1 $ = 0 INR
1 € = 0  INR
AssociationSpiritualEntertainmentFamily & KidsImmigrationGreetingsCookeryClassifieds
Posted By: Nri Malayalee September 15, 2021

സ്വന്തം ലേഖകൻ: കോവാക്‌സിന് ലോകാരോഗ്യ സംഘടന ഉള്‍പ്പടെയുള്ള അംഗീകാരം ലഭിക്കാനുള്ള നടപടികള്‍ വൈകുന്നത് ചൂണ്ടിക്കാട്ടി പ്രവാസി ലീഗല്‍ സെല്‍ ഡല്‍ഹി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി സമര്‍പ്പിച്ചു. മെയ് മാസത്തില്‍ പ്രവാസി ലീഗല്‍ സെല്‍ സമര്‍പ്പിച്ച ഹര്‍ജിയില്‍, പ്രവാസികളുടെ വാക്സി നേഷന്‍ സംബന്ധിച്ച പ്രശ്നങ്ങള്‍ പരിഹരിക്കാന്‍ കേന്ദ്രസര്‍ക്കാരിന് ഡല്‍ഹി ഹൈക്കോടതി നിര്‍ദേശമുണ്ടായിട്ടും നടപടികള്‍ വൈകുന്നത് ചൂണ്ടിക്കാട്ടി.

കോവാക്‌സിന്‍ ഇന്ത്യയില്‍ നിന്ന് സ്വീകരിച്ചതിന്റെ പേരില്‍ ഇനിയും വിദേശയാത്ര നടത്താന്‍ സാധിക്കാത്ത പ്രവാസികളുടെ സാഹചര്യവും ഹര്‍ജിയില്‍ ഉന്നയിച്ചിട്ടുണ്ട്. മെയ് മാസത്തിലെ ഹൈക്കോടതി വിധിയുടെ അടിസ്ഥാനത്തില്‍ വാക്‌സിനേഷനുമായി ബന്ധപ്പെട്ട മറ്റു വിഷയങ്ങളില്‍ സര്‍ക്കാര്‍ വേണ്ട തീരുമാനമെടുക്കുകയും ചെയ്തിരുന്നു. എന്നാല്‍ കോവാക്‌സിന് മതിയായ അംഗീകാരം ലഭിക്കാത്ത പ്രശ്‌നം ഇപ്പോഴും ഉള്ളതിനാലാണ് കേന്ദ്ര സര്‍ക്കാരിനെതിരെ നടപടി ആവശ്യപ്പെട്ടുകൊണ്ട് ഡല്‍ഹി ഹൈക്കോടതിയില്‍ കോടതിയലക്ഷ്യ ഹര്‍ജി പ്രവാസി ലീഗല്‍ സെല്ലിനു വേണ്ടി ഗ്ലോബല്‍ പ്രസിഡന്റ് ജോസ് അബ്രഹാം ഹര്‍ജി സമര്‍പ്പിച്ചത്.

ഇതുവഴി കോ-വാക്‌സിന്‍ സ്വീകരിച്ച പ്രവാസികളുടെ പ്രശ്നങ്ങള്‍ ഉടന്‍ പരിഹരിക്കപ്പെടുമെന്ന് പ്രതീക്ഷിക്കുന്നതായി പ്രവാസി ലീഗല്‍ സെല്‍ ഭാരവാഹികള്‍ അഭിപ്രായപ്പെട്ടു. അതേസമയം പ്രവാസികൾക്ക് പ്രതീക്ഷ നൽകി കോവാക്സിന് ഈയാഴ്ച ലോകാരോഗ്യസംഘടനയുടെ അംഗീകാരം ലഭിച്ചേക്കുമെന്ന് റിപ്പോർട്ടുകളുണ്ട്. നേരത്തെ,77.8% ഫലപ്രാപ്തി വ്യക്തമാക്കുന്ന മൂന്നാംഘട്ട ക്ലിനിക്കൽ പരീക്ഷണത്തിന്റെ വിവരങ്ങൾ ഭാരത് ബയോടെക്ക് സർക്കാരിന്റെ സെൻട്രൽ ഡ്രഗ് സ്റ്റാന്റാർഡ് കൺട്രോൾ ഓർഗ നൈസേഷന്റെ സബ്ജക്ട് എക്സ് പേർട്ട് കമ്മിറ്റി(എസ്.ഇ.സി).ക്ക് സമർപ്പിച്ചിരുന്നു.

ഈയാഴ്ചക്കുള്ളിൽ ലോകാരോഗ്യ സംഘടനയുടെ എമർജെൻസി യൂസ് ലിസ്റ്റിംഗ് കോവക്സിൻ ലഭിക്കും. വാക്സിന് അന്താരാഷ്ട്ര അംഗീകാരം ലഭിക്കുമെന്നാണ് പ്രതീക്ഷിക്കുന്നത്. ഇതോടെ വിദേശ രാജ്യങ്ങളിലേക്ക് യാത്ര ചെയ്യുന്നവരുടെ ബുദ്ധിമുട്ട് കുറയും കോവിഡ് വർക്കിങ് ഗ്രൂപ്പ് ചെയർമാൻ എൻ.കെ. അറോറ പറഞ്ഞു.

നിങ്ങളുടെ അഭിപ്രായങ്ങള്‍ ഇവിടെ രേഖപ്പെടുത്തുക

ഇവിടെ കൊടുക്കുന്ന അഭിപ്രായങ്ങള്‍ എന്‍ ആര്‍ ഐ മലയാളിയുടെ അഭിപ്രായമാവണമെന്നില്ല

Comments are Closed.