1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee April 19, 2015

പ്രിയ യു കെ മലയാളി സുഹൃത്തുക്കളെ,

ഇക്കഴിഞ്ഞ 15 വര്‍ഷ കാലയളവിനുള്ളില്‍ യു കെ യിലേക്കുള്ള മലയാളി കുടിയേറ്റത്തില്‍ അധികവും ഇവിടത്തെ ആതുര സേവന രംഗത്തെ തൊഴില്‍ സാദ്ധ്യതകളെ ആസ്പദമാക്കി ആയിരുന്നല്ലോ. ഇന്നും കൃത്യമായ കണക്കുകള്‍ ലഭ്യമല്ല എങ്കിലും, 30000ല്‍ അധികം വരുന്ന മലയാളികള്‍ ഇവിടത്തെ നേഴ്‌സിംഗ്/ കെയറിംഗ് മേഖലകളില്‍ ആയി ജോലി ചെയ്തു വരുന്നുണ്ട്. ഇവിടത്തെ മറ്റു തൊഴില്‍ മേഖലകളിലേക്കും, രാഷ്ട്രീയ സാമൂഹിക രംഗങ്ങളിലേക്കും മലയാളികളുടെ സാന്നിദ്ധ്യം വ്യാപിപ്പിക്കുന്നതിന് തുടക്കമായതും മലയാളി നേഴ്‌സുമാരുടെ കുടിയേറ്റം തന്നെയാണ്. എന്നാല്‍, അഭിമാനത്തിന്റെ പ്രതീകമായ മലയാളി നേഴ്‌സിംഗ് സമൂഹത്തിന് അര്‍ഹിക്കുന്ന പ്രാധാന്യത്തെക്കാള്‍ ഉപരിയായി, അവഗണനയുടെയും, പീഡനത്തിന്റെയും, അധിക്ഷേപത്തിന്റെയും കഥകള്‍ ആയിരിക്കും കൂടുതല്‍ പറയാനുള്ളത്. അര്‍ഹിക്കുന്ന പ്രോമോഷനുകളും, ട്രെയിനിംഗ് കോഴ്‌സുകളും നിഷേധിക്കപ്പെടുകയോ, വഴിമാറി പോകുകയോ ചെയ്യുമ്പോള്‍ പ്രതികരിക്കുന്നവരെ എന്‍ എം സിയില്‍ റിപ്പോര്‍ട്ട് ചെയ്തും, ജോലിയില്‍ നിന്ന് സസ്‌പെന്‍ഡ് ചെയ്തും പീഡിപ്പിക്കുന്നതും വിരളമല്ല. ഇതിനെയെല്ലാം മറികടന്ന് അസൂയാവഹമായ നേട്ടങ്ങള്‍ കൈവരിച്ച മലയാളി നേഴ്‌സുമാര്‍ ഉണ്ട് എങ്കിലും വിരലില്‍ എണ്ണാവുന്നത്ര മാത്രമേ ഉള്ളൂ.

യു കെ യിലെ മലയാളി സമൂഹത്തിന്റെ പ്രധാന തൊഴില്‍ മേഖലയായ നേഴ്‌സിംഗ് ജോലി ചെയ്യുന്നവരുടെ പ്രശ്‌നങ്ങള്‍ ചര്‍ച്ച ചെയ്യുന്നതിനും, അവരുടെ സാമൂഹികവും വിദ്യാഭ്യാസപരവും, തൊഴില്‍പരവുമായ അഭിവൃദ്ധിക്ക് പരസ്പരമുള്ള അനുഭവങ്ങളും അറിവുകളും പങ്കുവച്ച് ഒന്നുചേര്‍ന്ന് ശ്രമിക്കുന്നതിനുമായി യുക്മയുടെ നേതൃത്വത്തില്‍ യുക്മ നേഴ്‌സസ് ഫോറം രൂപീകരിച്ച് പ്രവര്‍ത്തനമാരംഭിച്ചിരുന്നു. ശരിയായ ദിശയില്‍ ഇതിന്റെ പ്രവര്‍ത്തനങ്ങളെ ഏകോപിപ്പിക്കുന്നതിന് ആദ്യപടിയായി, മെയ് 2ന് ലിവര്‍പൂള്‍ മലയാളി കള്‍ച്ചറല്‍ അസോസിയേഷന്റെ (ലിംക) ആതിഥ്യത്തില്‍ ലിവര്‍പൂള്‍ ബ്രോഡ്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂളില്‍ വച്ച് ഒരു ദേശീയ കണ്‍വെന്‍ഷന്‍ വിളിച്ചിരിക്കുന്ന വിവരം എല്ലാവരും അറിഞ്ഞിരിക്കുമല്ലോ. ജാതിയുടെയോ,മതത്തിന്റെയോ, സംഘടനകളുടെയോ അതിര്‍വരമ്പില്‍ നില്‍ക്കാതെ; മലയാളി എന്നും, നേഴ്‌സ് എന്നും മാത്രമുള്ള വികാരം ഉള്‍ക്കൊണ്ടുകൊണ്ട് പരമാവധി മലയാളികള്‍ ഈ ഏകദിന കണ്‍വെന്‍ഷനില്‍ പങ്കെടുക്കണമെന്നും ഭാഗഭാക്കുകള്‍ ആകണമെന്നും ഞാന്‍ അഭ്യര്‍ത്ഥിക്കുകയാണ്.

ഈ കണ്‍വെന്‍ഷന്റെ നടത്തിപ്പിനായി പ്രവര്‍ത്തിക്കുന്ന ലിംക ചെയര്‍പേഴ്‌സന്‍ തോമസ് ജോണ്‍ വാരികാട്ട്, യുക്മ ദേശീയ ഉപാധ്യക്ഷ ശ്രീമതി ആന്‍സി ജോയ് , ശ്രീമതി രേഖ കുര്യന്‍, ശ്രീമതി മായ മാത്യു., ശ്രീ ബിജു പീറ്റര്‍, ശ്രീ എബ്രഹാം ജോസ് എന്നിവര്‍ അടങ്ങുന്ന കമ്മിറ്റിയെ അവരുടെ എല്ലാ പ്രവര്‍ത്തനങ്ങള്‍ക്കും പൂര്‍ണ്ണ പിന്തുണ നല്‍കി ഈ പരിപാടി വിജയിപ്പിക്കണമെന്ന് എല്ലാവരോടും അഭ്യര്‍ത്ഥിക്കുന്നു. മലയാളി നേഴ്‌സിംഗ് സമൂഹം ഒറ്റപ്പെട്ട ശബ്ദങ്ങളായി മാറാതെ കരുത്തുറ്റ സംഘടനാ ശബ്ദമാകുന്നതിന്റെ തുടക്കമാകട്ടെ മെയ് 2ലെ കണ്‍വെന്‍ഷന്‍ എന്ന ആശംസയോടെ

അഡ്വ ഫ്രാന്‍സീസ് മാത്യു കവളക്കാട്ടില്‍ (യുക്മ നാഷണല്‍ പ്രസിഡന്റ്്)

വേദിയുടെ വിലാസം : ബ്രോട്ഗ്രീന്‍ ഇന്റര്‍നാഷണല്‍ സ്‌കൂള്‍, ഹീലിയേഴ്‌സ് റോഡ്, ഓള്‍ഡ് സ്വാന്‍, ലിവര്‍പൂള്‍ L13 4DH

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.