1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 13, 2015

അജിമോന്‍ ഇടക്കര

യൂക്കെ മലയാളികളുടെ ഓണാഘോഷങ്ങള്‍ക്ക് ആവേശം പകര്‍ന്നു കൊണ്ടു ഫോബ്മ കായിക വിഭാഗം ഈ വരുന്ന മാസം (സെപ്റ്റംബര്‍ 6 ശനിയാഴ്ച) സ്‌റോക്ക് ഓണ്‍ ട്രെന്റില്‍ ഓള്‍ യൂക്കെ സെവന്‍ എ സൈഡ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് സംഘടിപ്പിക്കുന്നു. മലയാളികളുടെ അഭിമാനവും ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും ആയ ഐ എം വിജയന്റെ സാന്നിദ്ധ്യത്തില്‍ ആയിരിക്കും ഈ കായിക മാമാങ്കം അരങ്ങേറുക. യൂകെ മലയാളികള്‍ക്കായി എന്നും നൂതന സംരഭങ്ങള്‍ കാഴ്ചവയ്ക്കുന്ന ഫോബ്മ , ഇത്തവണയും പതിവ് തെറ്റിച്ചിട്ടില്ല. ദേശീയ തലത്തില്‍ ആദ്യമായാണ് അന്താ രാഷ്ട്ര നിലവാരത്തില്‍ മലയാളികള്‍ക്കായി ഒരു സെവന്‍സ് ഫുട്‌ബോള്‍ ടൂര്‍ണമെന്റ് യൂക്കേയില്‍ ഒരുങ്ങുന്നത്. ഒപ്റ്റിമ പ്ലസ് നല്കുന്ന 500 പൌണ്ടിന്റെ കാഷ് അവാര്‍ഡും ട്രോഫിയും വിജയികള്‍ക്ക് ലഭിക്കുമ്പോള്‍ സ്‌പൈസസ് നെസ്റ്റ് സ്‌പോന്‍സര്‍ ചെയ്യുന്ന 250 പൌണ്ടിന്റെ കാഷ് അവാര്‍ഡും ട്രോഫിയും ആണു രണ്ടാം സ്ഥാനക്കാരെ കാത്തിരിക്കുന്നത്.

മുന്‍ ഇന്ത്യന്‍ ഫുട്‌ബോള്‍ താരവും അര്‍ജുന അവാര്‍ഡടക്കം ഒട്ടേറെ പുരസ്‌കാരങ്ങള്‍ നേടിയിട്ടുള്ള ഐ എം വിജയന്‍ എന്ന കായിക പ്രതിഭ ആയിരിക്കും ഫോബ്മയുടേ ആദ്യ ഫുട്‌ബോള്‍ ടൂര്‍ണമെന്റ് ഉത്ഘാടനം ചെയ്യുക. ‘കറുത്ത മുത്ത്’ എന്നറിയപ്പെടുന്ന ഈ കാല്പന്തു കളിയിലെ രാജകുമാരന്‍ ബൈചുങ്ങ് ബുഡിയയോടൊപ്പം ഇന്ത്യന്‍ ഫുട്‌ബോളിനെ ആഗോള പ്രശസ്തിയിലേക്കുയര്‍ത്തിയ കായിക പ്രതിഭ ആണ്. മോഹന്‍ ബഗാന്‍, കേരള പോലീസ്, എഫ് സി കൊച്ചിന്‍, ജെ സി റ്റി മില്‍സ്, ചര്‍ച്ചില്‍ ബ്രദേഴ്‌സ്, ഈസ്റ്റ് ബംഗാള്‍, തുടങ്ങിയ പ്രമുഖ ഫുട്‌ബോള്‍ ക്ലബ്ബുകളില്‍ കളിച്ചിട്ടുള്ള ഐ എം വിജയനില്‍ നിന്നും ട്രോഫി വാങ്ങാനുള്ള അസുലഭ ഭാഗ്യമാണ് ഫോബ്മ കായിക പ്രേമികള്‍ക്ക് വേണ്ടി ഒരുക്കിയിരിക്കുന്നത്. ജൂണ്‍ മാസത്തില്‍ ബര്‍മിങ്ങ്ഹാമില്‍ വച്ചു നടന്ന ഫോബ്മയുടെ രണ്ടാം സാഹിത്യോത്സവം അനുഗ്രഹീതമായത് വിശ്രുത സാഹിത്യകാരന്‍ പത്മശ്രീ കാവാലം നാരായണ പണിക്കരുടെ സാന്നിധ്യം കൊണ്ടായിരുന്നുവെങ്കില്‍ ആദ്യ സാഹിത്യോല്‍സവത്തിലെ മുഖ്യാതിഥി മലയാള സിനിമ കാരണവര്‍ പത്മശ്രീ മധു ആയിരുന്നു. ഫോബ്മയുടേ ആദ്യ നാഷണല്‍ കലോല്‍സവവും രാഷ്ട്രീയ സിനിമ രംഗത്തുള്ള പ്രമുഖരെ കൊണ്ടും ഉന്നത് നിലവാരം കൊണ്ടും യൂക്കെ മലയാളികളുടെ മനം കവര്‍ന്ന ഒരു പ്രോഗ്രാം ആയിരുന്നു. യൂക്കേയിലെ മലയാളി സമൂഹത്തിന്റെ കലാ കായിക സാഹിത്യാഭിരുചികളെ പരിപോഷിപ്പിക്കുന്നതിനായി രൂപം കണ്ട ഫോബ്മ എന്നും പുതുമയുള്ളതും വ്യത്യസ്തങ്ങളുമായ സംരംഭങ്ങള്‍ക്ക് തുടക്കം കുറിച്ചു കൊണ്ടാണു മുന്നേറുന്നത്. ഫോബ്മയുടെ നേതൃത്വത്തില്‍ അരങ്ങേറുന്ന എല്ലാ കലാ കായിക സാഹിത്യ പരിപാടികളും സംഘാടനത്തിലും സമയ ക്ലിപ്തതയിലും ഗുണമേന്മയിലും ഉന്നത നിലവാരം പുലര്‍ത്താറുണ്ട്.

ഓഗസ്റ്റ് മാസം മുപ്പതാം തീയതി ക്ക് മുന്‍പ് ടൂര്‍ണമെന്റില്‍ പങ്കെടുക്കുവാനഗ്രഹിക്കുന്നവര്‍ അവരവരുടെ ടീമിന്റെ പേരു രജിസ്റ്റര്‍ ചെയ്യേണ്ടതാണ്. അന്താരാഷ്ട്ര ഫുട്‌ബോള്‍ നിയമങ്ങള്‍ക്കനുസരിച്ചായിരിക്കും ടൂര്‍ണമെന്റ് നടത്തപ്പെടുക. ഒരു ടീമില്‍ പരമാവധി പത്തു പേരെ വരെ ഉള്‍പ്പെടുത്താം. മലയാളികള്‍ അല്ലാത്തവര്‍ക്കും കളിക്കാം എങ്കിലും കാലത്തില്‍ ഇറങ്ങുന്ന 7 പേരില്‍ നാല് പേര്‍ നിര്‍ബന്ധമായും മലയാളികള്‍ ആയിരിക്കണം. അതായത് മലയാളികള്‍ അല്ലാത്തവര്‍ പരമാവധി മൂന്ന് പേര്‍ മാത്രമേ ഒരു ടീമില്‍ ഉണ്ടാകുവാന്‍ പാടുള്ളൂ. ഓരോ ടീമും രജിസ്‌ട്രേഷന്‍ ഫീസ് ആയി £100.00 രജിസ്‌ട്രേഷന്‍ ഫോം നല്‍കുന്നതിനോടോപ്പം ഫോബ്മ ബാങ്ക് അക്കൌണ്ടില്‍ അടയ്‌ക്കേണ്ടതാണു. ടീം രജിസ്‌ട്രേഷന്‍ ഫോം, വിശദമായ മത്സര നിയമാവലി എന്നിവ താഴെ കൊടുത്തിരിക്കുന്ന ലിങ്കുകളില്‍ നിന്ന് ഡൌണ്‍ലോഡ് ചെയ്യുകയോ sports.fobma@gmail.com എന്ന ഈമെയിലില്‍ കൂടി ആവശ്യപ്പെടുകയോ ചെയ്യാവുന്നതാണ്.

ടൂര്‍ണമെന്റില്‍ പങ്കെടുക്കുന്നതിനായി പൂരിപ്പിക്കേണ്ട രജിസ്‌ട്രേഷന്‍ ഫോമിനായി ഇവിടെ ക്ലിക്ക് ചെയ്യുക

നിയമാവലിയും മറ്റു വിശദാംശങ്ങാള്‍ക്കും ഇവിടെ ക്ലിക്ക് ചെയ്യുക

പൂരിപ്പിച്ച രജിസ്‌ട്രേഷന്‍ ഫോം sports.fobma@gmail.com എന്ന ഈ മെയിലിലേക്കാണു ഓഗസ്റ്റ് മാസം മുപ്പതാം തീയതിക്ക് മുന്‍പേ അയയ്‌ക്കേണ്ടത് . ടൂര്‍ണമെന്റ് സംബന്ധമായ കൂടുതല്‍ വിവരങ്ങള്‍ ലഭിക്കുന്നതിനു, ഫോബ്മ കായിക വിഭാഗം കോര്‍ഡിനേറ്റര്‍ ജോഷി വര്‍ഗീസ് (ഫോണ്‍. 077 2832 4877), ടൂര്‍ണമെന്റ് കോര്‍ഡിനേറ്റര്‍ ജോര്‍ജോ ബ്ലസ്സന്‍ (ഫോണ്‍. 077 2936 3071) ഫോബ്മ പ്രസിഡന്റ് ഐസ്സക് ഉമ്മന്‍ ഫോണ്‍.: 077 7723 24510, ജനറല്‍ സെക്രട്ടറി ടോമി സെബാസ്‌റ്യന്‍ ഫോണ്‍.: 077 6665 5697 എന്നിവരെയോ info.fobma@gmail.com എന്ന ഈ മെയിലിലോ കോണ്ടാക്റ്റ് ചെയ്യാവുന്നതാണ്. Website : WWW.FOBMA.ORG

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.