1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 25, 2016

അനീഷ് ജോണ്‍: നാദവും ഹാസ്യവും താളവും ഒത്തിണങ്ങിയ ഒരു ദൃശ്യ വിരുന്നിനായി കാത്തിരുന്ന യു.കെ മലയാളികള്‍ വിനീത് ശ്രീനിവാസന്റെ നേതൃത്വത്തിലുള്ള കലാസംഘത്തെ സ്വീകരിക്കുവാനുള്ള ഒരുക്കത്തിലാണ്. ‘നാദവിനീതഹാസ്യം 2016’ എന്നു പേര് നല്‍കിയിട്ടുള്ള ഈ മെഗാഷോ യു.കെയില്‍ മൂന്ന് സ്ഥലങ്ങളിലായിട്ടാണ് നടത്തപ്പെടുന്നത്. യു.കെയുടെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികള്‍ക്ക് പങ്കെടുക്കുന്നതുള്ള സൗകര്യം ഒരുക്കുക എന്ന സംഘാടകരുടെ ലക്ഷ്യം ലണ്ടനിലും മിഡ്‌ലാന്റ്‌സിലും മാഞ്ചസ്റ്ററിലുമായി ഒരുക്കപ്പെട്ടിരിക്കുന്ന വേദികളിലൂടെ സാക്ഷാത്കരിക്കപ്പെടുകയാണ്. യു.കെ മലയാളി സംഘടനകളുടെ കൂട്ടായ്മയായ യുക്മയും യു.കെയിലെ ഏറ്റവും വലിയ മലയാളി ബിസ്സിനസ് സംരഭമായ അലൈഡ് ഫിനാന്‍ഷ്യല്‍ സര്‍വീസസും നമ്മുടെ പ്രിയങ്കരമായ ടെലിവിഷന്‍ ചാനല്‍ ഗര്‍ഷോം ടി.വിയും ഒത്തുചേരുമ്പോള്‍ അത് ‘നാദവിനീതഹാസ്യം 2016’ മെഗാഷോയ്ക്ക് ശക്തമായ പിന്‍ബലമേകുന്നു.

യു.കെ മലയാളികള്‍ക്കിടയില്‍ ഏറെ ജനപ്രീതി നേടിയ യുക്മ സാംസ്‌കാരികവേദിയുടെ ആഭിമുഖ്യത്തില്‍ നടത്തപ്പെടുന്ന സ്റ്റാര്‍ സിംഗര്‍ സീസണ്‍ രണ്ടിന്റെ ഗ്രാന്റ്ഫിനാലെയുടെ മാറ്റുകൂട്ടുവാനും കൂടിയാണ് താരനിബിഡമായ ‘നാദവിനീതഹാസ്യം 2016’ യു.കെയിലെത്തുന്നത്. യുക്മ സ്റ്റാര്‍ സിംഗര്‍ സീസണ്‍ 1ന്റെ ഗ്രാന്റ് ഫിനാലെയില്‍ മലയാളികളുടെ വാനമ്പാടി കെ.എസ് ചിത്ര നയിച്ച് യു കെ മലയാളികളുടെ അംഗീകാരം ഏറ്റു വാങ്ങി കൊണ്ട് വന്‍വിജയം ആയി മാറിയ ചിത്രഗീതം മെഗാഷോയ്ക്ക് ശേഷം യുക്മഅലൈഡ്ഗര്‍ഷോം ടി.വി ടീം ഒന്നിക്കുന്ന പരിപാടിയാണ് ‘നാദവിനീതഹാസ്യം 2016’ എന്നതുകൊണ്ട് തന്നെ ഇതും യു.കെയിലെ ഏറ്റവും ജനപങ്കാളിത്തം ഉള്ള മെഗാഷോയാവുമെന്ന കാര്യത്തില്‍ സംശയമില്ല.

യു.കെയുടെ എല്ലാ ഭാഗങ്ങളിലുമുള്ള മലയാളികല്‍ക്ക് ഈ പരിപാടിയില്‍ പങ്കെടുക്കുന്നതിനു വേണ്ടി മൂന്ന് പ്രധാന കേന്ദ്രങ്ങളിലാണ് ഈ അത്യാകര്‍ഷകമായ പരിപാടി നടത്തുന്നതിനു വേണ്ടി സംഘാടകര്‍ തീരുമാനിച്ചിരിക്കുന്നത്. ജൂണ്‍ 17,18,19 തീയതികളില്‍ സൗത്ത് മേഖലയിലെ മലയാളികളുടെ സൗകര്യാര്‍ത്ഥം ഈസ്റ്റ്ഹാമിലും മിഡ്‌ലാന്റ്‌സിലെ ലെസ്റ്ററിലും നോര്‍ത്തില്‍ മാഞ്ചസ്റ്ററിലുമായിട്ടാണ് പരിപാടി നടത്തപ്പെടുന്നത്. ജൂണ്‍ 17 വെള്ളിയാഴ്ച വൈകിട്ട് 6 മണിക്ക് ഈസ്റ്റ്ഹാമിലെ ദി വൈറ്റ്ഹൗസ് വെന്യൂവില്‍ വച്ചും ജൂണ്‍ 18നു മിഡ്‌ലാന്‍സ് ലെസ്റ്ററിലെ മെഹര്‍ സെന്റെറിലും ജൂണ്‍ 19 ഞായറാഴ്ച മാഞ്ചസ്റ്ററ്? സ്റ്റോക്ക്‌പോര്‍ട്ടിലെ ദി പ്ലാസായിലുമായിട്ടാണ് ‘നാദവിനീതഹാസ്യം 2016’ നടത്തപ്പെടുന്നത്. പരിപാടി നടക്കുന്ന മൂന്ന് സെന്ററുകളും ആയിരത്തില്പരം ആളുകള്‍ക്ക് പങ്കെടുക്കുന്നതിനുള്ള സീറ്റിംഗ് കപ്പാസിറ്റിയുള്ള ഹാളുകളാണ്. കഴിഞ്ഞ തവണ യുക്മഅലൈഡ് നടത്തിയ ചിത്രഗീതം പരിപാടിയ്ക്ക് ടിക്കറ്റ് പൂര്‍ണ്ണമായും നേരത്തേ തന്നെ വിറ്റഴിഞ്ഞിരുന്നു. അവസാനം ടിക്കറ്റ് ആവശ്യപ്പെട്ട പലര്‍ക്കും ഒടുവില്‍ നിരാശരാവേണ്ടി വന്നു. യുക്മയുടെ സംഘടനാബലവും അലൈഡ് സര്‍വീസസിന്റെ വിപുലമായ നെറ്റ്?വര്‍ക്കുമാണ് ടിക്കറ്റുകള്‍ അതിവേഗം തന്നെ വിറ്റഴിക്കപ്പെട്ടതിന് കാരണമായത്. ഈ ആഴ്ച്ചയോടെ ലണ്ടനിലും മീഡ്‌ലാന്റ്‌സിലും മാഞ്ചസ്റ്ററിലും ‘നാദവിനീതഹാസ്യം 2016’ ടിക്കറ്റ് വില്പന ആരംഭിക്കും. മതിയായ സീറ്റിംഗ് കപ്പാസിറ്റിയുള്ള ഹാളുകള്‍ ആണെങ്കിലും ഇഷ്ടപ്പെട്ട കാറ്റഗറികളില്‍ ടിക്കറ്റ് ലഭിക്കണമെങ്കില്‍ ആദ്യം തന്നെ സംഘാടകരില്‍ നിന്നും ടിക്കറ്റ് ബുക്ക് ചെയ്യേണ്ടതാണ്.

മിന്നിതിളങ്ങുന്ന വര്‍ണ്ണ വിസ്മയം തീര്‍ക്കുവാനുള്ള തയ്യാറെടുപ്പിലാണ് ‘നാദവിനീതഹാസ്യം 2016’ മെഗാഷോയുടെ അണിയറ പ്രവര്‍ത്തകര്‍. മലയാളികള്‍ക്ക് ഏറെ പ്രിയപ്പെട്ട ഒരുപിടി താരങ്ങളെ അണിനിരത്തിക്കൊണ്ടാണ് ഈ മെഗാ ഷോ തയ്യാറാക്കിയിരിക്കുന്നത്. എല്ലാ താരങ്ങള്‍ക്കും ഇക്കുറി നേരത്തേ തന്നെ വിസ ലഭിച്ചതും സംഘാടകരുടെ ഒരുക്കങ്ങള്‍ക്ക് ആവേശം പകരുന്നതായി. മലയാളസിനിമയിലെ ബഹുമുഖപ്രതിഭയും യുവതലമുറയുടെ ഹരവുമായ വിനീത് ശ്രീനിവാസന്‍ തന്റെ ആദ്യ യൂറോപ്യന്‍ മെഗാഷോയ്ക്ക് നേതൃത്വം നല്‍കുമ്പോള്‍ മലയാളത്തിന്റെ പ്രിയതാരങ്ങളായ നാദിര്‍ ഷാ, വൈക്കം വിജയലക്ഷ്മി, പാഷാണം ഷാജി, രഞ്ജിനി ജോസ് , പ്രശാന്ത് കാഞിരമറ്റം, യാസി4 ഹമീദ്, വീണ നായ4 എന്നിവരോടൊപ്പം മറ്റനേകം പ്രഗത്ഭരായ കലാകാരന്‍മാരും കലാകാരികളും യുകെയുടെ മണ്ണിലേക്കെത്തുകയാണ്.

2003ല്‍ കിളിച്ചുണ്ടന്‍ മാമ്പഴം എന്ന സിനിമയിലെ കസവിന്റെ തട്ടമിട്ട് എന്ന ആദ്യ ചലച്ചിത്രഗാനത്തിലുടെ സിനിമ രംഗത്ത് നിലയുറപ്പിച്ച വിനീത് പിന്നിട് നിരവധി സിനിമകളില്‍! പാടി. 2005ല്‍ പുറത്തിറങ്ങിയ ഉദയനാണു താരം എന്ന ചിത്രത്തില്‍ സ്വന്തം പിതാവ് അഭിനയിച്ച നൃത്ത രംഗത്തിനുവേണ്ടി പാടിയ കരളേ കരളിന്റെ കരളേ എന്ന ഗാനം ഏറെ ശ്രദ്ധേയമായി, ഓമനപ്പുഴ കടപ്പുറത്ത് (ചാന്തുപൊട്ട്), എന്റെ ഖല്‍ബിലെ (ക്ലാസ്‌മേറ്റ്‌സ്) എന്നീ ഗാനങ്ങള്‍ വിനീതിനെ കൂടുതല്‍ ജനപ്രിയനാക്കി. നിരവധി ഹിറ്റ് ഗാനങ്ങള്‍ വിനീതിന്റെ ശബ്ദത്തില്‍ നിന്ന് ഉദയം ചെയ്തു പിന്നിട് സിനിമ സംവിധാനത്തില്‍ ശ്രദ്ധ കേന്ദ്രികരിച്ച വിനീത് നിരവധി ഹിറ്റ് സിനിമകള്‍ സംവിധാനം ചെയ്തു. ഏറ്റവുമൊടുവില്‍ ചെയ്ത ‘ജേക്കബിന്റെ സ്വര്‍ഗരാജ്യം’ മലയാളത്തില്‍ സൂപ്പര്‍ ഹിറ്റായി മാറിയിരിക്കുന്നു. ആലുവാപുഴയുടെ തീരത്തുവരെ എത്തിനില്കുന്ന വിനീത് ശ്രിനിവാസന്‍ എന്ന ഗായകന്‍ മലയാള സംഗീതലോകത്തിനു നല്കിയതു പുതുമയും ഇമ്പം നിറഞ്ഞതും നവീനവുമായ ആലാപനശൈലിയാണ്. ഗായകന്‍ സംവിധായകന്‍ നടന്‍ എന്ന് വേണ്ട കൈവച്ച മേഖലകളിലെല്ലാം തന്റേതായ വ്യക്തിമുദ്രപതിപ്പിച്ച ഈ കലാകാരന്റെ സ്വരമാധുര്യം ഈ കലാവിരുന്നിനെത്തുന്ന സംഗീതപ്രേമികള്‍ക്ക് വേറിട്ട അനുഭവമായിരിക്കുമെന്നുറപ്പാണ്. ചുരുങ്ങിയ കാലം കൊണ്ട് ഇത്രയധികം മേഖലകളില്‍ തന്റെതായ വ്യക്തിമുദ്ര പതിപ്പിച്ച മലയാളികളുടെ സ്വന്തം വിനീത് ശ്രിനിവാസന്‍ യു.കെയില്‍ തന്റെ ആദ്യ മെഗാഷോയുമായി എത്തുമ്പോള്‍ പ്രേഷകര്‍ക്ക് കണ്ണിനും കാതിനും മനസ്സിനും ആവേശം കൊള്ളിക്കുന്ന ഒരുപിടി നല്ല മുഹൂര്‍ത്തം നമുക്ക് സ്വന്തമാകും.

മലയാള ചാനല്‍ സിനിമ രംഗത്തെ ഒട്ടനവധി മെഗാ ഷോയുടെയും സംവിധായകന്‍, അണിയറ ശില്പ്പി, ഹാസ്യരസപ്രദമായ സിനിമപാരഡി ഗാനശാഖയില്‍ തന്റേതായ വ്യക്തിമുദ്ര പതിപ്പിച്ചയാള്‍, ശുദ്ധനര്‍മ്മത്തില്‍ ചാലിച്ച തന്റെ ഗാനങ്ങളിലൂടെ മലയാളക്കരയെ ചിരിപ്പിക്കുകയും ചിന്തിപ്പിക്കുകയും ചെയ്ത കലാകാരന്‍. ഒപ്പം നിന്നവര്‍ ഓരോരുത്തരെയും കൈ പിടിച്ചുയര്‍ത്തി കൊണ്ട് മലയാളികളുടെ സ്വകാര്യ അഹങ്കാരമായ നാദിര്‍ഷയുടെ സ്വരമാധുര്യം ഇതിനോടകം യുകെ മലയാളികള്‍ കേട്ടറിഞ്ഞിട്ടുള്ളതാണ്. മികച്ച ഗാനരചയിതാവ് മികച്ച സംഗീത സംവിധയകന്‍ എന്ന് മാത്രമല്ല അമര്‍ അക്ബര്‍ അന്തോണി എന്ന ആദ്യ ചിത്രം ഒരു മെഗാ ഹിറ്റു ആയതിനു ശേഷം എത്തുന്ന അതുല്യ കലാകാരന്‍ നാദിര്‍ഷയുടെ സംവിധാനത്തികവോടെയായിരിക്കും ‘നാദവിനീതഹാസ്യം 2016’ വേദിയിലേയ്‌കെത്തുക.

ഇരുട്ടിന്റെ ആഴങ്ങളില്‍ നിന്നും സ്വായത്തമാക്കിയ സംഗീതമുത്തുകള്‍ മലയാളിക്കു സമ്മാനിച്ച അനുഗ്രഹീത കലാകാരി വൈക്കം വിജയലക്ഷ്മിയുടെ സാന്നിധ്യമാണ് ‘നാദവിനീതഹാസ്യം 2016’ന്റെ മറ്റൊരു പ്രത്യേകത. തന്റെ ഹിറ്റ് ഗാനങ്ങള്‍ ആലപിക്കുന്നതിനോടൊപ്പം അപൂര്‍വ സംഗീതോപകരണമായ ഗായത്രി വീണയിലെ പ്രാഗത്ഭ്യം കൂടി വിജയലക്ഷമി യുകെ മലയാളികള്‍ക്ക് സമ്മാനിക്കുന്നു.

കേരളമാകെ ‘പാഷണത്തില്‍’ചാലിച്ച നര്‍മ്മം വിളമ്പിയ സജു നവോദയയുടെ (പാഷാണം ഷാജി)നേതൃത്വത്തിലാണ് നാദവിനീതഹാസ്യത്തിന്റെ കോമഡി സ്‌കിറ്റുകള്‍ ഒരുങ്ങുന്നത്. മലയാള സിനിമയിലെ ഹാസ്യ സാമ്രാട്ടായ ഈ ചെറുപ്പക്കാരനും ഒപ്പം മറ്റു കലാകാരന്മാരുടെയും മുന്‍പില്‍ പ്രേക്ഷകര്‍ ചിരിയടക്കാന്‍ പാടുപെടുമെന്നതു തീര്‍ച്ചയാണ്.

യുവഗായകരില്‍ വളരെ കുറച്ചു കാലംകൊണ്ടു തന്നെ ശ്രദ്ധയാകര്‍ഷിച്ച ഗായികയും അഭിനേത്രിയുമായ രഞ്ജിനി ജോസിന്റെ സംഗീതവും, ഏഷ്യയിലെ ഏറ്റവും മികച്ച ജഗ്ലാറായ, സീ ചാനലിലൂടെ പ്രശസ്തനായ വിനോദിന്റെ പ്രകടനവും വിസ്മയ പ്രപഞ്ചം തീര്‍ക്കും. കുടാതെ കോമഡി സ്റ്റാര്‍ താരം പ്രശാന്ത് കാഞ്ഞിരമറ്റം തുടങ്ങിയ മറ്റനേകം കലാകാരന്മാരും ‘നാദവിനീതഹാസ്യം 2016’ല്‍ അണിനിരക്കുന്നു

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.