1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee October 21, 2016

ടോം ശങ്കൂരിക്കല്‍: വളരും തോറും പിളരും എന്ന മലയാളി അസോസിയേഷനുകളുടെ സ്ഥിരം പല്ലവിക്ക് മൂക്കുകയറിട്ട് കൊണ്ട് ഗ്ലോസ്റ്റെര്‍ഷെയര്‍ മലയാളി അസോസിയേഷന്റെ എല്ലാ അംഗങ്ങളെയും ഉള്‍ക്കൊള്ളിച്ച് അവര്‍ക്കു കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും അസോസിയേഷന്റെ സുഗമവും കാര്യക്ഷമവുമായ പ്രവര്‍ത്തന സൗകര്യം മുന്‍നിറുത്തിയും പ്രാദേശിക യൂണിറ്റുകള്‍ സ്ഥാപിച്ച് മാതൃസ്ഥാനത്തേക്കുയര്‍ന്ന് ജി എം എ വീണ്ടും ഇതര മലയാളി അസ്സോസ്സിയേഷനുകള്‍ക്കു മാതൃകയായിരിക്കുന്നു.

കഴിഞ്ഞ പതിനാലു വര്‍ഷത്തിലേറെയായി 250ഇല്‍ പരം കുടുംബാങ്കങ്ങളെ ഒരു കുടക്കീഴില്‍ അണി നിരത്തി കൊണ്ട് യു കെ യിലെ ഏറ്റവും മികച്ച അസ്സോസ്സിയേഷന്‍ എന്ന പുരസ്‌കാരം നിരവധി തവണ കരസ്ഥമാക്കിയിട്ടുള്ള ജി എം എ, വര്‍ധിച്ചു വരുന്ന ജന ബാഹുല്യം പരിഗണിച്ച് ആണ് റീജിയണല്‍ യൂണിറ്റുകള്‍ എന്ന ആശയത്തെ പറ്റി ചിന്തിച്ചു തുടങ്ങിയത്. ഗ്ലോസ്റ്റെര്‍, ചെല്‍ട്ടന്‍ഹാം, ട്യൂക്‌സ്ബറി, സ്ട്രൗട് തുടങ്ങിയ സ്ഥലങ്ങളിലായി താമസിക്കുന്ന മലയാളി കുടുംബങ്ങള്‍ക്ക് കൂടുതല്‍ അവസരങ്ങള്‍ ഒരുക്കുന്നതിനും കൂടുതല്‍ കാര്യക്ഷമമായി അവര്‍ക്കിടയില്‍ പ്രവര്‍ത്തിക്കുന്നതിനും വേണ്ടിയാണ് ഏതാണ്ട് അറുപതോളം മലയാളി കുടുംബങ്ങള്‍ ഉള്‍ക്കൊള്ളുന്ന ചെല്‍റ്റന്‍ഹാമിന് ജി എം എ യുടെ പ്രാദേശിക യൂണിറ്റ് എന്ന പദവി നല്‍കിയത്. പ്രാദേശിക തലത്തില്‍ മുഴുവന്‍ അംഗങ്ങളെയും ഉള്‍പ്പെടുത്തി വ്യത്യസ്തമായ പരിപാടികള്‍ ഒരുക്കിയതിനു ശേഷം ഓണം, ക്രിസ്തുമസ്, ആര്‍ട്‌സ് ഫെസ്റ്റിവല്‍ തുടങ്ങിയ പരിപാടികള്‍ എല്ലാ റീജിയനുകളെയും സമന്വയിപ്പിച്ച് നടത്തുവാനാണ് ജി എം എ ഒരുങ്ങുന്നത്.

ചെല്‍റ്റന്‍ഹാം കേന്ദ്രീകരിച്ച് ആരംഭിച്ച ഈ യൂണിറ്റ് ജി എം എ ചെല്‍റ്റന്‍ഹാം യൂണിറ്റ് എന്ന പേരില്‍ ആയിരിക്കും അറിയപ്പെടുന്നത്. ഈ കഴിഞ്ഞ ഒക്ടോബര്‍ 2ആം തിയതി ഗാന്ധിജയന്തി ദിനത്തിലാണ് ചെല്‍റ്റന്‍ഹാമിലെ പ്രെസ്റ്റബറിഹാളില്‍ വെച്ച് ജി എം എ ചെല്‍റ്റന്‍ഹാം യൂണിറ്റിന്റെ ഔദ്യോഗികമായ രൂപീകരണം ജി എം എ പ്രസിഡന്റ് ഡോ. ബിജു പെരിങ്ങത്തറ നിര്‍വഹിച്ചത്. ജി എം എ സെക്രട്ടറി ശ്രീ. എബിന്‍ ജോസ് ഈ പുതിയ കൂട്ടായ്മക്ക് ആശംസകള്‍ അര്‍പ്പിച്ചു. ഈ യൂണിറ്റിന്റെ സുഗമമായ നടത്തിപ്പിനു വേണ്ടി ഒരു കമ്മിറ്റിയെയും തിരഞ്ഞെടുത്തിട്ടുണ്ട്. പ്രസിഡണ്ട് ഡോ. ബീന അബ്ദുള്‍, വൈസ് പ്രസിഡണ്ട് ശ്രീ. അരുണ്‍ വിജയന്‍, സെക്രട്ടറി ശ്രീ. സിബി ജോസഫ്, ജോയിന്റ് സെക്രട്ടറി ഡോ. മായ ബിജു, ട്രെഷറര്‍ ശ്രീ. ജഡ്‌സണ്‍ ആലപ്പാട്ട്, കമ്മിറ്റി മെംബേര്‍സ് ശ്രീമതി. സിജി പോള്‍ മണവാളന്‍, ശ്രീ. അജി ഡേവിഡ്, ശ്രീ. ജെയ്‌സണ്‍ വര്‍ഗീസ്, ശ്രീ. റോബി മേക്കര,
ശ്രീ. ടോം ശങ്കൂരിക്കല്‍ എന്നിവരായിരിക്കും ജി എം എ ചെല്‍റ്റന്‍ഹാം യൂണിറ്റിനെ 2016 2017 കാലഘട്ടത്തില്‍ നയിക്കുന്നത്.

സ്ത്രീകളേയും കുട്ടികളേയും ഉള്‍പ്പെടുത്തി വ്യത്യസ്തമായ പരിപാടികളാണ് ഈ കമ്മിറ്റി ഇതിനകം നടപ്പില്‍ വരുത്തിയിട്ടുള്ളത്. സ്ത്രീകള്‍ക്ക് മാത്രമായുള്ള വിമന്‍സ് ഫോറം സംഘടിപ്പിച്ച് അതിലൂടെ യോഗ, സ്ലിമ്മിംങ് വേള്‍ഡ്, കുക്കറി സെക്ഷന്‍, ഡാന്‍സ് ക്ലാസ് തുടങ്ങി സ്ത്രീകളെ ആകര്‍ഷിക്കുന്ന പരിപാടികളുമായി മുന്നോട്ടു പോവുകയാണ് ചെല്‍റ്റന്‍ഹാം വനിതകള്‍. കുട്ടികള്‍ക്കും മുതിര്‍ന്നവര്‍ക്കുമായി ഡാന്‍സ് ക്ലാസ്സുകളും, ജി എം എ യുമായി ചേര്‍ന്ന് ബാഡ്മിന്റണ്‍ കോച്ചിങ് ക്ലാസ്സുകളും നടത്തുവാനുള്ള ഒരുക്കങ്ങള്‍ എല്ലാം പൂര്‍ത്തിയായി കഴിഞ്ഞു. ആണ്‍കുട്ടികളെയും പെണ്‍കുട്ടികളെയും അവരുടെ പ്രായമാനുസരിച്ച് ഓരോ ഗ്രൂപ്പുകളായി തിരിച്ചു അടുത്ത പരിപാടിക്കായുള്ള തയ്യാറെടുപ്പുകളുമായി അത്യന്തം ഉല്‍സാഹത്തിമര്‍പ്പിലാണ് ജി എം എ ചെല്‍റ്റന്‍ഹാം കുടുംബങ്ങള്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.