1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee August 10, 2022

സ്വന്തം ലേഖകൻ: കോവിഡിന് പിന്നാലെ ചൈനയില്‍ ലാംഗ്യ എന്ന പുതിയൊരു വൈറസിന്റെ സാന്നിധ്യം കൂടി സ്ഥിരീകരിച്ചിരിക്കുകയാണ്. നിലവില്‍ ചൈനയില്‍ ലാംഗ്യ ഹെനിപാവൈറസിന്റെ (Langya Henipavirus- LayV) സാന്നിധ്യം 35 പേരിലാണ് സ്ഥിരീകരിച്ചിരിക്കുന്നത്. മൃഗങ്ങളുമായി അടുത്തിടപഴകിയ ആളുകളെ നിരീക്ഷിച്ചപ്പോഴായിരുന്നു ലാംഗ്യ വൈറസിന്റെ സാന്നിധ്യം കണ്ടെത്തിയത്.

2018ല്‍ ചൈനയുടെ വടക്കുകിഴക്കന്‍ പ്രവിശ്യകളായ ഷാന്‍ഡോങ്, ഹെനാന്‍ എന്നിവിടങ്ങളിലായിരുന്നു ലാംഗ്യ വൈറസിന്റെ സാന്നിധ്യം ആദ്യമായി കണ്ടെത്തിയത്. കഴിഞ്ഞയാഴ്ച അവസാനമാണ് ഇത് ഔദ്യോഗികമായി സ്ഥിരീകരിച്ചത്. കിഴക്കന്‍ ചൈനയില്‍ പനിബാധിതരായ ആളുകളുടെ തൊണ്ടയിലെ സ്രവ സാമ്പിളുകളില്‍ നിന്നാണ് വൈറസ് കണ്ടെത്തിയത്. തായ്‌വാനിലെ സെന്റര്‍ ഫോര്‍ ഡിസീസ് കണ്‍ട്രോള്‍ (സി.ഡി.സി) ആണ് വൈറസ് സാന്നിധ്യം സ്ഥിരീകരിച്ചത്.

ക്ഷീണം, ചുമ, വിശപ്പില്ലായ്മ, പനി, ശരീരവേദന എന്നീ ലക്ഷണങ്ങള്‍ കണ്ട കര്‍ഷകരിലാണ് വൈറസ് സാന്നിധ്യം ആദ്യമായി കണ്ടെത്തിയത് എന്നാണ് റിപ്പോര്‍ട്ടുകള്‍ സൂചിപ്പിക്കുന്നത്. മറ്റുചിലരില്‍ രക്തകോശ രോഗങ്ങളുടെ ലക്ഷണങ്ങളും കരള്‍, വൃക്ക തകരാറുകള്‍ എന്നിവയുടെ ലക്ഷണങ്ങളും കാണിച്ചിട്ടുണ്ടെന്നും റിപ്പോര്‍ട്ടില്‍ പറയുന്നു.

തലവേദന, ഛര്‍ദ്ദി തുടങ്ങിയ ലക്ഷണങ്ങളും വൈറസ് ബാധിതരിലുണ്ടാകാം. വെളുത്ത രക്താണുക്കളുടെയും പ്ലേറ്റ്ലെറ്റുകളുടെയും എണ്ണം കുറയുക എന്നിവയും വൈറസ് ബാധ മൂലമുണ്ടാകുന്ന ആരോഗ്യപ്രശ്‌നങ്ങളാണ്. ചൈനയില്‍ ഇതുവരെ മരണമൊന്നും റിപ്പോര്‍ട്ട് ചെയ്തിട്ടില്ല. ദ ന്യൂ ഇംഗ്ലണ്ട് ജേണല്‍ ഓഫ് മെഡിസിന്റെ പഠനറിപ്പോര്‍ട്ട് പ്രകാരം ചെറിയ സസ്തനികളിലാണ് വൈറസ് കൂടുതലായും കാണപ്പെടുക. ഇങ്ങനെയുള്ള ജീവികളുമായി അടുത്തിടപഴകുന്ന മനുഷ്യരിലേക്ക് വൈറസ് പടരാന്‍ സാധ്യത കൂടുതലാണ്.

എന്നാല്‍ മനുഷ്യരില്‍ നിന്ന് മനുഷ്യരിലേക്ക് വൈറസ് പകരുമെന്ന് ഇതുവരെ സ്ഥിരീകരിച്ചിട്ടില്ലെന്ന് തായ്‌വാന്‍ സി.ഡി.സി ഡയറക്ടര്‍ പറഞ്ഞു. ദ ഗാര്‍ഡിയന്റെ റിപ്പോര്‍ട്ട് പ്രകാരം രണ്ട് ശതമാനം വളര്‍ത്തുആടുകളിലും അഞ്ച് ശതമാനം നായ്ക്കളിലും വൈറസ് സാന്നിധ്യം കണ്ടെത്തിയിട്ടുണ്ട്. വൈറസ് മൃഗങ്ങളിലും മനുഷ്യരിലും ഒരുപോലെ ഗുരുതര രോഗത്തിന് കാരണമാകുമെന്നും ഗവേഷകര്‍ പറയുന്നു. 40 മുതല്‍ 75 ശതമാനമാണ് മരണനിരക്ക്.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.