ട്വന്റി 20 ചാമ്പ്യന്‍സ് ലീഗ് ബി ഗ്രൂപ്പില്‍ കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് തുടര്‍ച്ചയായി രണ്ടാം തോല്‍വി വഴങ്ങി. ടൂര്‍ണമെന്റിലെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ (188) കണ്ടെത്തിയ സതേണ്‍ റെഡ്ബാക്ക്‌സിനെതിരെ 19 റണ്‍സ് തോല്‍വിയാണ് കൊല്‍ക്കത്ത വഴങ്ങിയത്. ഗ്രൂപ്പ് ഘട്ടത്തിലെ ആദ്യ മത്സരത്തില്‍ ഇംഗ്ലണ്ട് ടീം സോമര്‍സെറ്റിനോടാണ് ഐ.പി.എല്‍ നാലാം സ്ഥാനക്കാര്‍ പരാജയപ്പെട്ടത്. സ്‌കോര്‍: റെഡ്ബാക്‌സ്: 20 ഓവറില്‍ അഞ്ചിന് 188. കൊല്‍ക്കത്ത നൈറ്റ് റൈഡേഴ്‌സ് 20 ഓവറില്‍ ഒമ്പതിന് 169.
ടോസ് നേടി ബാറ്റുചെയ്ത റെഡ്ബാക്ക്‌സ് കാലം ഫെര്‍ഗൂസിന്റെയും(70 നോട്ടൗട്ട്) ഡാനിയല്‍ ക്രിസ്റ്റിയ(42)ന്റെയും വെടിക്കെട്ടു ബാറ്റിങ്ങിലൂടെയാണ് ടൂര്‍ണമെന്റില്‍ ഇത്തവണത്തെ ഏറ്റവുമുയര്‍ന്ന സ്‌കോര്‍ പടുത്തുയര്‍ത്തിയത്.
ആദ്യ 10 ഓവറില്‍ രണ്ടു വിക്കറ്റിന് 73 റണ്‍സെടുത്ത റെഡ്ബാക്ക്‌സ് അവസാന 10 ഓവറില്‍ 115 റണ്‍സാണ് വാരിയത്. കൊല്‍ക്കത്ത ആക്രമണനിരയുടെ ഭാവനാശൂന്യമായ ബൗളിങ് അവസാന ഓവറുകളില്‍ അടിച്ചു തകര്‍ക്കാന്‍ ഓസീസ് താരങ്ങള്‍ക്ക് അവസരമേകി. ബ്രെറ്റ് ലീ, യൂസഫ് പഠാന്‍ എന്നിവര്‍ പത്തു റണ്‍സിനു മുകളില്‍ വഴങ്ങി. ആദ്യ മത്സരം തോറ്റ ഇരു ടീമുകള്‍ക്കും ഈ കളി നിര്‍ണായകമാണ്.
തുടക്കത്തില്‍ കരുതലോടെ കളിച്ച ഫെര്‍ഗൂസന്‍ പിന്നീട് ആളിക്കത്തുകയായിരുന്നു. ഫെര്‍ഗൂസന്റെ ചാമ്പ്യന്‍സ് ലീഗിലെ ഏറ്റവുമുയര്‍ന്ന സ്‌കോറാണ് ഉപ്പല്‍ രാജീവ് ഗാന്ധി സ്റ്റേഡിയത്തിലേത്. 70 പന്തു നേരിട്ട ഫെര്‍ഗൂസന്‍ അഞ്ചു ബൗണ്ടറിയും നാലു സിക്‌സറും പറത്തിയാണ് 70 റണ്‍സെടുത്തത്. നാലാം വിക്കറ്റില്‍ ഫെര്‍ഗൂസനും ക്രിസ്റ്റ്യനും ചേര്‍ന്ന് 7.2ഓവറില്‍ 84 റണ്‍സെടുത്തു. 27 പന്തു നേരിട്ട ക്രിസ്റ്റ്യന്‍ നാലു ബൗണ്ടറിയും രണ്ടു സിക്‌സറുമുള്‍പ്പെടെ 42 റണ്‍സ് നേടി. ഡാനിയല്‍ ഹാരിസ്(19 പന്തില്‍ 26), മൈക്കല്‍ ക്ലിങ്ങര്‍ (18 പന്തില്‍ 20) എന്നിവരാണ് മറ്റു പ്രധാന സ്‌കോറര്‍മാര്‍.
കൊല്‍ക്കത്തയ്ക്കുവേണ്ടി ബാലാജി 27 റണ്‍സിന് രണ്ടു വിക്കറ്റെടുത്തു. വമ്പന്‍ സ്‌കോര്‍ പിന്തുടര്‍ന്ന കൊല്‍ക്കത്തയ്ക്കുവേണ്ടി മനോജ് തിവാരിയും (31 പന്തില്‍ 40) റയാന്‍ ടെന്‍ ഡസ്‌ചേറ്റും (16 പന്തില്‍ 32) മാത്രമാണ് തിളങ്ങിയത്. റെഡ്ബാക്‌സിനുവേണ്ടി ഡാനിയേല്‍ ഹാരിസും ഗാരി പുട്‌ലന്‍ഡും മൂന്നുവിക്കറ്റ് വീതം വീഴ്ത്തി. മുന്‍നിര ബാറ്റ്‌സ്മാന്മാരായ ജാക് കാലിസ്, ഗൗതം ഗംഭീര്‍, യൂസഫ് പഠാന്‍ എന്നിവര്‍ ചെറിയ സ്‌കോറുകള്‍ക്ക് പുറത്തായതോടെ വിജയലക്ഷ്യം കൊല്‍ക്കത്തയില്‍നിന്ന് അകന്നു. ഡസ്‌ചേറ്റിന്റെ ബാറ്റിങ്ങാണ് തോല്‍വിഭാരം അല്പമെങ്കിലും കുറച്ചത്.










നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക
ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല