1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee March 22, 2015

ജിജോ വാളിപ്ലാക്കീല്‍, പി.ആര്‍.ഒ.

യുക്മ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ നടത്തിയ പ്രവര്‍ത്തനോദ്ഘാടന മഹാമഹം, വ്യത്യസ്തതകൊണ്ടും അവതരണ പുതുമകൊണ്ടും യുകെ മലയാളികളുടെയാകെ ശ്രദ്ധയാകര്‍ഷിച്ചു.

ന്യുജെനറേഷന്‍ മുതല്‍ മുതിര്‍ന്നവര്‍വരെ ഒരേപോലെ ആസ്വദിക്കുകയും മതിമറന്ന് അഭിനയിക്കുകയും ചെയ്ത കലാപരിപാടികളാണ് ഹണ്ടിങ്ങ്ടണില്‍ ഇന്നലെ അരങ്ങേറിയത്. ഹണ്ടിങ്ങ്ടണ്‍ മലയാളി അസ്സോസിയേഷനും പാപ്‌വര്‍ത്ത് മലയാളി അസ്സോസിയേഷനും സംയുക്തമായി സംഘടിപ്പിച്ചതായിരുന്നു ഈ പുതുമയാര്‍ന്ന പ്രവര്‍ത്തനോദ്ഘാടനം.

മനോഹരമായ അവതരണ നൃത്തത്തോടെയാണ് പരിപാടികള്‍ ആരംഭിച്ചത്. പിന്നീടങ്ങോട്ട് വിശ്രമം ഇല്ലായിരുന്നുവെന്നുതന്നെ പറയാം. ക്ലാസ്സിക്കല്‍ നൃത്തരൂപങ്ങളും ആധുനിക സിനിമാറ്റിക് ഡാന്‍സുകളും മാറിമാറി വേദിയിലെത്തിയപ്പോള്‍ അതെല്ലാം തിങ്ങിനിറഞ്ഞ മലയാളി സദസ്സ് മനസ്സുനിറഞ്ഞ് ആസ്വദിക്കുകയും ചെയ്തു. കാണികളുടെ കൈയടിയേറെ ഏറ്റുവാങ്ങിയ ആന്‍ മേരി ജോജോയും സ്‌നേഹ സജിയും അവതരിപ്പിച്ച നൃത്തവും പ്രത്യേകം ശ്രദ്ധയാകര്‍ഷിച്ചു.

കലാപ്രകടനങ്ങള്‍ ഏകദേശം പാതിവഴിക്കെത്തിയപ്പോളായിരുന്നു മഹാമഹത്തിന്റെ ഉദ്ഘാടനം. യുക്മ പ്രസിഡന്റ് അഡ്വ. ഫ്രാന്‍സിസ് കവളക്കാട്ടിലും ഹണ്ടിങ്ങ്ടണ്‍ മേയറായ ബില്‍ ഹെര്‍സ്ലിയും ചേര്‍ന്ന് തിരികൊളുത്തി പ്രവര്‍ത്തനോദ്ഘാടനം നിര്‍വ്വഹിച്ചു. അതോടെ യുകെയിലെ യുക്മ അസ്സോസിയേഷനുകള്‍ നടത്തുന്ന ആദ്യത്തെ പ്രവര്‍ത്തനോദ്ഘാടന മഹാമഹമായും ഈസ്റ്റ് ആംഗ്ലിയന്‍ മേള മാറി.

കേരളത്തിന്റെ മാത്രം സ്വന്തമായ ചെണ്ടമേളം മേയര്‍ക്കും കാണികള്‍ക്കും ഒരേപോലെ കൌതുകവുമായി. കേരളത്തിലെ ഒരു ഉത്സവപ്പറമ്പില്‍ എത്തിച്ചേര്‍ന്ന പ്രതീതിയായിരുന്നു കൊട്ടിക്കയറിയ മേളപ്പെരുക്കം സമ്മാനിച്ചത്. കൈയും തലയുമാട്ടിത്തന്നെ ചെണ്ടമേളം ആസ്വദിച്ച പലരുടേയും മനസ്സ് ഏറെനേരത്തേക്ക് കേരളത്തിലെ ഗൃഹാതുര ഓര്‍മ്മകളിലേക്ക് മടങ്ങിയോയെന്ന് സംശയം.

മോഡേണ്‍ ഡാന്‍സും ക്ലാസ്സിക്കല്‍ നൃത്തവും ഇഴചേര്‍ന്ന, ഒരു മാരത്തോണ്‍ നൃത്തസംഗീത പ്രകടനമായിരുന്നു പിന്നീട്. ഒന്നിനുപിന്നാലെ ഒന്നെന്നവണ്ണം അനവധി ഡാന്‍സുകള്‍ അരങ്ങേറി. ദ്രുതതാളത്തിനൊപ്പിച്ച് ഇമ്പമേറിയ മോഡേണ്‍ ചുവടുകള്‍വെച്ച്, വര്‍ണ്ണങ്ങള്‍ വാരിവിതറി ഇപ്‌സ്വിച്ച് ഗേള്‍സ് നടത്തിയ പ്രകടനം വിസ്മയാവഹമായിരുന്നു. നോര്‍വിച്ച് മലയാളി അസ്സോസിയേഷനിലെ കുട്ടികളുടെ പരമ്പരാഗത ക്ലാസ്സിക് നൃത്തങ്ങളും ഏറെ ഹൃദ്യമായി.

ജാസ് ലൈവ് ഡിജിറ്റല്‍ അവതരിപ്പിച്ച ഗാനമേളയും മികച്ച നിലവാരം പുലര്‍ത്തി. പ്രത്യേക ക്ഷണിതാവായ് എത്തിയ യുക്മ മിഡ്‌ലാന്‍ഡ്‌സ് എക്‌സിക്യൂട്ടീവ് അംഗം അനീഷ് ആലപിച്ച ഗാനവും കാണികള്‍ ഹര്‍ഷാരവത്തോടെ എതിരേറ്റു. മൂന്നുമണിക്കൂറോളം സമയം എല്ലാംമറന്ന് ആസ്വദിക്കുവാന്‍ കഴിയുന്നതായിരുന്നു സ്റ്റേജില്‍ അരങ്ങേറിയ കലാപ്രകടനങ്ങളെല്ലാം. ഹണ്ടിങ്ങ്ടന്‍ മലയാളികള്‍ക്കൊപ്പം അടുത്ത സ്ഥലങ്ങളില്‍നിന്നും എത്തിയ മലയാളികള്‍ക്കും മനംനിറഞ്ഞ് മനോഹരമായൊരു കലാവിരുന്ന് ആസ്വദിക്കുവാനും കഴിഞ്ഞു. യുക്മ ദേശീയ കലാമേളകളില്‍ നിരവധി തവണ ഒന്നാം സമ്മാനം കരസ്ഥമാക്കി റീജിയണിന്റെ അഭിമാനമായ ഇപ്‌സ്വിച്ച് ഗേള്‍സ് ബ്രിട്ടീഷ് പത്രം സ്‌പോണ്‍സര്‍ ചെയ്ത പ്രത്യേക അവാര്‍ഡ് യുക്മ പ്രസിഡന്റില്‍ നിന്നൂം ഏറ്റുവാങ്ങി.

വൈവിധ്യമാര്‍ന്ന കലാപരിപാടികള്‍ രസച്ചരടുപൊട്ടാതെ കോര്‍ത്തിണക്കി ആസ്വാദ്യകരമാക്കിയ സജീവ് അയ്യപ്പന്റേയും ജെന്നി ജോസിന്റെയും നേതൃത്വത്തിലുള്ള സംഘാടകര്‍ പ്രത്യേകം അഭിനന്ദനം അര്‍ഹിക്കുന്നു. ഇവര്‍ക്ക് പൂര്‍ണ്ണ പിന്തുണ നല്‍കിയ ഈസ്റ്റ് ആംഗ്ലിയ റീജിയന്‍ സെക്രട്ടറി ഓസ്റ്റിന്‍ അഗസ്റ്റിനും പരിപാടികളുടെ വിജയത്തില്‍ മുഖ്യ പങ്കുവഹിച്ചു. ഷെര്‍ലി എല്‍ദോ അടക്കമുള്ള അവതാരികയ്ക്കൂം കൃത്യതയോടെ കാര്യങ്ങള്‍ അവതരിപ്പിക്കുവാന്‍ സാധിച്ചു.

റീജിയന്‍ പ്രസിഡന്റ് രജ്ഞിത് കുമാറും കോ ഓര്‍ഡിനേറ്റര്‍ കുഞ്ഞുമോന്‍ ജോബും പ്രവര്‍ത്തനോദ്ഘാടന മഹാമഹത്തിന്റെ വിജയത്തില്‍ പങ്കാളികളായി. സാബു ജോസ്, മനോജ് ജോസഫ്, ഷിബു സ്‌കറിയ എന്നിവരും സംഘാടക മികവ് പ്രകടമാക്കി. ആംജെംസ് നെറ്റോ, ബിന്‍സ് കുര്യന്‍, മോഹനന്‍ പി.കെ എന്നിവരാണ് കുറ്റമറ്റരീതിയില്‍ സ്റ്റേജ് പ്രവര്‍ത്തനം നിയന്ത്രിച്ചത്.

ഫിജോ ആന്റണിയും ജസ്റ്റിനും റിജൊ തോമസും സാങ്കേതികകാര്യങ്ങളും മികവോടെ നിര്‍വ്വഹിച്ചു. സിബി ആന്റണിയും അനില്‍ തോമസുമായിരുന്നു റിസപ്ഷനിലിരുന്ന് കാര്യങ്ങള്‍ നിയന്ത്രിച്ചത്. റെജി തോമസിന്റെ നേതൃത്വത്തില്‍ തയ്യാറാക്കിയ വിഭവസമൃദ്ധവും സ്വാദിഷ്ടവുമായ ഡിന്നറും മികച്ചതായി.

യുക്മയുടെ റീജിയണല്‍ ഭാരവാഹികളായ വൈസ് പ്രസിഡന്റ് സണ്ണി മത്തായിയും ലിസ്സി ആന്റണിയും ഈസ്റ്റ് ആംഗ്ലിയ റീജിയണിന്റെ നാഷണല്‍ എക്‌സിക്യൂട്ടീവ് മെംമ്പര്‍ തോമസ് മാറാട്ടുകുളം, ജോയിന്റ് സെക്രട്ടറി ജെന്നി ജോസഫ്, ട്രഷറര്‍ അലക്‌സ് ലൂക്കോസ്, ജോയിന്റ് ട്രഷറര്‍ സിജോ സെബാസ്റ്റ്യന്‍, ആര്‍ട്‌സ് കൊ – ഓര്‍ഡിനേറ്റര്‍മാരായ ബാബു മങ്കുഴി, എബ്രഹാം ലൂക്കോസ്, പി.ആര്‍.ഒ. ജിജോ വാളിപ്ലാക്കീല്‍ എന്നിവരും ആദ്യന്തം പരിപാടികളില്‍ സന്നിഹിതരായിരുന്നു.
പുതുമയുടെയും ഒത്തൊരുമയുടെയും വ്യത്യസ്തമായ നിറക്കാഴ്ചകള്‍ യുകെ മലയാളികള്‍ക്കുമുന്നില്‍ സമ്മാനിച്ചാണ് ഈസ്റ്റ് ആംഗ്ലിയ പ്രവര്‍ത്തനോദ്ഘാടന മഹാമഹം കടന്നുപോയത്. യുക്മയുടെ മറ്റു റീജിയണുകളിലും മാറ്റത്തിന്റെ പ്രകാശം പരത്തുവാനും ആസ്വാദ്യകരമായ കലാപ്രകടനം കാഴ്ചവെയ്ക്കാനും ഇതുവഴിയൊരുക്കുമെന്നും പ്രതീക്ഷിക്കാം.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.