1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee February 25, 2017

 

സ്വന്തം ലേഖകന്‍: ഇന്ത്യയിലേക്കുള്ള പുറംകരാര്‍ തൊഴില്‍, യു.എസ് പ്രസിഡന്റ് ഡൊണള്‍ഡ് ട്രംപും പ്രമുഖ കമ്പനികളുമായി നിര്‍ണായക ചര്‍ച്ച. കാറ്റര്‍പില്ലര്‍, യുണൈറ്റഡ് ടെക്‌നോളജീസ്, ഡാന, 3എം കോ, ജനറല്‍ ഇലക്ട്രിക് കമ്പനി എന്നീ പ്രകുഖ കമ്പനികളാണ് വിഷയത്തില്‍ ട്രംപുമായി ചര്‍ച്ച നടത്തുന്നത്. ഇവര്‍ സങ്കീര്‍ണമായ വിഷയത്തില്‍ പ്രസിഡന്റിന് ഉപദേശം നല്‍കുമെന്നാണ് സൂചന. മെക്‌സിക്കോ, ചൈന, ഇന്ത്യ തുടങ്ങിയ രാജ്യങ്ങളിലേക്ക് ഏറ്റവുമധികം കരാര്‍ ജോലികള്‍ നല്‍കുന്നത് ഈ അമേരിക്കന്‍ കമ്പനികളാണ്.

യു.എസ് പൗരന്മാരുടെ തൊഴില്‍ സുരക്ഷ സംബന്ധിച്ച് തെരഞ്ഞെടുപ്പ് കാലത്ത് ട്രംപ് നല്‍കിയ വാഗ്ദാനങ്ങള്‍ നടപ്പാക്കുന്നതിനാണ് കൂടിക്കാഴ്ചയെന്ന് വൈറ്റ് ഹൗസ് വ്യക്തമാക്കി. ഈ അഞ്ചു കമ്പനികള്‍ നല്‍കുന്ന പുറംകരാര്‍ ജോലിയെ തുടര്‍ന്ന് കഴിഞ്ഞ രണ്ടു വര്‍ഷത്തിനുള്ളില്‍ 2,300 യു.എസ് പൗരന്മാര്‍ക്കാണ് തൊഴില്‍ നഷ്ടപ്പെട്ടത് എന്നാണ് കണക്ക്. ട്രംപിന്റെ പ്രധാന തെരഞ്ഞെടുപ്പ് വാഗ്ദാനങ്ങളില്‍ ഒന്ന് നഷ്ടപ്പെട്ട ഈ തൊഴിലുകള്‍ തിരിച്ച് അമേരിക്കയില്‍ എത്തിക്കും എന്നതായിരുന്നു.

കമ്പനികള്‍ വിദേശത്തേക്ക് തൊഴില്‍ നല്‍കുന്നതിന്റെ സാഹചര്യമാണ് ട്രംപ് പ്രധാനമായും പരിഗണിക്കുക എന്നാണ് റിപ്പോര്‍ട്ടുകള്‍. എച്ച്1 ബി വിസ നല്‍കുന്നതിനുള്ള ശമ്പളപരിധി ഇരട്ടിയിലധികം (60,000 ഡോളറില്‍ നിന്ന് 1,30,000 ഡോളര്‍) വര്‍ധിപ്പിക്കാനുള്ള ബില്‍ അമേരിക്കന്‍ സെനറ്റില്‍ അവതരിപ്പിച്ച് ഇന്ത്യന്‍ കുടിയേറ്റക്കാര്‍ക്ക് കനത്ത ആഘാതം നല്‍കിയതിനു തൊട്ടുപിന്നാലെയാണ് പുറംകരാര്‍ തൊഴിലുകള്‍ക്കും ട്രംപ് സര്‍ക്കാര്‍ തടയിടുന്നത്. ഈ രണ്ടു കാര്യങ്ങളും 150 ബില്യണ്‍ ഡോളര്‍ വരുന്ന ഇന്ത്യന്‍ ഐ.ടി മേഖലയുടെ നടുവൊടിക്കുമെന്ന് ഉറപ്പാണ്.

ഇപ്പോള്‍ തന്നെ വളര്‍ച്ചാ മാന്ദ്യത്തില്‍ വലയുന്ന ഇന്ത്യന്‍ ഐടി ഭീമന്മാരായ ടാറ്റ കണ്‍സള്‍ട്ടന്‍സി സര്‍വീസസ്, ഇന്‍ഫോസിസ്, വിപ്രോ, എച്ച്.സി.എല്‍ ടെക്‌നോളജീസ് എന്നിവരെയാണ് ട്രംപിന്റെ നീക്കങ്ങള്‍ ഏറ്റവുമധികം ബാധിക്കുക. അമേരിക്കന്‍ പൗരന്മാരുടെ ജോലി സുരക്ഷിതത്വം ഉറപ്പാക്കുക എന്നാണ് ട്രംപിന്റെ വാദമെങ്കിലും ഇത്തരം ജോലികള്‍ ചെയ്യാനുള്ള അമേരിക്കക്കാരുടെ തൊഴില്‍ വൈദഗ്ദ്ധ്യ കുറവിനെ ഉയര്‍ത്തിക്കാട്ടി പ്രധിഷേധക്കാര്‍ രംഗത്തെത്തിയിട്ടുണ്ട്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.