1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 16, 2017

വര്‍ഗീസ് ഡാനിയേല്‍: യുക്മ സാംസ്‌കാരീക വേദിയുടെ ആഭിമുഖ്യത്തില്‍ പ്രസിദ്ധികരിച്ചുകൊണ്ടിരിക്കുന്ന ജനപ്രിയ ഇ മാഗസിനായ ‘ജ്വാല’ യുടെ 201719 കാലയളവിലേക്കുള്ള എഡിറ്റോറിയല്‍ ബോര്‍ഡിനെ പ്രഖ്യാപിച്ചു. കഴിഞ്ഞ കാലയളവിലെ മികവുറ്റ പ്രവര്‍ത്തനത്തിന്റെ അംഗീകാരമായി മാനേജിംഗ് എഡിറ്റര്‍ ശ്രീ സജീഷ് ടോമിനെയും ചീഫ് എഡിറ്റര്‍ ശ്രീ റെജി നന്തിക്കാട്ടിനെയും തല്‍സ്ഥാനങ്ങളില്‍ നിലനിര്‍ത്തി കൊണ്ടാണു പുതിയ എഡിറ്റോറിയല്‍ ബോര്‍ഡിനെ പ്രഖ്യാപിച്ചിരിക്കുന്നത് . ശ്രീ. ജെയിസണ്‍ ജോര്‍ജ്ജ്, ശ്രീമതി ബീന റോയി, ശ്രീ. സി.എ. ജോസഫ് എന്നിവരാണ് എഡിറ്റോറിയല്‍ ബോര്‍ഡിലെ മറ്റംഗങ്ങള്‍.

2014 സെപ്റ്റംബറില്‍ പ്രസിദ്ധീകരണം ആരംഭിച്ച ‘ജ്വാല’ കഴിഞ്ഞ രണ്ടര വര്‍ഷങ്ങള്‍ കൊണ്ട് യു.കെ.യുടെ അതിര്‍ത്തികള്‍ കടന്ന് ലോക പ്രവാസി മലയാളികള്‍ക്ക് ആകെ പ്രിയങ്കരമായി തീര്‍ന്നു കഴിഞ്ഞു. യു.കെ.യുടെ അതിര്‍ത്തികള്‍ കടന്ന് ലോക പ്രവാസി മലയാളികള്‍ക്ക് ആകെ പ്രിയങ്കരമായി തീര്‍ന്നു, കഴിഞ്ഞ രണ്ടര വര്‍ഷങ്ങള്‍ കൊണ്ട്. ഈ കാലയളവില്‍ ഇരുപത്തിയേഴ് പതിപ്പുകള്‍ പുറത്തിറക്കാനായി. 201517 കാലയളവിലെ ജ്വാല ചീഫ് എഡിറ്റര്‍ ആയി പ്രവര്‍ത്തിച്ചുകൊണ്ട്, ഇരുപത് പതിപ്പുകളുടെയും പ്രസിദ്ധീകരണത്തിന് നേതൃത്വം നല്‍കിയത് ശ്രീ.റെജി നന്തികാട്ട് തന്നെയായിരുന്നു. മാധ്യമ പ്രവര്‍ത്തന രംഗത്തു അനേക വര്‍ഷങ്ങളുടെ പാരമ്പര്യമുള്ള ശ്രീ.റെജിയുടെ നേതൃത്വം ‘ജ്വാല’യെ കൂടുതല്‍ ഉയരങ്ങളിലേക്ക് എത്തിക്കുമെന്നതിന് സംശയമില്ല. യുക്മ ഈസ്റ്റ് ആഗ്ലിയ റിജിയന്റെ പി.ആര്‍.ഒ. കൂടിയാണു ശ്രീ റെജി.

യുകെ മലയാളികള്‍ക്ക് സുപരിചിതനും യുക്മയുടെ മുന്‍ ജനറല്‍ സെക്രട്ടറിയുമായ സജീഷ് ടോം ഒരു മികച്ച സംഘാടകനും എഴുത്തുകാരനും കൂടിയാണ്. ഗദ്യവും പദ്യവും ഒരുപോലെ തനിക്ക് വഴങ്ങുമെന്ന് തെളിയിച്ചിട്ടുള്ള അദ്ദേഹം അക്ഷരങ്ങളുടെ ലോകത്ത് ആരവങ്ങള്‍ ഉയര്‍ത്താത്ത യാത്രികനാണ്. കഴിഞ്ഞ രണ്ട് വര്‍ഷങ്ങള്‍ ‘ജ്വാല’യുടെ മാനേജിംഗ് എഡിറ്റര്‍ ആയിരുന്നതുകൊണ്ട് മാഗസിന്റെ പ്രചാരണത്തില്‍ പ്രധാന പങ്കു വഹിച്ച സജീഷിന്റെ അനുഭവസമ്പത്ത് ജ്വാലക്ക് ഒരു മുതല്‍ക്കൂട്ടാവും എന്നതില്‍ സംശയം ഇല്ല. ശരാശരി രണ്ടായിരത്തില്‍പരം വായനക്കാരുള്ള ‘ജ്വാല’യെ പ്രതിമാസം അയ്യായിരം വായനക്കാരിലെത്തിക്കുക എന്ന ദൗത്യമാണു പുതിയ എഡിറ്റോറിയല്‍ ബോര്‍ഡ് ഏറ്റെടുത്തിരിക്കുന്നതെന്ന് ആത്മവിശ്വാസത്തോടെ അദ്ദേഹം പറയുന്നു.

കഴിഞ്ഞ കാലയളവില്‍ ‘ജ്വാല’ എഡിറ്റോറിയല്‍ ബോര്‍ഡ് അംഗം ആയിരുന്ന ശ്രീ.സി.എ.ജോസഫിനോടൊപ്പം യു.കെ.യുടെ കലാ സാംസ്‌ക്കാരിക രംഗത്തു വ്യക്തിമുദ്ര പതിപ്പിച്ച രണ്ട് വ്യക്തികള്‍ കൂടി ജ്വാല പത്രാധിപ സമിതിയില്‍ എത്തുന്നു എന്നത് ഏറെ ശ്രദ്ധേയമായ കാര്യമാണ്. ലണ്ടനിലെ ഈസ്റ്റ് ഹാമില്‍ താമസിക്കുന്ന ജെയിസണ്‍ ജോര്‍ജ്ജ് സാംസ്‌കാരീക രംഗത്തെ പേരുകേട്ട ഒരു പ്രതിഭയാണു. നാടക രചയിതാവു, സംവിധായകന്‍, അഭിനേതാവ് എന്നീ നിലകളില്‍ പ്രശസ്തനായ ജെയിസണ്‍ മികച്ച ടെലിവിഷന്‍ അവതാരകന്‍ കൂടിയാണു. സോഷ്യല്‍ മീഡിയകളിലൂടെയുള്ള അദ്ദേഹത്തിന്റെ ശക്തമായ ഇടപെടലുകള്‍ എടുത്തുപറയേണ്ടുന്ന ഒന്നാണ്. മികച്ച ഒരു വാഗ്മിയും സംഘാടകനും കൂടിയാണ് ശ്രീ.ജെയ്‌സണ്‍.

തന്റേതായ ലോകത്തില്‍ കാല്പനികതയുടെ കയ്യൊപ്പുചാര്‍ത്തിക്കഴിഞ്ഞ പ്രവാസി എഴുത്തുകാരിയാണ് ശ്രീമതി ബീന റോയി. യു.കെ.യില്‍ കെന്റില്‍ താമസിക്കുന്ന ബീന മലയാള സാഹിത്യത്തിലും ഇംഗ്ലീഷ് സാഹിത്യത്തിലും ഒരേ പോലെ പ്രാവിണ്യമുള്ള എഴുത്തുകാരുടെ പട്ടികയില്‍പ്പെടുന്നു. ബീനയുടെ മലയാളം കവിതകള്‍ കേരളത്തിലെ പ്രമുഖ മലയാളം പ്രസിദ്ധീകരങ്ങളിലൂടെയും ഇംഗ്ലീഷ് കവിതകള്‍ സോഷ്യല്‍ മീഡിയകളിലൂടെയും മലയാളികള്‍ നെഞ്ചിലേറ്റിയവയാണ്.

യു.കെ. മലയാളികള്‍ക്ക് മുഖവുര ആവശ്യമില്ലാത്ത സാംസ്‌ക്കാരിക നായകനായ ശ്രീ.സി.എ.ജോസഫ് കഴിഞ്ഞ രണ്ട് വര്‍ഷക്കാലം യുക്മ സാംസ്‌ക്കാരിക വേദിയുടെ ജനറല്‍ കണ്‍വീനര്‍ എന്ന നിലയില്‍ സംഘാടക മികവ് തെളിയിച്ചിട്ടുള്ള വ്യക്തിയാണ്. നിരവധി ഹൃസ്വ ചിത്രങ്ങളില്‍ അഭിനയ ചാതുര്യം തെളിയിച്ച ശ്രീ.ജോസഫ്, യു.കെ.മലയാളികള്‍ പുറത്തിറക്കിയ സമീപകാല ചലച്ചിത്രത്തിലും സജീവ സാന്നിധ്യമായിരുന്നു. കഴിഞ്ഞ കാലയളവിലെ ജ്വാലയുടെ പ്രചാരണത്തില്‍ മുഖ്യ പങ്ക് വഹിച്ച വ്യക്തികൂടിയാണ് അദ്ദേഹം.

‘ജ്വാല’യുടെ പുതിയ സാരഥികള്‍ക്ക് യുക്മ ദേശീയ പ്രസിഡന്റ് ശ്രീ.മാമ്മന്‍ ഫിലിപ്പ്, ജനറല്‍ സെക്രട്ടറി ശ്രീ.റോജിമോന്‍ വര്‍ഗീസ്, ട്രഷറര്‍ ശ്രീ.അലക്‌സ് വര്‍ഗീസ് എന്നിവര്‍ ആശംസകള്‍ നേര്‍ന്നു. യു.കെ. യിലെ മലയാളികളായ സാഹിത്യകാരുടെയും സാംസ്‌കാരീക പ്രവര്‍ത്തകരുടെയും തൂലികയില്‍ നിന്നും ഉരുത്തിരിയുന്ന രചനകള്‍ വായനക്കാരില്‍ എത്തിക്കുക എന്നതിനൊപ്പം, ശ്രദ്ധേയരായ സാഹിത്യകാരുടെ രചനകള്‍ വായനക്കാര്‍ക്ക് പരിചയപ്പെടുത്തുവാനും ‘ജ്വാല’ പ്രത്യേകം ശ്രദ്ധിക്കുന്നു. എഴുത്തിന്റെ ലോകത്തേക്ക് കടന്നുവരുന്ന പ്രതിഭകള്‍ക്ക് അവസരം ഒരുക്കിക്കൊണ്ട് ലോക പ്രവാസി മലയാളികള്‍ക്ക് അക്ഷര വിരുന്നൊരുക്കാന്‍ ശ്രീ. റെജി നന്തിക്കാട്ടിന്റെ മേല്‍നോട്ടത്തിലുള്ള എഡിറ്റോറിയല്‍ ബോര്‍ഡിനു സാധിക്കട്ടെ എന്ന് യുക്മ ദേശീയ നിര്‍വാഹക സമിതി ആശംസിച്ചു. ‘ജ്വാല’യുടെ മാര്‍ച്ച് മാസത്തെ പതിപ്പ് ഇരുപതാം തീയതി തിങ്കളാഴ്ച പുറത്തിറങ്ങും. തുടര്‍ന്നുള്ള ലക്കങ്ങള്‍ എല്ലാ മാസവും പതിനഞ്ചാം തീയതി പ്രസിദ്ധീകരിക്കുന്നതായിരിക്കും.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.