1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee May 21, 2011


വിവേക് നായര്‍

സ്വന്തമായി ഒരു വീട് എന്നത് ഏതൊരു മലയാളിയുടെയും സ്വപ്നമാണ്.ലോകത്തില്‍ എവിടെച്ചെന്നാലും എങ്ങിനെയെങ്കിലും ഒരു വീട് സ്വന്തമാക്കുക എന്നതായിരിക്കും മലയാളിയുടെ പ്രധാന ലക്ഷ്യങ്ങളില്‍ ഒന്ന്.കഴിഞ്ഞ ദശാബ്ദത്തിന്റെ ആദ്യ പകുതി മുതല്‍ യു കെയിലേക്ക് കുടിയേറാന്‍ തുടങ്ങിയ മലയാളിയുടെ മനോഭാവവും ഇതില്‍ നിന്നും തെല്ലും വ്യത്യസ്തമല്ല.പലരും ആദ്യ മൂന്ന് വര്‍ഷത്തിനുള്ളില്‍ തന്നെ ഉള്ള പണമെല്ലാം സ്വരുക്കൂട്ടി വീട് വാങ്ങി.എക്സ്ട്ര ഡ്യൂട്ടി ചെയ്തും ചെലവു ചുരുക്കിയും ഉണ്ടാക്കുന്ന പണം ഉപയോഗിച്ച് കഴിയുന്നതും വേഗം മോര്‍ട്ട്ഗേജ് അടച്ചു തീര്‍ത്ത് വീട് സ്വന്തമാക്കാനുള്ള തത്രപ്പാടിലാണ് ഓരോ യു കെ മലയാളിയും.

അതേസമയം 2007 -ന് ശേഷം വീട് വാങ്ങാന്‍ ആലോച്ചിരുന്നവരെ സംബന്ധിച്ചിടത്തോളം കണ്‍ഫ്യൂഷന്‍റെ നാളുകള്‍ ആയിരുന്നു കടന്നു പോയത്.2007 മുതല്‍ 2009 വരെ കുത്തനെ ഇടിഞ്ഞ വീടുവില 2010 തുടക്കം മുതല്‍ അനക്കം വച്ച് തുടങ്ങിയിരുന്നു. എന്നാല്‍ 2010 -ന്‍റെ അവസാന പകുതിയില്‍ വില വീണ്ടും കുറഞ്ഞ് പഴയ നിലയിലേക്ക് വന്നു.ഈ വര്‍ഷവും തുടരുന്ന വിലയിടിവിന് ഒരു അവസാനം കണ്ടിട്ട് മതി കൈയിലെ പണം തങ്ങളുടെ സ്വപ്നഗൃഹത്തില്‍ മുടക്കാന്‍ എന്നു കരുതി ആദ്യ വീട് വാങ്ങല്‍ നീട്ടി വച്ചിരിക്കുകയാണ് 2006 – ന് ശേഷം കുടിയേറിയ മലയാളികള്‍ . അതേസമയം ജോലി നഷ്ട്ടപ്പെട്ടതും മിച്ച വരുമാനം കുറഞ്ഞതും മോര്‍ട്ട്ഗേജ് ലഭിക്കുക ദുര്‍ഘടമായതും കുറെയാളുകളെ വീടെന്ന സ്വപ്നം നീട്ടിവയ്ക്കാന്‍ നിര്‍ബന്ധിതരാക്കിയിട്ടുണ്ട്.

എന്തായാലും സ്വന്തമായി വീട് വാങ്ങാത്തവരെ സംബന്ധിച്ചിടത്തോളം അല്പം ആശ്വാസം പകരുന്ന റിപ്പോര്‍ട്ട് പുറത്തു വന്നിരിക്കുന്നു.സാമ്പത്തിക മാന്ദ്യവും ജോലിയിലെ അരക്ഷിതാവസ്ഥയും മൂലം ബ്രിട്ടനില്‍ ആദ്യ വീട് സ്വന്തമാക്കുന്നവരുടെ ശരാശരി പ്രായം 38 വയസായിയെന്നാണ് പുതിയ കണക്കുകള്‍ പറയുന്നത്. ഇനി വീടില്ലാത്തവരില്‍ മൂന്നിലൊന്നു പേര്‍ക്കാകട്ടെ വീട് വാങ്ങാന്‍ യാതൊരു ഉദ്ദേശവുമില്ല താനും.യു കെയിലേക്ക് കുടിയേറിയ രണ്ടാം തലമുറ മലയാളിയുടെ ശരാശരി പ്രായം 38 -ല്‍ താഴെയാണെന്നുള്ളത് ഇനിയും വീടു വാങ്ങാത്തവര്‍ക്ക് ആശ്വാസകരമായ കാര്യമാണ് .

2007 -ല്‍ 14904 തരത്തിലുള്ള മോര്‍ട്ട്ഗേജ് പ്രൊഡക്ട്റ്റുകള്‍ ഉണ്ടായിരുന്നിടത്ത് കഴിഞ്ഞ വര്‍ഷം ഉണ്ടായിരുന്നത് 1200 -ല്‍ താഴെ മാത്രമായിരുന്നു.എന്നാല്‍ ഈ വര്‍ഷം അല്പം കൂടി 1581 എന്ന നിലയിലേക്ക് ഉയര്‍ന്നിട്ടുണ്ട്.അഞ്ചു വര്‍ഷം മുന്‍പ് ഡിപ്പോസിറ്റ് ഇല്ലാതെ മോര്‍ട്ട്ഗേജ് ലഭിച്ചിരുന്നെങ്കില്‍ ഇപ്പോള്‍ കുറഞ്ഞ പലിശ നിരക്കുള്ള മോര്‍ട്ട്ഗേജിനു കുറഞ്ഞത്‌ 20 ശതമാനം എങ്കിലും പണം കയ്യില്‍ നിന്നും മുടക്കണം.മിച്ച വരുമാനം കുറഞ്ഞ അവസ്ഥയില്‍ ഈ പണം കണ്ടെത്താനാവാത്തതിനാല്‍ വീടെന്ന മോഹം ഉപേക്ഷിക്കുകയാണ് മിക്കയാളുകളും.

എന്നാല്‍ വാടകനിരക്കില്‍ ഉണ്ടായ ഭീമമായ വര്‍ധന പലരെയും വീടു വാങ്ങാന്‍ പ്രേരിപ്പിക്കുന്നുമുണ്ട്.അതിനിടെ പലിശ നിരക്ക് കൂടുതലാണെങ്കിലും കുറഞ്ഞ ഡിപ്പോസിറ്റ് ആവശ്യമായ മോര്‍ട്ട്ഗേജ് പ്രൊഡക്ട്റ്റുകള്‍ അടുത്ത കാലത്ത് മാര്‍ക്കറ്റില്‍ വന്നു എന്നത് വീടു വാങ്ങുന്നവര്‍ക്ക് ആശ്വാസമാകുന്നുണ്ട്. 5 ശതമാനം ഡിപ്പോസിറ്റ് നല്‍കിയാല്‍ 5 .99 ശതമാനം പലിശനിരക്കില്‍ രണ്ടുവര്‍ഷത്തേക്ക് ഫിക്സഡ് മോര്‍ട്ട്ഗേജ് തരാന്‍ സ്കിപ്പ്ട്ടന്‍ ബില്‍ഡിംഗ് സൊസൈറ്റി തയ്യാറാണ്.(195 പൌണ്ട് ഫീ ബാധകം )

പത്തു ശതമാനം ഡിപ്പോസിറ്റിന് കൊടുത്താല്‍ ബ്രിട്ടാനിയ ബില്‍ഡിംഗ് സൊസൈറ്റി ഫീസില്ലാതെ 6 .19 ശതമാനം പലിശ നിരക്കില്‍ അഞ്ചു വര്‍ഷത്തേക്ക് ഫിക്സഡ് മോര്‍ട്ട്ഗേജ് തരും.ഇതേ ഡിപ്പോസിറ്റില്‍ 495 പൌണ്ട് ഫീസ്‌ കൊടുത്താല്‍ 5 .29 ശതമാനം പലിശയ്ക്കു സാന്‍ടാന്‍ദാറും 5 .39 ശതമാനം പലിശയ്ക്കു യോര്‍ക്ക്‌ഷയര്‍ ബില്‍ഡിംഗ് സൊസൈറ്റി രണ്ടുവര്‍ഷത്തേക്ക് ഫിക്സഡ് മോര്‍ട്ട്ഗേജ് തരും.ഇനി 20 ശതമാനം മുടക്കാന്‍ കയ്യില്‍ ഉണ്ടെങ്കില്‍ ലൌബറോ ബില്‍ഡിംഗ് സൊസൈറ്റിയില്‍ നിന്നും വെറും 3 .55 ശതമാനം പലിശയ്ക്കു രണ്ടുവര്‍ഷത്തേക്ക് ഫിക്സഡ് മോര്‍ട്ട്ഗേജ് കിട്ടും.മുന്‍പൊരിക്കല്‍ സൂചിപ്പിച്ചത് പോലെ ശരിക്കും കൂട്ടിക്കിഴിച്ചു നോക്കിയിട്ട് വേണം വീടു വിപണിയിലേക്ക് ചുവടു വയ്ക്കാന്‍.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.