദ്യ ഹാട്രിക്ക് വിജയികളായി.

പത്താം സ്ഥാപക വാര്‍ഷികത്തിലെ ഐതിഹാസിക കലാമേളക്ക് ആതിഥേയത്വം വഹിക്കാന്‍ ഷെഫീല്‍ഡ്

യുക്മ രൂപംകൊണ്ടതിന്റെ പത്താം വാര്‍ഷികം ആചരിക്കപ്പെടുന്ന ചരിത്രദശയില്‍ നടക്കുന്ന ദേശീയ കലാമേള എന്ന ഖ്യാതി സ്വന്തമാക്കിയാണ് 2018 ലെ യുക്മ ദേശീയ കലാമേള ചരിത്രത്തിലേക്ക് നടന്ന് കയറുന്നത്. ശനിയാഴ്ച നടക്കുന്ന ഒന്‍പതാമത് യുക്മ ദേശീയ കലാമേള യുക്മ യോര്‍ക്‌ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയന്റെയും ഷെഫീല്‍ഡ് കേരളാ കള്‍ച്ചറല്‍ അസോസിയേഷന്റെയും സംയുക്ത ആഭിമുഖ്യത്തിലാണ് സംഘടിപ്പിക്കപ്പെടുന്നത്. ആകസ്മികമായി മരണമടഞ്ഞ വയലിന്‍ മാന്ത്രികന്‍ ബാലഭാസ്‌ക്കറുടെ ഓര്‍മ്മകള്‍ക്ക് മുന്നില്‍ പ്രണാമം അര്‍പ്പിച്ചുകൊണ്ട് ‘ബാലഭാസ്‌ക്കര്‍ നഗര്‍’ എന്ന് നാമകരണം ചെയ്ത പെനിസ്റ്റണ്‍ ഗ്രാമര്‍ സ്‌കൂളില്‍ അഞ്ച് വേദികളിലായി ദേശീയ കലാമേള അരങ്ങേറും. യുക്മ കലാമേളകളുടെ ചരിത്രത്തില്‍ ആദ്യമായി റീജിയണല്‍ ദേശീയ കലാമേളകളില്‍ പൂര്‍ണമായും കുറ്റമറ്റരീതിയില്‍ ഓണ്‍ലൈന്‍ രജിസ്‌ട്രേഷന്‍ സംവിധാനം വിജയകരമായി ഏര്‍പ്പെടുത്തി എന്നതും ഒന്‍പതാം യുക്മ കലാമേളയുടെ സവിശേഷതയാകുന്നു.

ശനിയാഴ്ച അര്‍ദ്ധരാത്രി കഴിയുമ്പോള്‍ പെനിസ്റ്റണ്‍ സ്‌കൂളില്‍ തിങ്ങിനിറയുന്ന പുരുഷാരത്തെ സാക്ഷിയാക്കി ദേശീയ കലാമേള വിജയികളാരെന്ന് പ്രഖ്യാപിക്കപ്പെടും. കഴിഞ്ഞ വര്‍ഷത്തെ ഹാട്രിക് വിജയികളായ മിഡ്‌ലാന്‍ഡ്‌സ് തുടര്‍ച്ചയായ നാലാം കിരീടം നേടുമോ എന്നാണ് യു കെ മലയാളിസമൂഹം ആകാംക്ഷയോടെ ഉറ്റുനോക്കുന്നത്. അതോ ഈസ്റ്റ് ആംഗ്ലിയ കരുത്ത് തെളിയിച്ചു മുന്നിലെത്തുമോ? മേളയിലെ ഈ വര്‍ഷത്തെ കറുത്ത കുതിരകളാകാന്‍ സൗത്ത് വെസ്റ്റ്, യോര്‍ക്ക് ഷെയര്‍ ആന്‍ഡ് ഹംബര്‍ റീജിയണുകള്‍ കഠിന പരിശീലനത്തിലാണ്. ഏവരെയും ഞെട്ടിച്ചുകൊണ്ട് കിരീടം നേടാന്‍ നോര്‍ത്ത് വെസ്റ്റ്, സൗത്ത് ഈസ്റ്റ് റീജിയനുകള്‍ക്ക് കഴിയുമോ? തങ്ങളുടെ പ്രഥമ ദേശീയ മേളയില്‍ നോര്‍ത്ത് ഈസ്റ്റ് ആന്‍ഡ് സ്‌കോട്ട്‌ലന്‍ഡ് റീജിയണ്‍ നിറസാന്നിധ്യം ആകുമോ? കാത്തിരിപ്പിന് ഇനി രണ്ടേ രണ്ടു നാളുകള്‍ കൂടി മാത്രം. ആകാംക്ഷയുടെ പൂത്തിരി മേളത്തിലേക്ക് എല്ലാ യു കെ മലയാളികള്‍ക്കും സ്വാഗതം. ദേശീയ കലാമേള നടക്കുന്ന വേദിയുടെ വിലാസം താഴെക്കൊടുക്കുന്നു:
Penistone Grammar School, Huddersfield Road, Penistone, Sheffield S36 7BX

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.