1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 3, 2017

സജീഷ് ടോം (യുക്മ പി.ആര്‍.ഒ.): യുക്മയുടെ ചരിത്രത്തിലെ ആദ്യ ദേശീയ നേതൃയോഗം ഏപ്രില്‍ ഒന്ന് ശനിയാഴ്ച ബര്‍മിംഗ്ഹാമിലെ എക്‌സ് സര്‍വീസ് മെന്‍സ് സോഷ്യല്‍ ക്ലബ്ബില്‍ സംഘടിപ്പിക്കപ്പെട്ടു. യുക്മ ദേശീയ നേതൃത്വത്തോടൊപ്പം, തെരഞ്ഞെടുക്കപ്പെട്ട മുഴുവന്‍ റീജിയണല്‍ നേതാക്കളും കൂടി ഒത്തു ചേര്‍ന്നപ്പോള്‍, യുക്മയെന്ന ദേശീയ പ്രസ്ഥാനത്തിന്റെ നേതൃ ശക്തിയുടെ വിളംബരമായി മാറി പ്രഥമ ദേശീയ നേതൃ സംഗമം.

രണ്ട് സെഷനുകളായി നടന്ന സമ്മേളനം രാവിലെ പതിനൊന്ന് മണിക്ക് ആരംഭിച്ചു. പ്രസിഡന്റ് മാമ്മന്‍ ഫിലിപ്പ് അധ്യക്ഷത വഹിച്ച യോഗത്തില്‍ ജനറല്‍ സെക്രട്ടറി റോജിമോന്‍ വര്‍ഗീസ് പ്രതിനിധികള്‍ക്ക് സ്വാഗതം ആശംസിച്ചു. രാവിലത്തെ സെഷനില്‍ തങ്ങളുടെ റീജിയനുകളിലെ 2017 പ്രവര്‍ത്തന വര്‍ഷത്തിലെ പ്രധാന കര്‍മ്മപരിപാടികളെക്കുറിച്ചുള്ള രൂപരേഖ അതാത് റീജിയണല്‍ പ്രസിഡണ്ട്മാര്‍ അവതരിപ്പിച്ചു. തുടര്‍ന്ന് യുക്മ ഏറ്റെടുത്തു നടത്താനിരിക്കുന്ന പ്രധാന സംരംഭങ്ങളെക്കുറിച്ചു ചുമതലപ്പെട്ട കോഓര്‍ഡിനേറ്റര്‍മാര്‍ സംസാരിച്ചു. അതോടൊപ്പം പൊതു ചര്‍ച്ചയും നടന്നു. ഉച്ച ഭക്ഷണത്തിന് ശേഷം, വിവിധ പോഷക സംഘടനകളായ യുക്മ നേഴ്‌സസ് ഫോറം, യുക്മ ചാരിറ്റി ഫൗണ്ടേഷന്‍, യുക്മ ടൂറിസം ക്ലബ്, യുക്മ ന്യൂസ്, യുക്മ സാംസ്‌ക്കാരിക വേദി, യുക്മ പി.ആര്‍.ഒ. ടീം, ‘ജ്വാല’ ഇമാഗസിന്‍ തുടങ്ങിയവയുടെ ദേശീയ നേതൃ നിരകൂടി ഒത്തുചേര്‍ന്നപ്പോള്‍, വ്യത്യസ്ത ജീവിത മേഖലകളെ പ്രതിനിധീകരിക്കുന്ന യു.കെ.മലയാളി പൊതുസമൂഹത്തിന്റെ സമഗ്രമായ ഒരു നേര്‍ക്കാഴ്ച തന്നെയായി അത് മാറി.

യുക്മയുടെ ചരിത്രത്തില്‍ എക്കാലവും സ്വര്‍ണ്ണ ലിപികളില്‍ ആലേഖനം ചെയ്യാന്‍ പോന്ന ‘യു ഗ്രാന്റ്’ ലോട്ടറിയുടെ ഉദ്ഘാടനം സമ്മേളനത്തില്‍ വച്ച് നടന്നു. യുക്മയുടെ ദേശീയ തലത്തിലും റീജിയണല്‍ തലങ്ങളിലും നടക്കുന്ന നിരവധിയായ പ്രവര്‍ത്തനങ്ങള്‍ക്കും, പോഷക സംഘടനാ പ്രവര്‍ത്തനങ്ങള്‍ക്കും വേണ്ടിവരുന്ന സാമ്പത്തിക സ്രോതസുകള്‍ക്കായി സ്ഥിരമായി സ്‌പോണ്‍സര്‍മാരെ മാത്രം ആശ്രയിച്ചുപോരുന്ന നിലവിലുള്ള രീതിക്ക് ഒരു പരിധിവരെ മാറ്റം കുറിക്കുകയാണ് ‘യു ഗ്രാന്റി’ലൂടെ യുക്മ. ഒന്നാം സമ്മാനം ഒരു ബ്രാന്‍ഡ് ന്യൂ കാര്‍ പ്രഖ്യാപിച്ചുകൊണ്ട് നടത്തുന്ന നടത്തുന്ന പ്രസ്തുത ലോട്ടറിക്ക് നിയമപരമായ എല്ലാ അനുമതികളും ലഭിച്ചു കഴിഞ്ഞു എന്ന് ദേശീയ ട്രഷറര്‍ അലക്‌സ് വര്‍ഗീസ് പറഞ്ഞു. ഒരു ടിക്കറ്റിന് പത്തു പൗണ്ട് നിരക്കിലാണ് വില്പനക്കെത്തുന്നത്. ബര്‍മിംഗ്ഹാമിലെ ഇന്ത്യന്‍ കോണ്‍സുലേറ്റില്‍നിന്നുള്ള അസിസ്റ്റന്റ് കോണ്‍സുലാര്‍ (വെല്‍ഫയര്‍) അശോക് റാവത്ത് ‘യു ഗ്രാന്റ്’ ലോട്ടറിയുടെ ഔപചാരികമായ ഉദ്ഘാടനം നിര്‍വഹിച്ചു. യുക്മ ദേശീയ റീജിയണല്‍ നേതാക്കളുടെ സാന്നിധ്യത്തില്‍, യുക്മ ടൂറിസം ക്ലബ് വൈസ് ചെയര്‍മാന്‍ ടിറ്റോ തോമസ് ആദ്യ വില്‍പ്പനയുടെ ടിക്കറ്റുകള്‍ ഏറ്റുവാങ്ങി.

പദ്ധതി പ്രകാരം റീജിയണുകള്‍ വില്‍ക്കുന്ന ടിക്കറ്റിന്റെ അമ്പതു ശതമാനം പ്രസ്തുത റീജിയണും, ടിക്കറ്റ് വില്‍ക്കുന്ന അസോസിയേഷനും തുല്യമായി വീതിച്ചു നല്‍കുന്നതാണ്. വിറ്റുവരവിന്റെ പത്തു ശതമാനം യുക്മ ചാരിറ്റി ഫൗണ്ടേഷന്‍ അക്കൗണ്ടില്‍ നിക്ഷേപിക്കും. ബാക്കി നാല്‍പ്പത് ശതമാനം തുക യുക്മ നാഷണല്‍ കമ്മറ്റി പ്രവര്‍ത്തനങ്ങള്‍ക്ക് വേണ്ടി നീക്കിവക്കുന്നതാണ്. ഒന്നാം സമ്മാനമായ ബ്രാന്‍ഡ് ന്യൂ കാറിന് പുറമെ, പത്തു ഭാഗ്യവാന്മാരെ കൂടി നറുക്കെടുത്ത്, പത്ത് സ്വര്‍ണ്ണ നാണയങ്ങളും സമ്മാനമായി നല്‍കുന്നുണ്ട്. യുക്മയുടെ ആരംഭകാലം മുതല്‍ യുക്മ സഹയാത്രികരും, യു.കെ.യിലെ അറിയപ്പെടുന്ന മലയാളി ബിസിനസ് സംരംഭകരുമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസ് ആണ് ‘യു ഗ്രാന്റ്’ ലോട്ടറിയുടെ എല്ലാ സമ്മാനങ്ങളും സ്‌പോണ്‍സര്‍ ചെയ്യുന്നത്. യുക്മയുടെ നാളിതുവരെയുള്ള നാള്‍വഴികളില്‍, നേപ്പാള്‍ ചാരിറ്റി അപ്പീലിന് ശേഷമുള്ള ഏറ്റവും അഭിമാനകരമായ ഒരു കാല്‍വയ്പ്പായി ‘യു ഗ്രാന്റ്’ ലോട്ടറിയെ യുക്മ പ്രഥമ ദേശീയ നേതൃ സംഗമം വിലയിരുത്തി.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.