1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 19, 2015


ചാനലുകളുടെയും ഇലക്ട്രോണിക് മാധ്യമങ്ങളുടെയും സോഷ്യല്‍ നെറ്റ്വര്‍ക്കിങ് സൈറ്റുകളുടെയും കടന്നുകയറ്റം വായനാ ശീലത്തെ ഇല്ലാതാക്കി കൊണ്ടിരിക്കുന്ന ഈ കാലത്ത് നല്ല വായനയ്ക്കുള്ള സൗകര്യമൊരുക്കി അതിനുള്ള ബുക്കുകളെയും ആനുകാലികങ്ങളെയും പരിചയപ്പെടുത്താന്‍ മലയാളികള്‍ക്കായി ഒരു ഓണ്‍ലൈന്‍ വായനശാല തുറക്കുക എന്ന ആശയം വഴി ആരംഭിച്ചതാണ് ‘അഥേനീയം അക്ഷര ഗ്രന്ഥാലയം’.

സംസ്‌കാരത്തിന്റെ, പ്രകൃതിയുടെ, അദ്ധ്വാനത്തിന്റെ ഒരുമയുടെ കലകളുടെ, സര്‍വ്വോപരി മനസ്സിന്റെയും ശരീരത്തിന്റെയും നിറവാര്‍ന്ന ഓണം വരവായി. പൂത്തുമ്പികളും പൂവിളികളും നിറഞ്ഞ ഈ ഓണക്കാലത്ത് ‘അഥേനീയം അക്ഷര ഗ്രന്ഥാലയം’ പ്രമുഖ പ്രസാധകരായ കോട്ടയം DC Booksന്റെ സഹകരണത്തോടെ നടത്തുന്ന ‘സാഹിത്യ രചനാ ശില്‍പ്പശാലയിലേക്ക്’ കൃതികള്‍ ക്ഷണിക്കുന്നു. കവിതാരചനയിലും കഥാരചനയിലും ആണ് കൃതികള്‍ ക്ഷണിക്കുന്നത്.

ഇത് ഒരു മല്‍സരമായിട്ടല്ല നടത്തുന്നത്. മികച്ച കൃതികള്‍ കണ്ടെത്തുക അതിനു ഉപഹാരം നല്കുക എന്നുള്ളതാണ് രീതി. നിങ്ങളുടെ സാഹിത്യ വാസനയെ തേച്ച് മിനുക്കിയെടുക്കുവാന്‍ അക്ഷരഗ്രന്ഥാലയം നടത്തുന്ന ഒരു എളിയ കാല്‍വെയ്പ്പ്.

നിബന്ധനകള്‍:
മുന്‍പ് പ്രസിദ്ധീകരിക്കാത്ത രചനകളാണ് പരിഗണിക്കുക. വിഷയം എന്തുമാവാം. ഒരാള്‍ക്ക് ഒരു വിഭാഗത്തില്‍ ഒരു രചന മാത്രമേ അയക്കുവാന്‍ പാടുള്ളൂ. രചനകള്‍ മലയാളത്തില്‍ റ്റൈപ്പ് ചെയ്തതായിരിക്കണം. യൂണിക്കോഡ് ഫോണ്ടുകളില്‍ റ്റൈപ്പ് ചെയ്തവയാണ് അഭികാമ്യം. 5 പേജില്‍ കവിയാത്ത (500 വാക്ക്) കഥയും 40 വരിയില്‍ കവിയാത്ത കവിതയുമാണ് ക്ഷണിക്കുന്നത്.
ലഭിക്കുന്ന കൃതികള്‍ സാഹിത്യമേഖലയിലെ പ്രമുഖര്‍ വിലയിരുത്തും. തിരഞ്ഞെടുക്കപ്പെടുന്ന മികച്ച കൃതികള്‍ക്ക് DC Booksന്റെ ഓണ ഉപഹാരം ലഭിക്കുന്നതാണ്. യൂക്കേയിലുള്ള മലയാളികള്‍ക്ക് വേണ്ടിയാണ് ഈ സാഹിത്യ രചനാ ശില്‍പ്പശാല നടത്തുന്നത് എന്നു ഓര്‍മ്മിപ്പിക്കട്ടെ. കൃതികള്‍ കിട്ടേണ്ട അവസാന തീയതി 2015 സെപ്റ്റംബര്‍ 6. അയക്കേണ്ട വിലാസം ukvayanasala@gmail.com

എന്തുകൊണ്ടാണ് അക്ഷര ഗ്രന്ഥാലയം ഇങ്ങനെയൊരു സാഹിത്യ രചന ശില്‍പ്പശാല സംഘടിപ്പിക്കുന്നത്?
എഴുത്ത് എല്ലാവരിലും ഉള്ള ഒരു കഴിവാണ്. അത് സ്വയം തിരിച്ചറിഞ്ഞ് തേച്ചു മിനുക്കി പൂര്‍ണ്ണമായ നിലയില്‍ കൊണ്ടുവരേണ്ടത് ഓരോ ആളുടെയും കടമയാണ്. അതിനു എഴുത്തിനെ സ്‌നേഹിക്കുകയും അല്പ്പം സമര്‍പ്പണം നല്കുകയും ആണ് വേണ്ടത്. ഓരോ വ്യക്തിക്കും ഒരു ഇരിപ്പിടം ഉള്ള മേഖല ആണ് സാഹിത്യ രചന. അവിടെ സ്വപ്രയത്‌നം കൊണ്ട് എത്തിച്ചേരുക എന്നതാണ് ആവശ്യം. ഇവിടെയാണ് അക്ഷരഗ്രന്ഥാലയം നടത്തുന്ന ഈ സാഹിത്യ രചനാ ശില്‍പ്പശാലയുടെ പ്രസക്തിയും. ജീവിതാനുഭവങ്ങളാണ് എഴുത്തുകാരനെ സൃഷ്ടിക്കുന്നത്. ബാഹ്യവും ആന്തരികവുമായ അനുഭവങ്ങളാണ് എഴുത്തായി പലപ്പോഴും പരിണമിക്കുന്നത്. അതിനായി ഓരോ എഴുത്തുകാരനോ എഴുത്ത്കാരിയോ എഴുത്തില്‍ സ്വന്തം ശൈലികള്‍ കണ്ടെത്തുകയും തന്ത്രങ്ങള്‍ പ്രയോഗിക്കുകയും ചെയ്യണം. ജീവിതവൃത്തി എന്തായാലും വാക്കുകളുടെ മോഹവലയത്തില്‍ വീണ് സര്‍ഗ സാഹിത്യ രചന ഹൃദയ താളമാക്കിയവര്‍ക്ക് ഈ സാഹിത്യ രചനാ ശില്പശാല ഒരു പുത്തന്‍ അനുഭവമായിരിക്കും.

എന്താണ് അഥേനീയം അക്ഷര ഗ്രന്ഥാലയം?
ആധുനിക വിവര ശാസ്ത്ര സാങ്കേതികതയിലൂടെ വളര്‍ന്ന് പന്തലിച്ച ഡിജിറ്റല്‍ യുഗത്തിന്റെ ഈ കാലത്ത് തിരക്കുകളുടെ തിരത്തള്ളലില്‍ ഉറകെട്ട് പോകുന്ന മലയാളിയുടെ വായനാശീലവും സാഹിത്യവാസനയും രചനാ വൈഭവവും വീണ്ടും ഉയര്‍ത്തിക്കൊണ്ട് വരുവാനാണ് ‘അഥേനീയം അക്ഷരഗ്രന്ഥാലയം’ എന്ന ഓണ്‍ലൈന്‍ വായനശാല എന്ന ആശയത്തിന് രൂപം കൊടുത്തത്. ഒരുകാലത്ത് നമ്മളെയെല്ലാം അറിവിന്റെയും സംസ്‌കാരത്തിന്റെയും സംസ്‌കൃതിയുടെയും ലോകത്തേക്ക് കൈപിടിച്ച് നടത്തിയ ഗ്രാമീണ വായനശാലയുടെ പൈതൃകം ഈ തലമുറയ്ക്കും വരും തലമുറയ്ക്കും പകര്‍ന്ന് കൊടുക്കുക പുതിയതും പഴയതുമായ സാഹിത്യ കൃതികളെയും, മറ്റും പ്രസിദ്ധീകരണങ്ങളെയും പ്രവാസികളും സ്വദേശികളുമായ മലയാളികള്‍ക്ക് പരിചയപ്പെടുത്തുക സാഹിത്യ വാസനകളെ പരിപോഷിപ്പിക്കുക എന്നുള്ളതുമാണ് ഈ പ്രവര്‍ത്തനം കൊണ്ട് ഉദ്ദേശിക്കുന്നത്.

അഥേനീയം അക്ഷര ഗ്രന്ഥാലയം ഫെയ്‌സ്ബുക്ക് പേജ് https://www.facebook.com/groups/1464857217130870/

പ്രമുഖ പ്രസാധകരായ DC ബുക്‌സിന്റെയും കറന്റ് ബുക്‌സിന്റെയും മാനേജിങ് ഡയറക്റ്ററായ രവി ഡീ സീയാണ് ഈ ഓണ്‍ലൈന്‍ ലൈബ്രറിക്ക് ‘അക്ഷര ഗ്രന്ഥാലയം’ എന്ന പേര് നിര്‍ദ്ദേശിച്ചത്. യുക്കെ സാഹിത്യമേഖലയിലെ പ്രമുഖനായ മുരുകേഷ് പനയറ ഉല്‍ഘാടനം ചെയ്ത അഥേനീയം അക്ഷര ഗ്രന്ഥാലയത്തില്‍ അനവധി ആളുകള്‍ ഇതിനകം പങ്കുകാരായി.

എങ്ങനെ ഇത് പ്രവര്‍ത്തിക്കുന്നു?
വളരെ ലളിതമാണ് ഇതിന്റെ പ്രവര്‍ത്തനം. തങ്ങളുടെ കൈവശമുള്ളത്തും മറ്റുള്ളവര്‍ക്ക് വായിക്കുവാന്‍ കൊടുക്കാന്‍ താല്‍പ്പര്യമുള്ളതുമായ സാഹിത്യ കൃതികള്‍ അഥേനീയം അക്ഷര ഗ്രന്ഥാലയം ഫെയ്‌സ്ബുക്ക് പേജില്‍ നിങ്ങള്‍ പോസ്റ്റു ചെയ്യുക. അങ്ങനെ ബുക്കുകളുടെ ഒരു ഓണ്‍ലൈന്‍ ഇണ്ടെക്‌സ് ഉണ്ടാക്കുന്നു. ബുക്കുകള്‍ വായിക്കുവാന്‍ താല്‍പ്പര്യമുള്ള സാഹിത്യസ്‌നേഹികള്‍ അതാത് വ്യക്തികളെ സമീപിക്കുന്നു. ഇവിടെ ‘അഥേനീയം അക്ഷരഗ്രന്ഥാലയം’ ഒരു മാധ്യമമായി വര്‍ത്തിക്കുക മാത്രമേയുള്ളൂ.
വായനയെയും സാഹിത്യവാസനയെയും കൂടുതല്‍ ജനകീയമാക്കുവാനുള്ള ഈ പ്രവര്‍ത്തനത്തില്‍ പങ്കുകാരകുവാന്‍ എല്ലാവരെയും ഹൃദയപൂര്‍വ്വം ക്ഷണിക്കുന്നു

 

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.